‘തനിക്ക് വായിക്കാൻ അറിയുമോ?’, കൊല്ലത്തെ ഡോക്ടറുടെ അവഹേളനം വിവരിച്ച് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് അധ്യാപകൻ

Advertisement

കൊല്ലം: ‘ആ ഡോക്ടറുടെ അധിക്ഷേപത്തിന് ഞാൻ എന്തെങ്കിലും മറുപടി പറഞ്ഞെങ്കിൽ മൂന്ന് മാസം ഞാൻ ജയിലിൽ കിടക്കേണ്ടി വരുമായിരുന്നില്ലേ’ – ചോദ്യം ഡോ. മുഹമ്മദ് ഇ‍ർഷാദിൻറേതാണ്. സാമൂഹ്യ ശാസ്ത്ര മേഖലയിൽ രാജ്യത്തെ ഏറ്റവും പ്രമുഖമായ മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ അസിസ്റ്റൻറ് പ്രൊഫസറാണ് അംഗപരിമിതനായ ഇ‍ർഷാദ്. കൊല്ലം ആർ എം ഓ ഓഫീസിലെ ഡോക്ടറിൽ നിന്ന് തനിക്ക് നേരിട്ട ദുരനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ച ശേഷമാണ് ഇർഷാദ് ഇങ്ങനെ ചോദിക്കുന്നത്.

അംഗപരിമിതർക്കായുള്ള റെയിൽവെ യാത്ര ഇളവിനുള്ള മെഡിക്കൽ സർട്ടിഫിക്കറ്റിന് വേണ്ടി കൊല്ലം ആർ എം ഓ ഓഫീസിൽ എത്തിയപ്പോഴാണ് ഇർഷാദിന് ദുരനുഭവം ഉണ്ടായത്. സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ശേഷം പതിമൂന്നു വർഷമായി മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിലെ അധ്യാപകനായി ജോലി ചെയ്യന്ന ഇർഷാദിനോട്, ‘തനിക്ക് വായിക്കാൻ’ അറിയുമോ? എന്നായിരുന്നു കൊല്ലം ആർ എം ഓ ഓഫീസിലെ ഡോക്ടർ ചോദിച്ചത്. നൂറു ശതമാനം ശാരീരിക വൈകല്യമുള്ളവ‍ർക്ക് മാത്രമാണ് റെയിൽവെ ആനുകൂല്യം എന്നായിരുന്നു ഡോക്ടറുടെ വാദമെന്നും ഇർഷാദ് വ്യക്തമാക്കി. നൂറു ശതമാനം അംഗപരിമിതർ എങ്ങനെ യാത്ര ചെയ്യും എന്ന് തിരിച്ചു ചോദിച്ചപ്പോൾ അത് താൻ റയിൽവേയോട് ചോദിക്കൂ എന്നായിരുന്നു ഡോക്ടറുടെ മറുപടിയെന്നും ഇർഷാദ് സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.

തൊഴിലിലോ ബിരുദത്തിലോ അല്ല കാര്യം, ലുക്കിലാണ് സുഹൃത്തുക്കളെ എന്ന് പറഞ്ഞുകൊണ്ടാണ്, ഡോക്ടറിൽ നിന്നുണ്ടായ അവഹേളനത്തെ കുറിച്ച് ഇർഷാദ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. തന്റെ മുന്നിൽ എത്തുന്ന മനുഷ്യരോട് മുൻവിധിയില്ലാതെ പെരുമാറാനും അവർ കീടങ്ങൾ അല്ല എന്ന് ബോധ്യപെടുത്തുന്നതും കൂടിയാകണം ആരോഗ്യ പ്രവർത്തകർക്ക് നൽകുന്ന പുതിയ നിയമപരിരക്ഷയെന്ന് പറഞ്ഞുകൊണ്ടാണ് ഇ‍ർഷാദ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ആരോഗ്യ പ്രവർത്തകരെ അധിക്ഷേപിച്ചാൽ ജയിൽ പോകേണ്ടിവരുമെന്ന നിയമം ഉള്ളപ്പോൾ, തിരിച്ച് ഡോക്ടർമാരുടെ ഇത്തരം അവഹേളനങ്ങൾക്ക് ഇരയാകുന്നവർക്ക് എന്ത് രക്ഷയാണുള്ളതെന്ന് ഇർഷാദ് ചോദിച്ചു.

