തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തിരുന്ന തന്നെ ഏതോ ഗൂഢാലോചനയുടെ ഭാഗമായി പ്രതിപക്ഷത്ത് ഇരുത്തി എന്ന ചിന്ത വി.എസ്.അച്യുതാനന്ദനെ അലട്ടിയിരുന്നതായി മുൻ ഭക്ഷ്യമന്ത്രിയും സിപിഐയുടെ മുതിർന്ന നേതാവുമായ സി.ദിവാകരന്റെ ആത്മകഥയിൽ വെളിപ്പെടുത്തൽ. സോളർ സമരം പെട്ടെന്ന് അവസാനിപ്പിച്ചതിനെക്കുറിച്ചും ആത്മകഥയിൽ പരാമർശമുണ്ട്. ആത്മകഥ ‘കനൽ വഴികളിലൂടെ’ ജൂൺ ഒന്നിന് പുറത്തിറങ്ങും.
2011ലെ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ചെറിയ ഭൂരിപക്ഷത്തിന് പരാജയപ്പെട്ടതിനെക്കുറിച്ച് പുസ്തകത്തിൽ പറയുന്നതിങ്ങനെ: ‘‘മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് ഒരു സാധാരണ എംഎൽഎയായി വിഎസ് സഭയിൽ വന്നു. വിഎസിന്റെ ആ അവസ്ഥയിൽ എനിക്ക് അതിയായ ദുഃഖം അനുഭവപ്പെട്ടു. എത്ര ക്രൂരമാണ് ചിലപ്പോൾ രാഷ്ട്രീയം. മുഖ്യമന്ത്രിയെന്ന നിലയിൽ ശാന്തനും സൗമ്യനുമായിരുന്ന വിഎസ് പ്രതിപക്ഷത്ത് എത്തിയപ്പോൾ ശക്തനായ ആക്രമണകാരിയായി മാറി. തന്നെ ഏതോ ഗൂഢാലോചനയുടെ ഭാഗമായി പ്രതിപക്ഷത്ത് ഇരുത്തി എന്ന ചിന്ത വിഎസിനെ അലട്ടിയിരുന്നു. കേവലം 500നും 1000നും ഇടയിലുള്ള വോട്ടിൽ എൽഡിഎഫിന് നാലു സീറ്റുകൾ നഷ്ടമായ രാഷ്ട്രീയത്തിന്റെ നിഗൂഢത ഇന്നും കേരളം ചർച്ച ചെയ്യുന്നു’’.
വിഎസ് സർക്കാരിനെ പ്രതിരോധത്തിലാക്കിയ മൂന്നാർ ദൗത്യത്തെക്കുറിച്ചും പുസ്തകത്തിൽ പരാമർശിക്കുന്നു: ‘‘മൂന്നാറിലെ ഭൂമി കയ്യേറ്റം ഒഴിപ്പിക്കാൻ വി.എസ്.അച്യുതാനന്ദൻ നിയോഗിച്ച മൂന്നു ഉദ്യോഗസ്ഥരിൽ രണ്ടു പേർ ശക്തമായ നടപടികൾ സ്വീകരിക്കുന്നവരായിരുന്നു. രാജു നാരായണ സ്വാമി അതി ബുദ്ധിമാനാണ്. എന്നാൽ, ഭരണനിർവഹണത്തിൽ വട്ടപൂജ്യമാണ്. സുരേഷ് കുമാർ കരുത്തനായ ഉദ്യോഗസ്ഥനാണ്. ചില സമയങ്ങളിൽ കടിഞ്ഞാണില്ലാത്ത കുതിരപോലെ പാഞ്ഞുപോകും. ഋഷിരാജ് സിങ് അഴിമതി രഹിതമായ സർവീസിന്റെ ഉടമയും സമർഥനുമാണ്. മൂന്നാർ വിഷയത്തിൽ സംയമനവും സാഹചര്യങ്ങളെക്കുറിച്ചുള്ള പഠനവും നടത്താൻ കഴിയാതെ പോയി. കയ്യേറ്റക്കാരെ ഒഴിപ്പിക്കാൻ പോയവരെ നിയന്ത്രിക്കേണ്ട സാഹചര്യം ഉണ്ടായി. മൂന്നാറിൽ കേരളത്തിലെ പ്രമുഖരായ പലരും കയ്യേറ്റം നടത്തിയിട്ടുണ്ട് എന്നത് യാഥാർഥ്യമാണ്. മറ്റുള്ളവരുടെ കയ്യേറ്റം ബുൾഡോസർ കൊണ്ട് ഒഴിപ്പിക്കുമ്പോൾ എന്തുകൊണ്ട് രാഷ്ട്രീയ പാർട്ടികളുടെ മന്ദിരങ്ങൾക്ക് നേരെ തിരിയുന്നില്ല എന്ന ചോദ്യം ഉയർന്നു വന്നു. മൂന്നാറിൽ തട്ടി മന്ത്രിസഭ തകരാൻ പാടില്ലെന്ന് തീരുമാനിച്ചതോടെ ആ അധ്യായം അവസാനിച്ചതായി സി.ദിവാകരൻ പറയുന്നു.
