അമ്മയും സുഹൃത്തും 16 കാരന്റെ കൈ തല്ലിയൊടിച്ചു, കത്രിക കൊണ്ട് വരഞ്ഞു, കമ്പി വടി കൊണ്ട് തല്ലി; കൊടും ക്രൂരത

Advertisement

കൊച്ചി: കൊച്ചിയിൽ പതിനാറുകാരനെ അമ്മയും സുഹൃത്തും അമ്മൂമ്മയും ചേർന്ന് ക്രൂരമായി മർദ്ദിച്ചു. കമ്പിവടി കൊണ്ട് കൈ തല്ലിയൊടിക്കുകയും കത്രികകൊണ്ട് വരഞ്ഞ് മുറിവേൽപ്പിക്കുകയും ചെയ്തു. സംഭവത്തിൽ പതിനാറുകാരൻറെ അമ്മ രാജേശ്വരി(31), മുത്തശ്ശി വലർമതി (49), രാജേശ്വരിയുടെ സുഹൃത് സനീഷ് (32) എന്നിവരെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. സനീഷ് സ്ഥിരമായി വീട്ടിലെത്തുന്നത് മകൻ ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു മർദനം.

അമ്മയുടെ സുഹൃത്തായ സനീഷ് പതിവായി വീട്ടിൽ വരുമായിരുന്നു. ഇതിൽ അതൃപ്തിയിലായിരുന്ന മകൻ ഇക്കാര്യം ചോദ്യം ചെയ്തു. അമ്മയുടെ സുഹൃത്ത് പതിവായി വീട്ടിൽ വരുന്നത് തനിക്കിഷ്ടമില്ലെന്നും ഇനി വരരുതെന്നും പതിനാറുകാരൻ ആവശ്യപ്പെട്ടു. ഇതോടെ അമ്മ അമ്മൂമ്മയും സുഹൃത്തും ചേർന്ന് കുട്ടിയെ ക്രൂരമർദനത്തിന് ഇരയാക്കുകയായിരുന്നു. മർദ്ദനമേറ്റ് കുട്ടിയുടെ കൈ ഒടിഞ്ഞിട്ടുണ്ട്. ദേഹത്തും തോളിലും കമ്പിവടി കൊണ്ട് തല്ലിയ പാടുകളുണ്ട്. വാരിയെല്ലിൻറെ ഭാഗത്ത് കത്രിക കൊണ്ട് വരഞ്ഞു. ക്രൂരമായ പീഡനമാണ് കുട്ടിക്ക് നേരെ നടന്നതെന്ന് പൊലീസ് പറഞ്ഞു.

കുട്ടിയുടെ ഒരു കൈ പ്ലാസ്റ്റർ ഇട്ട നിലയിലും മറ്റൊരു കൈയ്യിൽ മർദ്ദനമേറ്റ് നീരുവന്ന നിലയിലുമാണ്. രാജേശ്വരിക്ക് മൂന്ന് മക്കളാണ് ഉള്ളത്. ഇതിൽ മൂത്ത മകനെയാണ് ഇവർ ക്രൂരമായി മർദിച്ചത്. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കുട്ടിയുടെ മുത്തച്ഛനാണ് ആശുപത്രിയിൽ എത്തിച്ചത്. മർദ്ദനമേറ്റ പരിക്കാണെന്ന് കണ്ടെത്തിയതോടെ ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് മാതാവിനെയും സുഹൃത്തിനെയും അമ്മൂമ്മയെയും അറസ്റ്റ് ചെയ്തത്.