ഡോ.മുഹമ്മദ് ഇർഷാദിൻറെ കുറിപ്പ് പൂർണരൂപം

തൊഴിലിലോ ബിരുദത്തിലോ അല്ല കാര്യം, ലുക്കിലാണ് സുഹൃത്തുക്കളെ. സാമ്പത്തിക ശാസ്ത്രത്തിൽ ഗവേഷക ബിരുദവും, പതിമൂന്നു വര്ഷമായി ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ പഠിപ്പിക്കുന്ന എന്നോട് റയിൽവെയുടെ അംഗപരിമിതർക്കുള്ള യാത്ര ഇളവിനുള്ള മെഡിക്കൽ സെര്ടിഫിക്കറ്റിന് വേണ്ടി കൊല്ലം ആർ എം ഓ ഓഫീസിൽ എത്തിയ ഡോക്ടറുടെ ( അജി…….) ആദ്യം ചോദ്യം. ”തനിക്ക് വായിക്കാൻ’ അറിയുമോ? നൂറു ശതമാനം ശാരീരിക വൈകല്യം ഉള്ളവർക്കുള്ളതാണ് ഇത് അല്ലാതെ തന്നെ പോലെയുള്ള ഉഡായിപ്പുകൾക്ക് ഉള്ളതല്ല ഇതെന്നാണ് ആ മഹാനുഭവന്റെ നിഗമനം, ദൈവത്തിന് സ്തുതി ആ മഹാനുഭാവൻ ഒപ്പിട്ടു തന്നു. എന്നാൽ വിവിധതരം അംഗപരിമിതർക്കായി റെയിൽവേ യാത്രാ ഇളവുകൾ നൽകുന്നുണ്ട്. വരുമാന പരിധിയും വച്ചിട്ടില്ല. നൂറു ശതമാനം അംഗപരിമിതർ എങ്ങനെ യാത്ര ചെയ്യും എന്ന് തിരിച്ചു ചോദിച്ചപ്പോൾ അത് താൻ റയിൽവേയോട് ചോദിക്കൂ എന്നാണ് ആ മഹാനുഭാവൻ ഉരുവിട്ടത്.
തന്റെ മുന്നിൽ എത്തുന്ന മനുഷ്യരോട് മുൻവിധിയില്ലാതെ പെരുമാറാനും അവർ കീടങ്ങൾ അല്ല എന്ന് ബോധ്യപെടുത്തുന്നതും കൂടിയാകണം ആരോഗ്യ പ്രവർത്തകർക്ക് നൽകുന്ന നിയമപരിരക്ഷ. ഇല്ലങ്കിൽ എന്തിന് വേണ്ടിയാണ് ഈ നിയമം എന്ന് സമൂഹം തിരിച്ചു ചോദിക്കും.

ഇർഷാദിൻറെ പോസ്റ്റ് ഷെ‍യർ ചെയ്തുകൊണ്ട് സുഹൃത്തും അധ്യാപകനുമായ രജിത് ലീല രവീന്ദ്രൻ എഴുതിയ കുറിപ്പും വായിക്കാം

എൻറെ അടുത്ത സുഹൃത്തും ക്ലാസ്മേറ്റുമായ ഡോക്ടർ എസ് മുഹമ്മദ് ഇർഷാദ് ഇന്ത്യയിലെ പ്രശസ്തമായ സാമൂഹിക ശാസ്ത്ര ഗവേഷണ സ്ഥാപനമായ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിലെ അസിസ്റ്റൻറ് പ്രൊഫസറാണ്. കുഞ്ഞായിരിക്കുമ്പോൾ പോളിയോ ബാധിച്ചു രണ്ട് കാലുകളും തളർന്നു രണ്ട് ക്രച്ചസുകളുടെ മാത്രം സഹായത്തോടെ നടക്കുവാൻ കഴിയുന്ന ആളാണ്. പക്ഷേ കഠിനാധ്വാനം ചെയ്ത്, ഇച്ഛാശക്തിയോടുകൂടി പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചുകൊണ്ട് ജീവിതത്തിൽ മുന്നേറിയ വ്യക്തിയായിട്ടാണ് ഇന്നത്തെ ഇർഷാദിനെ ലോകം അടയാളപ്പെടുത്തുന്നത്. ശാരീരിക അവശതയെ മറികടക്കുന്ന ഊർജ്ജം അവനിലുണ്ട്. നിരവധിയായുള്ള എഴുത്തുകൾ, ലേഖനങ്ങൾ, പഠന റിപ്പോർട്ടുകൾ എന്നിവ ഇർഷാദിൻറെ അക്കാദമിക മികവിന് സാക്ഷ്യം നൽകുന്നവയുമാണ്.

പക്ഷേ ഒപ്പം നടക്കുമ്പോളറിയാം, അവൻ നിസ്സഹായനായി പോകുന്നത് കണ്ടിട്ടുള്ളത് രണ്ട് സാഹചര്യങ്ങളിലാണ്. ഒന്ന്, അംഗപരിമിതർക്ക് കടന്നു ചെല്ലാൻ സാധിക്കാത്ത രീതിയിലുള്ള കെട്ടിട നിർമിതികളിൽ എത്രയോ ഇടങ്ങളിൽ ‘നിങ്ങൾ കയറിയിട്ട് വരൂ ഞാൻ ഇവിടെ ഇരിക്കാം’ എന്ന് പറഞ്ഞ് മായ്ക്കാൻ സാധിക്കാത്ത നിരാശയിൽ അവൻ പതുക്കെ ഇരിപ്പിടം അന്വേഷിച്ചു പോകുന്നത് കണ്ടിട്ടുണ്ട്. രണ്ടാമത്തേത് അംഗപരിമിതരായവരോടുള്ള പലരുടെയും അവജ്ഞയും, മുൻധാരണയോടുള്ള പെരുമാറ്റങ്ങളും കാണുമ്പോളാണ്.

