2023 ജൂൺ 01 വ്യാഴാഴ്ച
കേരളീയം
🙏സംസ്ഥാനത്ത് സ്‌കൂളുകള്‍ ഇന്ന് തുറക്കും. വിദ്യതേടി 42 ലക്ഷം വിദ്യാര്‍ത്ഥികളാണ് സ്‌കൂളുകളില്‍ എത്തുന്നത്. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിന്‍കീഴ് ഗവണ്‍മെന്റ് വി എച്ച് എസ് എസില്‍ രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
🙏ഇന്നു മുതല്‍ വൈദ്യുതി ചാര്‍ജ് യൂണിറ്റിനു 19 പൈസ കൂടും. ഇന്ധന സര്‍ചാര്‍ജായി യൂണിറ്റിന് 10 പൈസ വര്‍ധിപ്പിക്കാന്‍ കെ എസ് ഇ ബി ക്ക് റെഗുലേറ്ററി അതോറിറ്റി അനുമതി നല്‍കി. ഒമ്പതു പൈസ സര്‍ചാര്‍ജ് ഈടാക്കുന്നതു തുടരാനും അനുമതി നല്‍കിയതോടെയാണു വര്‍ധന 19 പൈസയായത്.
🙏പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പ് കേസില്‍ തപാല്‍ ബാലറ്റുകളടങ്ങിയ പെട്ടികളില്‍ കൃത്രിമം നടന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരം. അഞ്ചാം ടേബിളില്‍ എണ്ണിയ 482 സാധുവായ ബാലറ്റുകള്‍ കാണാനില്ല. നാലാം ടേബിളിലെ അസാധുവായ ബാലറ്റുകളുടെ ഒരു പാക്കറ്റിന്റെ പുറത്തുള്ള കവര്‍ കീറിയ നിലയിലാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
🙏പൊലീസ് തലപ്പത്ത് മാറ്റം. പത്മകുമാറിനെ ജയില്‍ മേധാവിയായും ഷെയ്ക്ക് ദര്‍വേസ് സാഹിബിനെ ഫയര്‍ഫോഴ്സ് മേധാവിയായും നിയമിച്ചു. ഇരുവര്‍ക്കും ഡിജിപിയായി സ്ഥാനം നല്‍കിയാണു നിയമനം. ജയില്‍ മേധാവിയായിരുന്ന ബല്‍റാം കുമാര്‍ ഉപാധ്യായ പൊലീസ് ആസ്ഥാന എഡിജിപിയാകും. എഡിജിപി എച്ച് വെങ്കിടേഷ് ക്രൈംബ്രാഞ്ച് മേധാവിയാകും.
🙏കേരളത്തിന്റെ വായ്പാ പരിധി വെട്ടിക്കുറച്ചതു സംബന്ധിച്ച് വിശദമായ കണക്കു തരാമെന്ന് കേന്ദ്ര ധനമന്ത്രാലയം. കണക്കില്‍ വ്യക്തത തേടിയ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയ്ക്ക് അയച്ച മറുപടിയിലാണ് ഈ വിവരം. ഇതേസമയം വായ്പാ പരിധി വെട്ടിക്കുറച്ച കേന്ദ്ര നിലപാടിനെതിരേ സുപ്രീം കോടതിയെ സമീപിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
🙏അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ കസ്റ്റംസ് ഉദ്യോഗസ്ഥനും ഭാര്യയ്ക്കും മൂന്നു പെണ്‍മക്കള്‍ക്കും കഠിന തടവും പിഴയും. കസ്റ്റംസ് മുന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ പി ആര്‍ വിജയനും ഭാര്യയ്ക്കും മൂന്ന് മക്കള്‍ക്കുമാണ് കൊച്ചിയിലെ സിബിഐ കോടതി രണ്ടു വര്‍ഷം കഠിനതടവും രണ്ടര കോടി രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്.
