അടൂരിൽ പാമ്പ് കടിയേറ്റ വിദ്യാർഥിയെ 50 മിനിറ്റിൽ തിരുവനന്തപുരത്ത് എത്തിച്ചു; സഹായമായത് ഗ്രീൻ കോറിഡോർ

Advertisement

അടൂർ: അടൂരിൽ പാമ്പ് കടിയേറ്റ എട്ടു വയസുകാരനെ ഗ്രീൻ കോറിഡോർ സംവിധാനത്തിന്റെ സഹായത്തോടെ 108 ആംബുലൻസിൽ തിരുവനന്തപുരത്ത് എത്തിച്ച് എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊടുമൺ പ്ലാന്റേഷൻ സ്വദേശിയായ വിദ്യാർഥിക്ക് തുടർ ചികിത്സ നൽകിവരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

ചൊവ്വാഴ്ച ഉച്ചയോടെയാണ് കൊടുമൺ പ്ലാന്റേഷൻ സ്വദേശിയായ എട്ടുവയസുകാരന് അണലിയുടെ കടി ഏൽക്കുന്നത്. ഉടൻ വീട്ടുകാർ കുട്ടിയെ അടൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. കുട്ടിയുടെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ആന്റി വെനം നൽകിയ ഡോക്ടർ കുട്ടിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചു. ഡോക്ടർ വിളിച്ചതോടെ കനിവ് 108 ആംബുലൻസ് പൈലറ്റ് രാജേഷ് ബാലൻ, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ശ്രീജിത്ത് എസ് എന്നിവർ ഉടൻ ജില്ലാ ആശുപത്രിയിൽ എത്തി. കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായതിനാൽ എത്രയും പെട്ടെന്ന് എസ്.എ.ടി ആശുപത്രിയിൽ എത്തിക്കുക എന്നതായിരുന്നു ദൗത്യം.

തുടർന്ന് ഇക്കാര്യം ആശുപത്രി എയ്ഡ് പോസ്റ്റിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതോടെ പൊലീസിന്റെ ഗ്രീൻ കോറിഡോർ സംവിധാനം വഴി ആംബുലൻസിന് സുഗമമായി കടന്നു പോകാൻ വേണ്ട സജ്ജീകരണങ്ങൾ ഒരുക്കുകയായിരുന്നു. വൈകിട്ട് 3.40ന് കുട്ടിയുമായി ആംബുലൻസ് അടൂരിൽ നിന്ന് തിരിച്ചു. ഏനാത്ത് മുതൽ തിരുവനന്തപുരം വരെ ആംബുലൻസിന് സുഗമമായി കടന്നു പോകാൻ പൊലീസ് ഗതാഗതം നിയന്ത്രിച്ചു. 4.30ന് ആംബുലൻസ് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ എത്തുകയും ഉടൻ തന്നെ കുട്ടിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു.

Advertisement