കല്ലമ്പലം: ആശിച്ചു പിറന്ന നാല് ദിവസം മാത്രം പ്രായമുള്ള പിഞ്ചു മോൾ വീടെത്തിയില്ല; മുത്തശ്ശിക്കൊപ്പം യാത്രയായി. ദിവസങ്ങൾക്കുശേഷം അമ്മയും മരണത്തിനു കീഴടങ്ങി. രണ്ടു പേരുടെ മരണം നടന്ന മുറിവ് ഉണങ്ങുന്നതിനിടയിൽ അടുത്ത വേർപാട് കൂടി താങ്ങാൻ കഴിയാത്ത നിലയിലാണ് കുടുംബാംഗങ്ങൾ. ദേശീയപാതയിൽ പള്ളിപ്പുറത്തിനു സമീപം 18ന് രാത്രി നടന്ന അപകടത്തിൽ തകർന്നത് നാല് ജീവനാണ്.
മണമ്പൂർ കാരൂർക്കോണം പണയിൽ വീട്ടിൽ ശോഭ,മകൾ അനു,അനുവിന്റെ നാലു ദിവസം പ്രായമുള്ള പിഞ്ചു കുഞ്ഞ്,കാരൂർക്കോണത്ത് അമ്പാടിയിൽ വീട്ടിൽ സുനിൽ എന്നിവരാണ് അപകടത്തിൽ മരിച്ചവർ. ഇതിൽ അനു ചികിത്സയിൽ ഇരിക്കെ ഇന്നലെ രാവിലെ ആണ് മരിച്ചത്. ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
അനുവിന്റെ പ്രസവാനന്തരം നാലു ദിവസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെയും കൊണ്ട് കുടുംബാംഗങ്ങൾ സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. ഇനി ശേഷിക്കുന്നത് ശോഭയുടെ ഭർത്താവ് രാജു, അനുവിന്റെ ഭർത്താവ് മഹേഷ്, മകൻ മിഥുൻ എന്നിവരാണ്. കുടുംബ വീട്ടിൽ ഇവർ ഒരുമിച്ചായിരുന്നു താമസം.
തൊട്ടപ്പുറത്ത് പഞ്ചായത്ത് ലൈഫ് പദ്ധതിയിൽ നിന്ന് അനുവദിച്ച വീട് പൂർത്തിയായിക്കൊണ്ടിരിക്കുമ്പോഴാണ് വിധിയുടെ തിരിച്ചടി. വാർപ്പിനുള്ള പണികൾ നടന്നു വരികയായിരുന്നു. ഓണത്തിന് പാലുകാച്ചണം എന്നായിരുന്നു അനുവിന്റെയും മഹേഷിന്റെയും സ്വപ്നം. വെൽഡിങ് തൊഴിലാളിയായിരുന്നു മഹേഷ്. മണമ്പൂരിൽ ലോട്ടറി കച്ചവടം നടത്തിയിരുന്ന ശോഭയും വീടു പണിക്കു വേണ്ട സഹായങ്ങൾ ചെയ്തിരുന്നു.