🙏കെ ഫോണിന്റെ ഉദ്ഘാടന ചടങ്ങിന് 4.35 കോടി രൂപയാണു സര്‍ക്കാര്‍ ചെലവാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. നിയമസഭയിലെ ഒരു ഹാളില്‍ നടക്കുന്ന ചടങ്ങിനാണ് ഇത്രയും ധൂര്‍ത്ത്. മുഖ്യമന്ത്രി നേരത്തെ ഒരു ഉദ്ഘാടനം നടത്തിയതാണെന്നും സതീശന്‍.
🙏കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ അക്രമിയുടെ കുത്തേറ്റു കൊല്ലപ്പെട്ട ഡോ വന്ദന ദാസിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കെ എം എസ് സി എല്ലിലെ തീപിടുത്തം അണയ്ക്കുന്നതിനിടെ മരിച്ച ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ രഞ്ജിത്തിന്റെ കുടുംബത്തിനും 25 ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു.
🙏കേരള തീരത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ ട്രോളിംഗ് നിരോധനം. 52 ദിവസമാണ് ട്രോളിംഗ് നിരോധനം.
🙏തൊടുപുഴ ഇടവെട്ടി പാറമടയിലുണ്ടായ ഇടിമിന്നലില്‍ 11 പേര്‍ക്കു പരിക്ക്. ജോലിക്ക് ശേഷം തൊഴിലാളികള്‍ ഷെഡില്‍ വിശ്രമിക്കുമ്പോഴാണ് ഇടിമിന്നലേറ്റത്.
🙏അരിക്കൊമ്പന്‍ തമിഴ്നാട്ടിലെ പൂശാനംപെട്ടിക്കടുത്ത് നിന്ന് നാലര കിലോമീറ്റര്‍ ഉള്‍വനത്തില്‍. ആരോഗ്യം വീണ്ടെടുത്തതോടെ സഞ്ചരിക്കുന്ന ദൂരം വര്‍ധിച്ചിട്ടുണ്ട്. ആന ജനവാസ മേഖലയിലെത്തിയാല്‍ മാത്രം മയക്കുവെടി വച്ചാല്‍ മതിയെന്നാണ് തമിഴ്നാട് വനംവകുപ്പിന്റെ തീരുമാനം.
🙏തിരുവനന്തപുരത്ത് അരിക്കൊമ്പന് ഐക്യദാര്‍ഢ്യം എന്ന പേരില്‍ ഇന്നു സമരം നടത്തുമെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ മൃഗസ്നേഹികളുടെ പ്രചാരണം. പീപ്പിള്‍ ഫോര്‍ അനിമല്‍സ് തിരുവനന്തപുരം ചാപ്റ്ററിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം വഴുതക്കാടുള്ള വനം വകുപ്പ് ആസ്ഥാനത്തേക്ക് ധര്‍ണ സംഘടിപ്പിക്കുമെന്നാണ് പ്രചാരണം.
🙏പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയെ മോചിപ്പിക്കാന്‍ ഇടപെടണമെന്ന് കര്‍ണാടക സര്‍ക്കാരിന് കത്തെഴുതി ജസ്റ്റിസ് മാര്‍ക്കാണ്ഡേയ കട്ജു. 22 വര്‍ഷം മഅദനി ജയിലില്‍ കഴിഞ്ഞു. ഒരു കാല്‍ നഷ്ടപ്പെട്ട മഅദനി വീല്‍ ചെയറിലാണു ജീവിക്കുന്നത്. കിഡ്നി സംബന്ധമായ അസുഖങ്ങളുണ്ട്. ഡയാലിസിസ് വേണം. ഒരു കണ്ണിനു കാഴ്ചശേഷിയില്ല. അച്ഛന്‍ കിടപ്പിലാണ്. കുറ്റക്കാരനാണെങ്കില്‍ പോലും വേണ്ടതിലധികം ശിക്ഷ മഅദനി അനുഭവിച്ചെന്നും കട്ജു കത്തില്‍ എഴുതി.
🙏കേരളം അടക്കം മൂന്നു സംസ്ഥാനങ്ങളില്‍ എന്‍ഐഎ നടത്തിയ റെയിഡില്‍ 17 ലക്ഷം രൂപ പിടിച്ചെടുത്തു. കാസര്‍കോട്, മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് കേരളത്തില്‍ റെയ്ഡ് നടന്നത്. കര്‍ണാടക, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലും റെയിഡുണ്ടായി.
