ചൈനയിലെ കണ്ണാടിപ്പാലത്തിന്റെ ചെറിയ പതിപ്പായി തലസ്ഥാനത്തും ചില്ലുപാലം വരുന്നു. വിനോദ സഞ്ചാര വകുപ്പിന് കീഴിലാണ് സംസ്ഥാനത്ത് ആദ്യമായി ഗ്ലാസ് ബ്രിജ് ഒരുങ്ങാന്‍ പോകുന്നത്. തിരുവനന്തപുരത്തെ ആക്കുളം ടൂറിസ്റ്റ് വില്ലേജിലാണ് കണ്ണാടി പാലം ആരംഭിക്കാന്‍ പോകുന്നത്. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളും തുടങ്ങി. സഞ്ചാരികള്‍ക്ക് ആക്കുളത്ത് എത്തിയാല്‍ ഗ്ലാസ് ബ്രിഡ്ജ് അനുഭവം ആസ്വദിക്കാം.
2022 നവംബറിലാണ് ആക്കുളം സാഹസിക വിനോദ സഞ്ചാര പദ്ധതിയുടെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തത്. ആകാശ സൈക്കിളിങ് മുതല്‍ മ്യൂസിക്കല്‍ ഫൗണ്ടൈന്‍ വരെ ഒരുക്കിയാണ് ഇവിടെ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്. തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും യുവജന സഹകരണ സ്ഥാപനമായ വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് എന്റര്‍പ്രണേര്‍സ് കോ.ഒപ്പറേറ്റീ സൊസൈറ്റിയും സംയുക്തമായാണ് ആക്കുളം സാഹസിക വിനോദ സഞ്ചാര കേന്ദ്രത്തിന്റെ നടത്തിപ്പും പരിപാലനവും.
ആകാശ സൈക്ലിങ്, സിപ് ലൈന്‍ , ബര്‍മ ബ്രിഡ്ജ്, ബാംബൂ ലാടര്‍ തുടങ്ങി നിരവധി റൈഡുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. സാഹസിക റൈഡുകള്‍ക്കൊപ്പം ഇന്ത്യയിലെ ആദ്യത്തെ മ്യൂസിക്കല്‍ ഫയര്‍ ഫൗണ്ടനും ഇവിടെ തയാറാണ്. അക്കൂട്ടത്തില്‍ സഞ്ചാരികള്‍ക്ക് നവ്യാനുഭവമായിരിക്കും ചില്ലുപാലം. അക്കുളം ടൂറിസം വില്ലേജിലെ രണ്ടാം ഘട്ട പദ്ധതികളുടെ ഭാഗമായാണ് ഗ്ലാസ് ബ്രിഡ്ജ് വരുന്നത്. അതോടൊപ്പം ടോയ് ട്രെയിന്‍ സര്‍വീസ്, വെര്‍ച്വല്‍ റിയാലിറ്റി സോണ്‍, പെറ്റ്‌സ് പാര്‍ക്ക്, മഡ് റെയ്‌സ് കോഴ്‌സ് എന്നിവയും ആരംഭിക്കും.