കോഴിക്കോട്: പോത്ത് പറമ്പിൽകയറിയെന്ന് ആരോപിച്ച് പറമ്പുടമ യുവാവിനെ അരിവാൾ കൊണ്ട് വെട്ടിപരിക്കേൽപ്പിച്ചു. കോഴിക്കോട് കട്ടിപ്പാറ കുളക്കാട്ടുകുഴിയിൽ പുഴങ്ങര മുഹമ്മദിൻറെയും ജമീലയുടെയും മകൻ അർഷദ് ഷനിമിന് (24) ആണ് അരിവാൾ ആക്രമണത്തിൽ പരുക്കേറ്റത്.
തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. പറമ്പിൽ പോത്ത് കയറിയതിന് അർഷദിനെ അരിവാൾ കൊണ്ട് വെട്ടി പരിക്കേൽപ്പിച്ചത് താമരാക്ഷൻ എന്നയാളാണ്.
കട്ടിപ്പാറ പഞ്ചായത്ത് വാർഡ് ആറിൽ കുളക്കാട്ട്കുഴിയിൽ വേനക്കാവ് താമരാക്ഷൻ അരിവാൾ കൊണ്ട് ഗുരുതരമായി പരിക്കേൽപ്പിച്ചുവെന്ന് അർഷദ് താമരശ്ശേരി പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. തന്നെ വധിക്കാൻ ശ്രമിക്കുകയും തടയാൻ വന്ന മാതാവിനെ കൊല്ലുമെന്ന് ഭീഷണിപെടുത്തിയതായും അർഷദിൻറെ പരാതിയിലുണ്ട്. ആക്രമണത്തിൽ പരിക്കേറ്റ അർഷദ് ഷനിം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തുടർ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.