🙏ഗള്‍ഫ് രാജ്യങ്ങളിലേക്കു യാത്രാ കപ്പല്‍ സര്‍വ്വീസ് ആരംഭിക്കാന്‍ നോര്‍ക്കയുമായി സഹകരിച്ച് പദ്ധതി ആവിഷ്‌കരിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. മലബാര്‍ ഡെവലപ്പ്‌മെന്റ് കൗണ്‍സിലും കേരള മാരിടൈം ബോര്‍ഡും സംയുക്തമായി സംഘടിപ്പിച്ച ഉന്നതതലയോഗം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
🙏കോവിഡ് കാലത്ത് വാങ്ങിയ ഒന്നും കത്തിനശിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. തീപിടിത്തത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തും. പ്രത്യേക സമിതി അന്വേഷിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷണം ഏകോപിപ്പിക്കും.
🙏പുല്‍പ്പള്ളി ബാങ്ക് തട്ടിപ്പ് കേസില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും ബാങ്കിന്റെ മുന്‍ പ്രസിഡന്റുമായ കെ.കെ എബ്രഹാമിനെ അറസ്റ്റു ചെയ്തു. ആത്മഹത്യാ പ്രേരണയ്ക്കു കേസെടുത്താണ് അറസ്റ്റു ചെയ്തത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിയുന്ന ഇദ്ദേഹത്തെ പോലീസ് ആശുപത്രിയിലെത്തിയാണ് അറസ്റ്റു രേഖപ്പെടുത്തിയത്.
🙏മലപ്പുറം പുളിക്കലില്‍ പരിസ്ഥിതി പ്രശ്നമുണ്ടാക്കുന്ന ഫാക്ടറി പൂട്ടണമെന്ന നിലപാടില്‍ സിപിഎം എത്തിയത് സമൂഹത്തില്‍ ഒറ്റപ്പെട്ടതോടെയാണെന്ന് പഞ്ചായത്ത് ഓഫീസില്‍ ജീവനൊടുക്കിയ റസാഖ് പയമ്പ്രോട്ടിന്റെ ഭാര്യയും സിപിഎം പ്രവര്‍ത്തകയുമായ സികെ. ഷീജ. ഒരാഴ്ച മുമ്പെങ്കിലും പാര്‍ട്ടി ഇങ്ങനെ തീരുമാനിച്ചിരുന്നെങ്കില്‍ സഖാവ് റസാഖ് ജീവനോടെ ഉണ്ടാകുമായിരുന്നുവെന്നു ഷീജ പറഞ്ഞു. ആത്മഹത്യാ പ്രേരണയ്ക്ക് ആര്‍ക്കെതിരേയും കേസെടുത്തിട്ടില്ല.
🙏റസാഖ് പയബ്രോട്ടിന്റെ മരണത്തില്‍ പാര്‍ട്ടിക്കു കുറ്റബോധം തോന്നേണ്ട കാര്യമില്ലെന്ന് സിപിഎം ലോക്കല്‍ സെക്രട്ടറി ടി പി നജ്മുദ്ദീന്‍. ആശങ്ക പരിഹരിക്കാനാണ് പ്ലാസ്റ്റിക് സംസ്‌കരണ ഫാക്ടറിക്കെതിരെ ഇപ്പോള്‍ സമരം നടത്തുന്നതെന്നും ലോക്കല്‍ സെക്രട്ടറി.
🙏തിരുവനന്തപുരം മാറനല്ലൂരില്‍ എന്‍എസ്എസ് കരയോഗം പ്രസിഡന്റ് രസല്‍പുറം വേട്ടമംഗലം ശ്രുതിയില്‍ അജയകുമാര്‍ (62) ആത്മഹത്യ ചെയ്തതു പൊലീസുകാരന്റെ പീഡനംമൂലമെന്ന് ബന്ധുക്കള്‍. പീഡിപ്പിച്ചെന്നു പ്രചരിപ്പിച്ച് കള്ളക്കേസില്‍ കുടുക്കാന്‍ ക്രൈംബ്രാഞ്ച് പൊലീസുകാരന്‍ സന്ദീപ് ശ്രമിച്ചെന്ന് അത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ടെന്നാണു ബന്ധുക്കളുടെ പരാതി.
