35000 രൂപ ബില്ലിന് പകരം 2000 മാത്രം! കെഎസ്ഇബിക്ക് ലക്ഷങ്ങളുടെ നഷ്‌ടം, കരാർ ജീവനക്കാരനെ പുറത്താക്കി

Advertisement

ഇടുക്കി: നൂറ്റിനാൽപതോളം ഉപഭോക്താക്കളുടെ മീറ്റർ റീഡിങ്ങിൽ കൃത്രിമം കാട്ടി കെഎസ്ഇബിക്ക് വൈദ്യുതി ബിൽ ഇനത്തിൽ ലക്ഷങ്ങളുടെ നഷ്ടം വരുത്തിയതായി കണ്ടെത്തൽ. സംഭവത്തിൽ കുറ്റസമ്മതം നടത്തിയ മീറ്റർ റീഡിങ് കരാർ ജീവനക്കാരനെ പിരിച്ചുവിട്ടു. തൊടുപുഴ സെക്ഷൻ ഓഫിസിനു കീഴിലെ സീനിയർ സൂപ്രണ്ടിനെയും സീനിയർ അസിസ്റ്റന്റിനെയും സസ്പെൻഡ് ചെയ്തു. അടുത്തിടെ സെക്ഷന് കീഴിലെ മീറ്റർ റീഡർമാരെ സ്ഥലംമാറ്റിയപ്പോഴാണു ക്രമക്കേട് കണ്ടത്തിയത്.

പുതിയ ജീവനക്കാരൻ റീഡിങ് എടുത്തപ്പോൾ ചില മീറ്ററുകളിലെ റീഡിങ്ങിൽ വലിയ മാറ്റം കണ്ടെത്തി. ശരാശരി 2,000 രൂപ വന്നിരുന്ന വീട്ടിൽ 35,000 രൂപ വരെയായി ബിൽ ഉയർന്നു. കുമാരമംഗലം, മണക്കാട് പഞ്ചായത്തുകളിലുള്ള ഉപഭോക്താക്കളുടെ ബില്ലിലാണു വർധന കണ്ടെത്തിയത്. നേരത്തെ റീഡിങ് എടുത്തിരുന്ന കരിമണ്ണൂർ സ്വദേശിയായ യുവാവിനെ ചോദ്യം ചെയ്തപ്പോൾ റീഡിങ്ങിൽ കൃത്രിമം കാണിച്ചതായി സമ്മതിച്ചു. എന്തിനു വേണ്ടിയാണ് ഇയാൾ ഇതു ചെയ്തതെന്ന് വ്യക്തമായിട്ടില്ല. അന്വേഷണം കെഎസ്ഇബി വിജിലൻസിനു കൈമാറി.