എപ്പോഴും ക്ഷീണം തോന്നുന്നുവെങ്കിൽ നെല്ലിക്കയോടൊപ്പം ഇവ രണ്ടുംകൂടി ചേർത്തുള്ള ജ്യൂസ് കുടിക്കാം

Advertisement

നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണങ്ങൾ അത്യാവശ്യമാണ്. ശരീരത്തിന് ആവശ്യമായ, പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങളുടെ കുറവോ നിർജലീകരണം കാരണമോ, വേനൽചൂട് കാരണമോ ചിലരിൽ എപ്പോഴും ക്ഷീണം തോന്നാറുണ്ട്. ഇവ പതിവാകുകയാണെങ്കിൽ ഉണർവോടെയും ഉന്മേഷത്തോടെയും ജോലികൾ ചെയ്യാനോ വിദ്യാർത്ഥികൾ ആണെങ്കിൽ പഠനത്തിൽ ശ്രദ്ധ കൊടുക്കാനോ സാധിക്കാതെ വന്നേക്കാം. പതിവായുള്ള ക്ഷീണത്തിൽ നിന്ന് ആശ്വാസം ലഭിക്കാൻ നെല്ലിക്കയും ഇഞ്ചിയും കസ്കസും ചേർത്തുള്ള ജ്യൂസ് സഹായിക്കും.
പലവിധ ആരോഗ്യഗുണങ്ങളുള്ള ഭക്ഷണസാധനങ്ങളാണ് നെല്ലിക്കയും ഇഞ്ചിയും കസ്കസും. വൈറ്റമിൻ-സിയുടെ ഉറവിടമായ നെല്ലിക്ക രോഗ പ്രതിരോധശേഷിയെ മെച്ചപ്പെടുത്താൻ സഹായിക്കും. ഇതിലൂടെ പലവിധ അണുബാധകളെയും അസുഖങ്ങളെയും ചെറുക്കാനും തളര്‍ച്ചയെ മറികടക്കാനും സഹായിക്കും. ഇഞ്ചിക്കും ഇതേ ഗുണങ്ങളാണ് ഉള്ളത്. ഫൈബര്‍- പ്രോട്ടീൻ – ഒമേഗ 3 ഫാറ്റി ആസിഡുകള്‍ എന്നിവയുടെ മികച്ച സ്രോതസായ കസ് കസ് കഴിക്കുന്നതിലൂടെ ശരീരത്തിന് ഉന്മേഷവും ഉണർവുമുണ്ടാകും.
ഇവ മൂന്നും ചേർത്തുണ്ടാക്കുന്ന ജ്യൂസ് പതിവായി കുടിക്കുകയാണെങ്കിൽ ക്ഷീണം അകറ്റാൻ സാധിക്കും. ജ്യൂസിനായി ഒരു ടീസ്പൂണ്‍ കസ് കസ് വെള്ളത്തില്‍ കുതിർക്കാൻ വയ്ക്കണം. ഒന്നോ രണ്ടോ നെല്ലിക്കയും ഇഞ്ചിയും ഇളം ചൂടുവെള്ളത്തില്‍ കഴുകി വൃത്തിയാക്കിയെടുത്ത ശേഷം ചെറുതായി മുറിച്ച് അരച്ചെടുക്കണം. ശേഷം കുതിർന്ന കസ്കസ് ചേർത്ത് വെള്ളംകൂടി ചേർത്ത് ജ്യൂസ് രൂപത്തിലാക്കി കുടിക്കാം.
വൈറ്റമിനുകൾ, പോഷകങ്ങൾ, ധാതുക്കൾ തുടങ്ങിയ നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് നെല്ലിക്ക. ഔഷധ ഗുണങ്ങളാൽ സമ്പന്നമായ നെല്ലിക്ക നിരവധി രോഗങ്ങളുടെ ശമനത്തിനായി നമ്മുടെ നാട്ടിൽ ഉപയോഗിച്ചുവരുന്നുണ്ട്. വൈറ്റമിൻ -സി, ആന്‍റി ഓക്‌സിഡന്റുകൾ, വൈറ്റമിൻ-ബി, ഇരുമ്പ്, കാത്സ്യം എന്നിവ ധാരാളം അടങ്ങിയിട്ടുള്ള നെല്ലിക്ക ശരീരത്തിന്‍റെയും ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. നെല്ലിക്ക കഴിക്കുന്നതും നെല്ലിക്കയുടെ ജ്യൂസ് കുടിക്കുന്നതും ഒരുപോലെ ഗുണം ചെയ്യും.
നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ-സിയും മറ്റ് ആന്റി ഓക്സിഡന്റുകളും പ്രതിരോധശേഷി വർധിപ്പിക്കും ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയ നെല്ലിക്കയുടെ നീര് കുടിക്കുന്നത് കരളിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തും. വെറുംവയറ്റിൽ നെല്ലിക്കയുടെ നീര് കുടിക്കുന്നത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കും. നെല്ലിക്കയിൽ ധാരാളം ജലാംശമുള്ളതിനാൽ മൂത്രത്തിന്റെ ഉത്പാദനത്തിന് സഹായിക്കും. ഇതിലൂടെ ശരീരത്തിൽ നിന്ന് ദോഷകരമായ വിഷവസ്തുക്കളെ പുറന്തള്ളാനും വൃക്കയിലെ കല്ലുകൾ നീക്കം ചെയ്യാനും സാധിക്കുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.

Advertisement