🙏പന്ത്രണ്ടു വയസുകാരിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ അച്ഛന്റെ കൂട്ടുകാരനു 12 വര്‍ഷം തടവും രണ്ടുലക്ഷം പിഴയും വിധിച്ചു. എഴുപുന്ന ഗ്രാമപഞ്ചായത്ത് രണ്ടാംവാര്‍ഡില്‍ ഈരേക്കളം വീട്ടില്‍ പ്രശാന്തിനാണ് വിവിധ വകുപ്പുകളിലായി തടവും പിഴയും ചേര്‍ത്തല സ്‌പെഷ്യല്‍ ഫാസ്റ്റ്ട്രാക്ക് പോക്‌സോ കോടതി വിധിച്ചത്.
🙏ആലപ്പുഴ പുന്നമടയില്‍ രേഖകളില്ലാത്ത രണ്ടു ഹൗസ് ബോട്ടുകള്‍ പിടിച്ചെടുത്തു. ബോട്ടുകള്‍ തുറമുഖ വകുപ്പിന്റെ യാര്‍ഡിലേക്ക് മാറ്റി. ആറു ബോട്ടുകള്‍ക്ക് പിഴയടക്കാന്‍ നോട്ടീസ് നല്‍കി. 45,000 രൂപ പിഴയിട്ടു. 14 ഹൗസ് ബോട്ടുകളാണ് പരിശോധിച്ചത്.
ദേശീയം
🙏കാലിഫോര്‍ണിയയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഖലിസ്ഥാന്‍ വാദികളുടെ പ്രതിഷേധം. സദസിലിരുന്ന പ്രതിഷേധക്കാര്‍ ഖലിസ്ഥാന്‍ പതാക ഉയര്‍ത്തി മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഇവരെ നീക്കിയാണ് പരിപാടി നടത്തിയത്.
🙏ബ്രിജ് ഭൂഷണെതിരെ തെളിവില്ലാത്തതിനാലാണ് അറസ്റ്റു ചെയ്യാത്തതെന്നു തങ്ങള്‍ ആരോടും പറഞ്ഞിട്ടില്ലെന്നു ഡല്‍ഹി പോലീസ്. അത്തരത്തില്‍ പ്രചരിച്ച വാര്‍ത്ത തെറ്റാണ്. അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ട വാര്‍ത്തയാണ് പോലീസ് നിഷേധിച്ചത്.
🙏തനിക്കെതിരായ ആരോപണങ്ങള്‍ തെളിയിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ എംപി. തെളിവുണ്ടെങ്കില്‍ കോടതിയില്‍ ഹാജരാക്കണമെന്നും അയാള്‍ ഗുസ്തി താരങ്ങളെ വെല്ലുവിളിച്ചു.
🙏ഗുസ്തി താരങ്ങളുടെ സമരത്തിന് രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തുണ നല്‍കരുതെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. സര്‍ക്കാര്‍ കായിക താരങ്ങള്‍ക്കൊപ്പമാണെന്നും അനുരാഗ് താക്കൂര്‍ വ്യക്തമാക്കി. അന്വേഷണം നിയമപ്രകാരം നടക്കും. ഡല്‍ഹി പോലീസിന്റെ അന്വേഷണത്തില്‍ വിശ്വസിക്കണമെന്നും കേന്ദ്രമന്ത്രി.
