തിരുവനന്തപുരം: സഹപ്രവർത്തകർ ഒരുക്കിയ വിരമിക്കൽ സൽക്കാരത്തിൽ പങ്കെടുക്കാൻ എത്തിയ അധ്യാപിക കുഴഞ്ഞുവീണു മരിച്ചു. വെഞ്ഞാറമൂട് പിരപ്പൻകോട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം ഇക്കണോമിക്സ് അധ്യാപികയും കാരേറ്റ് പേടികുളം ശീമവിള വീട്ടിൽ വേണുകുമാറിന്റെ (കെഎസ്ഇബി) ഭാര്യയുമായ വി.ഐ. മിനി (56) ആണ് മരിച്ചത്.
ശനിയാഴ്ച ഉച്ചക്ക് 12.30 ന് വെഞ്ഞാറമൂട്ടിലെ ഒരു ഭക്ഷണശാലയിൽ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കാൻ കാറിൽ എത്തി സ്വീകരണ സ്ഥലത്തേക്ക് നടന്നു പോകുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ സഹപ്രവർത്തകർ ചേർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ മാസം 31നാണ് മിനി സർവീസിൽനിന്ന് വിരമിക്കേണ്ടിയിരുന്നത്. മക്കൾ: ജയശങ്കർ (പോളി ടെക്നിക് വിദ്യാർഥി, ഇന്ദുജ (ഡിഗ്രി വിദ്യാർഥിനി).