വിവാദമായ ഹാരിസൺ പ്ലാന്റേഷൻ കേസിൽ വനംമന്ത്രി ബിനോയ് വിശ്വത്തെ കൊണ്ട് ഫയലിൽ ഒപ്പിടീച്ചത് അന്നത്തെ തൊഴിൽമന്ത്രി പി.കെ.ഗുരുദാസന്റെ നിർബന്ധത്താലാണെന്നും, ഒപ്പിടരുതെന്ന് താൻ വിലക്കിയിരുന്നതായും സി.ദിവാകരൻ പറയുന്നു. ‘‘ഹാരിസൺ പ്ലാന്റേഷൻ തോട്ടം ദീർഘനാളായി പൂട്ടികിടക്കുകയായിരുന്നു. തൊഴിലാളികൾ പട്ടിണിയിലായി. തോട്ടം തുറക്കാൻ തൊഴിൽമന്ത്രി ഗുരുദാസൻ ഇടപെടൽ നടത്തി. ഹാരിസൺ പ്ലാന്റേഷൻ തുറക്കാനുള്ള ഫയൽ വനം മന്ത്രി അംഗീകരിക്കണമായിരുന്നു. മന്ത്രിസഭ നടന്നു കൊണ്ടിരിക്കുമ്പോൾ മന്ത്രി ഗുരുദാസൻ അവിടെവച്ച് ഫയലിൽ ബിനോയ് വിശ്വത്തെകൊണ്ട് ഒപ്പിടിക്കാൻ ശ്രമിച്ചു. ബിനോയ് വിശ്വം എന്നോട് അഭിപ്രായം ചോദിച്ചു. ഫയലിൽ ഒപ്പിടരുതെന്ന് ഞാൻ നിർദേശിച്ചു. എന്റെ ഉപദേശം കൂട്ടാക്കാതെ ബിനോയ് ഫയലിൽ ഒപ്പിട്ടു. വൻകിട തോട്ടം ഉടമയെ സംരക്ഷിക്കാൻ വനം മന്ത്രി കൂട്ടുനിന്നു എന്ന് പ്രചാരണമുണ്ടായി. വിഎസ് സർക്കാരിന്റെ പേരിൽ ഒരു ആരോപണവും ഉണ്ടാകില്ലെന്നു ധരിച്ചിരുന്നവർ നിരാശരായി’’.
തിരുവനന്തപുരം ലോക്സഭാ സീറ്റ് സ്വതന്ത്രന് കൈമാറിയത് സിപിഐ നേതാക്കൾ കോഴ വാങ്ങിയാണെന്ന ആരോപണത്തിനും സി.ദിവാകരൻ വിശദീകരണം നൽകുന്നുണ്ട്. ‘‘ഡോ. ബെനറ്റ് എബ്രഹാം എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായതോടെ പാർട്ടി പ്രവർത്തകർക്കിടയിൽ സംശയം ഉയർന്നു. ജില്ലയുടെ ചുമതലക്കാരനായ എനിക്ക് ഉത്തരവാദിത്തമുണ്ടെന്ന് പ്രചാരണമുണ്ടായി. പാർട്ടി അന്വേഷണ കമ്മിഷൻ എന്റെ ഭാഗത്ത് ജാഗ്രതക്കുറവ് ഉണ്ടെന്ന് ചൂണ്ടിക്കാട്ടി. മറ്റെല്ലാം വ്യാജ പ്രചാരണമാണെന്ന് പാർട്ടി വ്യക്തമാക്കിയതോടെ പ്രശ്നം അവസാനിച്ചു’’. വിവാദത്തിൽ, സിപിഐ ജില്ലാ സെക്രട്ടറിയായിരുന്ന വെഞ്ഞാറമൂട് ശശിയെ പാർട്ടി പുറത്താക്കി. മുൻ ജില്ലാ സെക്രട്ടറി പി.രാമചന്ദ്രൻ നായർ സിപിഎമ്മിലേക്ക് പോയി. സി.ദിവാകരനെ തരംതാഴ്ത്തിയെങ്കിലും മറ്റു നടപടികൾ ഒഴിവാക്കി.