🙏പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തില്‍ ഇന്ത്യ ലോകരാജ്യങ്ങളില്‍ നിര്‍ണായക സ്ഥാനം നേടിയെന്ന് അമേരിക്കന്‍ നിക്ഷേപക സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലി റിപ്പോര്‍ട്ട്. മോദി സര്‍ക്കാരിന്റെ പത്തു നേട്ടങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. അടിസ്ഥാന സൗകര്യ വികസനം, ജിഎസ്ടി നടപ്പാക്കല്‍, കോര്‍പറേറ്റ് നികുതി ഏകീകരണം, ഡിജിറ്റല്‍ സാമ്പത്തിക ഇടപാടുകള്‍, ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്കു സബ്സിഡി തുടങ്ങിയവയാണ് നേട്ടങ്ങളായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
🙏നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ രാജസ്ഥാനില്‍ റാലിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസിന്റെ അഴിമതി ഭരണം റിമോട്ട് കണ്‍ട്രോളിലൂടെയാണ്. പാവങ്ങളെ പറ്റിക്കുകയും ചൂഷണം ചെയ്യുകയുമാണ് കോണ്‍ഗ്രസിന്റെ നയമെന്നും മോദി കുറ്റപ്പെടുത്തി.
അന്തർദേശീയം
🙏യുഎഇയിലെ യുവ ഇന്ത്യന്‍ വ്യവസായിയും കര്‍ണാടക പുത്തൂര്‍ സ്വദേശിയുമായ മൊഹിയുദ്ധീന്‍ ഹാരിസ് അബ്ദുല്ല ഹൃദയാഘാതം മൂലം ജുബൈലില്‍ മരിച്ചു. 48 വയസായിരുന്നു.
🙏ആദ്യ ഇന്ത്യന്‍ ഹജ്ജ് സംഘം മക്കയിലെത്തി. 2,656 തീര്‍ത്ഥാടകര്‍ ഉള്‍പ്പെട്ട സംഘം മദീനയിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് മക്കയിലെത്തിയത്.
🙏സൗദി ബഹിരാകാശ സഞ്ചാരികളായ റയാന ബര്‍നാവി, അലി അല്‍ഖര്‍നി എന്നിവരുടെ ദൗത്യം വിജയിച്ചെന്ന് സൗദി ബഹിരാകാശ അതോറിറ്റി. ഇവരോടൊപ്പം രണ്ടു സഹയാത്രികരെയും വഹിച്ചുള്ള ബഹിരാകാശ പേടകം എട്ടു ദിവസത്തെ ബഹിരാകാശ യാത്രക്കുശേഷം ‘ആക്സ് 2’ മെക്‌സിക്കന്‍ ഉള്‍ക്കടലിലാണു തിരിച്ചിറങ്ങിയത്.
🙏യുക്രെയിന്റെ അവസാനത്തെ യുദ്ധക്കപ്പല്‍ ഒഡെസ തുറമുഖത്തു തകര്‍ത്തെന്ന് റഷ്യ. യുക്രെയിന്‍ പ്രതികരിച്ചിട്ടില്ല.
കായികം
🙏ഐപിഎല്‍ മത്സരങ്ങള്‍ക്കു ശേഷം ഓസ്ട്രേലിയക്ക് എതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായി കൂടുതല്‍ ഇന്ത്യന്‍ താരങ്ങള്‍ ഇംഗ്ലണ്ടിലെത്തി പരിശീലനം ആരംഭിച്ചു. ജൂണ്‍ 7 മുതല്‍ 11 വരെ ലണ്ടനിലെ ഓവല്‍ സ്റ്റേഡിയത്തിലാണ് ഇന്ത്യ-ഓസ്ട്രേലിയ മത്സരം.
🙏ലോക ഫുട്ബോളിലെ ഇതിഹാസ താരം ലിയോണല്‍ മെസിയെ ബാഴ്‌സയില്‍ തിരിച്ചെത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ബാഴ്സലോണ ക്ലബിന്റെ മാനേജരായ സാവി. എന്നാല്‍ സ്പാനിഷ് ക്ലബിലേക്കുള്ള തിരിച്ചുവരവിന്റെ കാര്യത്തില്‍ തീരുമാനം 99 ശതമാനവും മെസിയുടെ കൈകളിലാണ് എന്നും സാവി വ്യക്തമാക്കി.