അരിക്കൊമ്പന്‍ തിരികെ ഉള്‍ക്കാട്ടിലേക്ക് കടന്നുവെന്ന് സൂചന

Advertisement

കമ്പം: തമിഴ്‌നാട്ടിലെ കമ്പം ടൗണിനെ മുള്‍മുനയില്‍ നിര്‍ത്തിയ അരിക്കൊമ്പന്‍ തിരികെ ഉള്‍ക്കാട്ടിലേക്ക് കടന്നു. കൂതനാച്ചി റിസര്‍വ് വനത്തിലേക്ക് കടന്നുവെന്നാണ് റിപ്പോര്‍ട്ട്. ആന മേഘമല കടുവ സങ്കേതത്തിലേക്ക് നീങ്ങുന്നുവെന്നാണ് കേരള വനംവകുപ്പിന് വിവരം ലഭിച്ചിട്ടുള്ളത്.വിഎച്ച്എസ് ആന്റിന ഉപയോഗിച്ച് ആനയുടെ ലൊക്കേഷന്‍ ട്രേസ് ചെയ്തു വരികയാണ്. ചുരുളപ്പെട്ടിയില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അകലേക്ക് ആന പോയിട്ടുണ്ട്. ഉള്‍ക്കാട്ടിലേക്ക് കടന്നാല്‍ അരിക്കൊമ്പനെ മയക്കുവെടി വെക്കാനുള്ള നീക്കം ദൗത്യസംഘം ഉപേക്ഷിച്ചേക്കുമെന്നാണ് സൂചന.

പുലര്‍ച്ചെ രണ്ടരയ്ക്കാണ് അരിക്കൊമ്പനെ കൃഷിയിടത്തില്‍ കണ്ടെത്തിയത്. അതിനു പിന്നാലെ ആന തെങ്ങിന്‍ തോപ്പിലേക്ക് മാറി. പിന്നീടാണ് തെങ്ങിന്‍ തോപ്പില്‍ നിന്നും ഉള്‍ക്കാട്ടിലേക്ക് അരിക്കൊമ്പന്‍ പിന്‍വാങ്ങിയത്. ആനയുടെ സഞ്ചാരം തമിഴ്‌നാട് വനംവകുപ്പ് നിരീക്ഷിച്ചു വരികയാണ്.അരിക്കൊമ്പനെ മയക്കുവെടി വെക്കാന്‍ തമിഴ്‌നാട് വനംവകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ഡോ. കലൈവാണന്റെ നേതൃത്വത്തില്‍ ദൗത്യസംഘം സ്ഥലത്ത് എത്തിയിരുന്നു. ആന പരിഭ്രാന്തി സൃഷ്ടിച്ച കമ്പം മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.