കെട്ടിടങ്ങളുടെ സെസ്‌ പിരിച്ചെടുത്ത്‌ നിര്‍മ്മാണത്തൊഴിലാളികള്‍ക്ക്‌പെന്‍ഷന്‍ നല്‍കണമെന്ന്‌ രമേശ്‌ ചെന്നിത്തല

Advertisement

കരുനാഗപ്പള്ളി: കാഴ്‌ചയും കേള്‍വിയും നഷ്ടപ്പെട്ട ഭരണമാണ്‌ കേരളത്തിലുള്ളതെന്ന്‌ മുന്‍ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല. നിര്‍മ്മാണത്തൊഴിലാളികളുടെ എട്ടുമാസത്തെ പെന്‍ഷന്‍ കുടിശ്ശിക വരുത്തിയ സര്‍ക്കാര്‍ അവരോട്‌ ചെയ്യുന്നത്‌ വഞ്ചനയാണെന്നും അദ്ദേഹം ആരോപിച്ചു.

ഫ്‌ലാറ്റുകള്‍ ഉള്‍പ്പെടെ നിര്‍മ്മാണം കഴിഞ്ഞ മുഴുവന്‍ കെട്ടിടങ്ങളുടെയും സെസ്‌ പിരിച്ചെടുത്ത്‌ തൊഴിലാളികള്‍ക്ക്‌ മൂവായിരം രൂപ പെന്‍ഷന്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബില്‍ഡിംഗ്‌ ആന്‍ഡ്‌ റോഡ്‌ വര്‍ക്കേഴ്‌സ്‌ ഫെഡറേഷന്‍ (ഐഎന്‍ടിയുസി)പെന്‍ഷന്‍ ഫോറം നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല. വരി സംഖ്യ വര്‍ദ്ധിപ്പിച്ചിട്ടും യാതൊരു ആനുകൂല്യങ്ങളും നാളിതുവരെ വര്‍ദ്ധിപ്പിക്കാത്തതിലും പെന്‍ഷന്‍ തുക കുടിശിക വരുത്തിയതിലും വിവാഹ മരണാനന്തര ചികിത്സാ ആനുകൂല്യങ്ങള്‍ കുടിശിക വരുത്തിയത്‌ ഉടന്‍ നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു ധര്‍ണ.

കരുനാഗപ്പള്ളി താലൂക്ക്‌ ഓഫീസിന്‌ മുന്നില്‍ നടത്തിയ ധര്‍ണയില്‍ പെന്‍ഷന്‍ ഫോറം സംസ്ഥാന ചെയര്‍മാന്‍ ആര്‍ ദേവരാജന്‍ അധ്യക്ഷത വഹിച്ചു. സി ആര്‍ മഹേഷ്‌ എംഎല്‍എ, കെ സി രാജന്‍, കെ ജി രവി, എ കെ ഹഫീസ്‌, ചവറ ഹരീഷ്‌കുമാര്‍, എം അന്‍സാര്‍, ആര്‍ രാജശേഖരന്‍, തൊടിയൂര്‍ രാമചന്ദ്രന്‍, ചിറ്റുമൂല നാസര്‍, എന്‍ അജയകുമാര്‍, മുടിയില്‍ മുഹമ്മദ്‌ കുഞ്ഞ്‌, വി മനോഹരന്‍, മാരൂര്‍ രാജന്‍പിള്ള, കുശലന്‍, ഡി വിജയന്‍, കല്ലേലിഭാഗം ബാബു എന്നിവര്‍ സംസാരിച്ചു.

Advertisement