അമ്മയുടെ വഴിവിട്ട ബന്ധം ചോദ്യം ചെയ്തതിന് 17കാരന് കിട്ടിയത് ക്രൂരപീഡനം,അമ്മയും കൂട്ടുകാരനും അമ്മൂമ്മയും അറസ്റ്റില്‍

Advertisement

കളമശേരി. അപഥസഞ്ചാരം ചോദ്യം ചെയ്തതിന് പതിനേഴുകാരനെ ഇരുമ്ബുവടിക്ക് അടിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ അമ്മയും കൂട്ടുകാരനും അമ്മൂമ്മയും അറസ്റ്റില്‍.

തമിഴ്‌നാട്ടുകാരായ വിടാക്കുഴ രണ്ടുസെന്റ് കോളനി അരിമ്ബാറ വീട്ടില്‍ രാജേശ്വരി (31), അമ്മ വളര്‍മതി (49), രാജേശ്വരിയുടെ സുഹൃത്ത് വയനാട് സുല്‍ത്താന്‍ ബത്തേരി ചാപ്പക്കൊല്ലി വീട്ടില്‍ സുനീഷ് (32) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

അമ്മ രാജേശ്വരിയും സുഹൃത്തുമായുള്ള ബന്ധം മകന്‍ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തെ തുടര്‍ന്ന് മര്‍ദിച്ചുവെന്നാണ് പൊലീസ് കേസ്. തിങ്കള്‍ രാവിലെ രാജേശ്വരി മകന്റെ നെഞ്ചിലും വയറിലും കത്രികയ്ക്ക് വരഞ്ഞു. വളര്‍മതി ഇരുമ്ബുവടികൊണ്ട് തലയിലും രണ്ട് കൈയിലും തോളിലും അടിക്കുകയുമായിരുന്നു. പതിനേഴുകാരന്റെ വലതു കൈപ്പത്തിയില്‍ രണ്ടു പൊട്ടലുണ്ട്. ഇരുകൈകളിലും തോളിലും പരിക്കുണ്ട്. വലതു ചെന്നിയില്‍ കടിയേറ്റ മുറിവുമുണ്ട്. മര്യാദയ്ക്ക് താമസിച്ചില്ലെങ്കില്‍ വീട്ടില്‍നിന്ന് ഇറക്കിവിടുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു അക്രമം. മര്‍ദനത്തെ തുടര്‍ന്ന് തിങ്കള്‍ വൈകിട്ട് കൂട്ടുകാരന്റെ സഹായത്തോടെ പതിനേഴുകാരന്‍ ആലുവ താലൂക്കാശുപത്രിയില്‍ ചികിത്സ തേടി.

പരിക്കിന്റെ സ്വഭാവം കണ്ടാണ് ഡോക്ടര്‍ കളമശേരി പൊലീസിന് വിവരം നല്‍കിയത്. കുട്ടിയെ മര്‍ദിച്ച ദിവസംതന്നെ അമ്മയും കാമുകനും ഹോട്ടലിലേക്ക് താമസം മാറി. ഇവിടെവച്ചാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ജനുവരിയില്‍ സുനീഷ് പതിനേഴുകാരനെ കഴുത്തില്‍ ഞെക്കി മതിലിനോട് ചേര്‍ത്തുപിടിച്ച് തലയ്ക്കും ശരീരം മുഴുവനും വടികൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചു. കാന്താരി മുളക് തീറ്റിക്കുകയും ചെയ്തതായി പറയുന്നു. കുട്ടിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.