വെക്കേഷന് കേരളത്തിൽ വന്ന ഇർഷാദ് ഇന്നലെ റെയിൽവേ ടിക്കറ്റ് കൺസഷനുള്ള സർട്ടിഫിക്കറ്റിനായി കൊല്ലം ആർ എം ഒ ഓഫീസിൽ പോയിരുന്നു. അവിടുത്തെ ഡോക്ടർ ആദ്യമേ ചോദിച്ചത് ‘തനിക്ക് വായിക്കാൻ അറിയില്ലെ’ എന്നാണ്. 100% അംഗപരിമിതരായ വ്യക്തികൾക്കു മാത്രമേ കൺസഷന് അർഹതയുള്ളൂ പോലും. എന്നാൽ അങ്ങനെയല്ലെന്നും തനിക്ക് അതിനു നിയമപരമായി അർഹതയുണ്ടെന്നും ചൂണ്ടി കാണിച്ചപ്പോൾ ഡോക്ടർ സർട്ടിഫിക്കറ്റ് നൽകി. നിയമപരമായി ലഭിക്കേണ്ട ഇത്തരം കാര്യങ്ങൾ കിട്ടാൻ പോലും പോരാടുകയും, മനസ്സിനെ മുറിപ്പെടുത്തുന്ന പെരുമാറ്റങ്ങളുണ്ടാവുകയും ചെയ്യുക എന്നത് അവനെ വളരെ ദുഖിപ്പിച്ചിട്ടുണ്ടെന്ന് ആളിൻറെ ഇന്നത്തെ ഫേസ്ബുക് പോസ്റ്റ്‌ കണ്ടപ്പോൾ മനസ്സിലായി.

നാട്ടിൽ എല്ലാവിധ സാഹചര്യങ്ങളും, നല്ലൊരു ജോലിയും ഉണ്ടായിട്ടും വിദേശത്തേക്ക് കുടിയേറി പാർത്തൊരു സുഹൃത്തുണ്ടെനിക്ക്. എന്തിനാണ് നീ പോകുന്നത് എന്നവളോട് ചോദിച്ചപ്പോൾ അംഗപരിമിതിയുള്ള തൻറെ കുഞ്ഞിനുള്ള യാതൊരു സാഹചര്യങ്ങളും ഇവിടെ നിലവിലില്ലെന്നും, വലുതാവുമ്പോൾ ജീവിച്ചു മുന്നോട്ട് പോകുവാൻ ഇവിടുത്തെ സമൂഹത്തിൽ തൻറെ കുട്ടി വളരെ കഷ്ടപ്പെടുമെന്നും തോന്നിയെന്നവൾ പറഞ്ഞു.

എനിക്കിപ്പോൾ മനസ്സിലാകുന്നുണ്ട് അവളെയും, അവളുടെ വാക്കുകളെയും. ജീവിതാവസ്ഥകളോട്, പരിമിതികളോട് പടവെട്ടി മുന്നോട്ടു വന്നിട്ടുള്ളവരെ തളർത്തുവാൻ നോക്കുന്നതിൽ മാനസിക സുഖം അനുഭവിക്കുന്ന നമ്മുടെ സമൂഹത്തിലെ നെറികെട്ട മുഖങ്ങളെയും.

Advertisement

1 COMMENT

  1. Enikum വളരെ മോശമായ അനുഭവം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഒരു pg doctor ഭാഗത്തും നിന്ന് ഉണ്ടായി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രാത്രിയില്‍ ചികിത്സ thediyal especialy പീഡിയാട്രിക്‌ വിഭാഗത്തില്‍ ചികിത്സ thediyal വളരെ മോശമായി ആണ് pg സ്റ്റുഡന്‍സ് പെരുമാറുന്നത്. Dr. വന്ദനyude കേസ് വളരെ sankadakaramanu എന്നാലും പൊതുവെ Govt ഹോസ്പിറ്റല്‍ doctors ന്റെ പെരുമാറ്റം വളരെ മോശമാണ്. Cash ഉണ്ടെങ്കിൽ ഇവരുടെ oudharyam പറ്റാതെ വല്ല പ്രൈവറ്റ് ഹോസ്പിറ്റല്‍ ലും pokarunnu എന്ന് ചിന്തിച്ചു പോകും. എത്രയോ വട്ടം മനസ്സു കൊണ്ട്‌ shapichittund e pg doctorsne. Ithu mathram അനുഭവം

Comments are closed.