കുട്ടി ഹെൽമറ്റ് സ്കൂൾ വിപണിയിലെ പുതിയ താരം, വില 850 രൂപ മുതൽ

Advertisement

പാലക്കാട്: പുതിയ ബാഗ്, കുട, ചെരിപ്പ്, യൂണിഫോം എല്ലാമായി പുതിയ ക്ലാസിലേക്കു കുരുന്നുകൾ ഓടിയെത്താൻ ഇനി ആറ് ദിവസം മാത്രം. ഓൺലൈനിലും ഓഫ്‌ലൈനിലും സ്കൂൾ വിപണി സജീവം.

കോംബോ ഉൾപ്പെടെ വൻ ഓഫറുകളുമായാണു ജില്ലയിലെ വ്യാപാര സ്ഥാപനങ്ങൾ സ്കൂൾ വിപണിയെ ഉണർത്തുന്നത്. ബാഗുകളിലും കുടകളിലുമാണു വ്യാപാരികളുടെ പ്രതീക്ഷ. ബ്രാൻഡഡ് ഉൽപന്നങ്ങൾക്കു വില കൂടുതലാണെങ്കിലും ഗുണമേന്മയും സൗജന്യങ്ങളും ഗാരന്റിയും ഉപഭോക്‌താക്കളെ ആകർഷിക്കുന്നു. വർണക്കുടകളും സൂപ്പർ ഹീറോകളുടെയും കാർട്ടൂൺ താരങ്ങളുടെയും ചിത്രങ്ങളുള്ള ബാഗുകളുമെല്ലാം കടകളിൽ നിരന്നു.

350 മുതൽ 2500 രൂപ വരെ വിലയുള്ള ബാഗുകൾ വിപണിയിലുണ്ട്. കുടകളുടെ വില 300ൽ തുടങ്ങുന്നു. വാട്ടർ ബോട്ടിലുകൾ 150 രൂപ മുതലും ടിഫിൻ ബോക്സ് 200 രൂപ മുതലും. 200 രൂപ മുതൽ വിലയുള്ള മഴക്കോട്ടുകൾ വിപണിയിൽ ലഭ്യം. നോട്ട്ബുക്ക്, ബോക്സ്, പൗച്ച്, പേന, പെൻസിൽ, ബ്രൗൺ പേപ്പർ എന്നിവയ്ക്കെല്ലാം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു വില കൂടിയിട്ടുണ്ട്. പഠനോപകരണങ്ങൾക്ക് 20 ശതമാനത്തോളം വില വർധിച്ചതായി വ്യാപാരികൾ പറയുന്നു. നോട്ട്ബുക്ക് 30 രൂപ മുതലാണു വില. പേന, പെൻസിൽ, ഇൻസ്ട്രുമെന്റ് ബോക്സ്, ലഞ്ച് ബോക്സ് എന്നിവയ്ക്കും വില കൂടി. അഞ്ച് രൂപയ്ക്ക് കിട്ടിയിരുന്ന പേനയ്ക്ക് ഒരു രൂപ വർധിച്ചു.

വിപണി കൂടുതൽ സജീവമാകുമെന്ന പ്രതീക്ഷയിൽ വിവിധ സൂപ്പർമാർക്കറ്റുകൾ, കൺസ്യൂമർഫെഡ്, സഹകരണ സംഘങ്ങൾ തുടങ്ങിയവയെല്ലാം ആവശ്യമായ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്. 50 ശതമാനം വിലക്കുറവ് വരെ നൽകുന്ന വ്യാപാര സ്ഥാപനങ്ങളാണ് ബജറ്റിൽ ഷോപ്പിങ് നടത്തുന്നവർക്ക് ആശ്വാസം.

സ്‌കൂൾ തുറക്കുന്നതിന്റെ ഭാഗമായി ഇന്നു മുതൽ 31 വരെ ഖാദി ഗ്രാമവ്യവസായ ബോർഡിനു കീഴിലെ വിൽപന കേന്ദ്രങ്ങളിൽ തുണിത്തരങ്ങൾക്ക് 20 മുതൽ 30 ശതമാനം വരെ റിബേറ്റ് ലഭിക്കും. ഖാദി ബോർഡ് ഷോറൂമുകളിലും ഗ്രാമസൗഭാഗ്യകളിലും റിബേറ്റ് ലഭിക്കും. മേളയോടനുബന്ധിച്ച് എല്ലാ വിൽപനശാലകളിലും ഖാദി, കോട്ടൺ, സിൽക്ക്, മനില, ഷർട്ടിങ് എന്നിവയ്ക്കു പുറമേ തേൻ, മറ്റ് കരകൗശല ഉൽപന്നങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.

പുതിയ അധ്യയനവർഷം അടുത്തതോടെ സ്കൂൾ ബാഗുകൾക്കും കുടകൾക്കും മാത്രമല്ല, ‘കുട്ടി ഹെൽമറ്റിനും’ ആവശ്യക്കാരേറെ. നാലു വയസ്സിനു മുകളിലുള്ള കുട്ടികൾക്കു ഹെൽമറ്റ് നിർബന്ധമാക്കിയതും എഐ ക്യാമറയുടെ വരവും കുട്ടി ഹെൽമറ്റ് വിൽപന സജീവമാക്കിയതായി വ്യാപാരികൾ പറയുന്നു. 850 രൂപയിൽ തുടങ്ങുന്നു വില. മൂന്ന് വയസ്സ് മുതലുള്ള കുട്ടികൾക്ക് ഉപയോഗിക്കാവുന്ന ഹെൽമറ്റുകളും ലഭ്യമാണ്.വിവിധ നിറങ്ങളിൽ ഹാഫ് ഫെയ്സ്, ഫുൾ ഫെയ്സ് ഹെൽമറ്റുകൾ വിപണിയിലുണ്ട്.

Advertisement