ന്യൂഡൽഹി: ഡേറ്റിംഗ് ആപ്പ് വഴി സ്വർഗ്ഗാനുരാഗികളെ കുടുക്കി പണം തട്ടിയെടുത്ത സംഭവത്തിൽ ഡൽഹിയിൽ നാല് യുവാക്കൾ പിടിയിൽ. സ്വവർഗാനുരാഗികൾക്കായുള്ള ഡേറ്റിംഗ് ആപ്പ് ‘ഗ്രിൻഡർ’ വഴിയാണ് പ്രതികൾ ഇരകളെ വലയിലാക്കിയത്. ഒടുവിൽ ഇവരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു. രണ്ടു പരാതികളാണ് പൊലീസിന് ലഭിച്ചത്.
ആദ്യത്തെ പരാതിയിൽ ഗാസിയാബാദ് നിവാസിയായ അരുൺ കുമാർ (22), വിശാൽ കോഹ്‌ലി (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തതിൻറെ അടിസ്ഥാനത്തിൽ കൂട്ടുപ്രതിയും ഡൽഹി സഹാബാദ് നിവാസിയുമായ രാജേഷ് കുമാറിനെയും (42) പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാമത്തെ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ സരിത വിഹാർ ഹൗസ് നിവാസിയായ ബന്ദ എന്ന അനൂജ് (21) ആണ് പിടിയിലായത്.
പ്രതികളുടെ പക്കൽ നിന്ന് കുറ്റകൃത്യത്തിന് ഉപയോഗിച്ചതായി കണ്ടെത്തിയ രണ്ട് മൊബൈൽ ഫോണുകൾ പിടിച്ചതായി എസിപി രാജേഷ് ദിയോ പറഞ്ഞു. കിഴക്കൻ ഡൽഹിയിൽ സജീവമായ രണ്ട് സ്വവർഗ്ഗാനുരാഗ റാക്കറ്റുകളാണ് ഇവരെന്നാണ് പൊലീസ് പറയുന്നത്. ആപ്പിലൂടെ പരിചയപ്പെട്ട ശേഷം പ്രതികൾ യുവാക്കളെ വിളിച്ച് വരുത്തും, പിന്നീട് നഗ്ന ദൃശ്യങ്ങളെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു.
പുറത്തറിഞ്ഞാൽ നാണക്കേടാകുമെന്ന് ഭയന്നാണ് ഇരകൾ പൊലീസിൽ ആദ്യം വിവരം അറിയിക്കാഞ്ഞത്. എന്നാൽ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പ്രതികൾ കൂടുതൽ പണം ആവശ്യപ്പെട്ടതോടെയാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. റാക്കറ്റിന് പിന്നിൽ കൂടുതൽ പേരുണ്ടോ എന്നതടക്കം അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.