കൊച്ചി: ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട് വിളിച്ചുവരുത്തി ഹണിട്രാപ്പിൽ കുടുക്കുന്ന രണ്ടുപേർ പൊലീസ് പിടിയിൽ. ഇൻസ്റ്റാഗ്രാം വഴി ബന്ധം സ്ഥാപിക്കും തുടർന്ന് മണിക്കൂറുകളോളം സെക്സ് ചാറ്റ് നടത്തി ഇരയെ വലയിൽ വീഴ്ത്തും. ശേഷം ഏതെങ്കിലും സ്ഥലത്തു വിളിച്ചുവരുത്തി ഹണി ട്രാപ്പിൽ കുടുക്കുന്ന സംഘമാണ് പിടിയിലായത്.
യുവാവിനെ ഹണി ട്രാപ്പിൽ കുടുക്കി പണം കവർന്ന കേസിലാണ് യുവതിയടക്കം രണ്ടുപേർ അറസ്‌റ്റിലായത്. കോഴിക്കോട് ചുങ്കം ഫറോക്ക് പോസ്‌റ്റിൽ തെക്കേപുരയ്‌ക്കൽ വീട്ടിൽ ശരണ്യ(20), സുഹൃത്ത് മലപ്പുറം വാഴക്കാട് ചെറുവായൂർ എടവന്നപ്പാറയിൽ എടശേരിപറമ്പിൽ വീട്ടിൽ അർജുൻ (22) എന്നിവരെയാണ് എറണാകുളം സൗത്ത് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ഇടുക്കി അടിമാലി സ്വദേശിയാണ് തട്ടിപ്പിനിരയായത്.
സംഭവം ഇങ്ങനെ…
രണ്ടാഴ്‌ച മുൻപ് പരാതിക്കാരന്റെ പേരിലുള്ള ഇൻസ്‌റ്റഗ്രാം ഐഡിയിൽ ഒന്നാം പ്രതിയായ യുവതി ഫ്രണ്ട് റിക്വസ്‌റ്റ് അയച്ചു. ഇരുവരും സുഹൃത്തുക്കളാകുകയും സെക്‌ഷ്വൽ ചാറ്റുകൾ നടത്തി വരികയുമായിരുന്നു. പിന്നീട് യുവതിയും സുഹൃത്തുക്കളായ മറ്റു പ്രതികളും ചേർന്ന് യുവാവിനെ എറണാകുളം പള്ളിമുക്ക് ഭാഗത്തേക്കു വിളിച്ചുവരുത്തി.
അവിടെവച്ച് യുവാവിനെ ക്രൂരമായി മർദിച്ച സംഘം യുവാവിന്റെ എടിഎം കാർഡും പിൻ നമ്പറും ഭീഷണിപ്പെടുത്തി വാങ്ങിയശേഷം സമീപമുള്ള എടിഎമ്മിൽനിന്ന് 4,500 രൂപ പിൻലിച്ചു. 19ന് രണ്ടാം പ്രതി അർജുൻ ഫോണിൽവിളിച്ചു ഭീഷണിപ്പെടുത്തി 2,000 രൂപ വാങ്ങി. അന്നു വൈകിട്ടു പരാതിക്കാരനെ എറണാകുളം പത്മ ജങ്‌ഷനിൽ വരുത്തി ഭീഷണിപ്പെടുത്തി 15,000 രൂപ വില വരുന്ന മൊബൈൽ ഫോൺ ബലമായി വാങ്ങിയെടുത്തു.
22 -ന് വീണ്ടും എറണാകുളം പത്മ ജങ്‌ഷനിൽ വിളിച്ചുവരുത്തി പണം കവർന്നു. ചാറ്റുകൾ പരസ്യപ്പെടുത്തുമെന്നു പറഞ്ഞായിരുന്നു ഭീഷണി. വീണ്ടും 25,000 രൂപ നൽകണമെന്ന് പറഞ്ഞതോടെ യുവാവ് എറണാകുളം ടൗൺ സൗത്ത് പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് രണ്ടാം പ്രതി അർജുന്റെ മൊബൈൽ ലൊക്കേഷൻ എടുത്ത് പരിശോധിച്ച് പ്രതികളെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്തതിൽ പ്രതികൾ കുറ്റസമ്മതം നടത്തിയിട്ടുളളതായി പൊലീസ് അറിയിച്ചു.