ഈ തരം പെരുമാറ്റം നടത്തുന്നവരില്‍ പ്രായത്തിന്റെയോ വിദ്യാഭ്യാസത്തിന്റെയോ വ്യത്യാസങ്ങള്‍ ഇല്ല. പതിനെട്ടു വയസ്സുകാരും എണ്‍പത് വയസ്സുകാരും ഉണ്ട്. തൊഴില്‍ ഇല്ലാത്തവരും, സര്‍ക്കാര്‍ ജോലിക്കാരും, സ്‌കൂള്‍ ഡ്രോപ്പ് ഔട്ടും, പി.എച്ച്.ഡി. ക്കാരും ഉണ്ട്. സാധാരണ ഒറ്റക്കൊറ്റയ്ക്കാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെങ്കിലും ലേഡീസ് ഹോസ്റ്റലിന്റെ മുന്നിലും എറണാകുളത്തും തിരുവനന്തപുരത്തും ഒക്കെ പുറപ്പെടാന്‍ നില്‍ക്കുന്ന ട്രെയിനിന്റെ മറുവശത്ത് നിര്‍ത്തിയിട്ടിരിക്കുന്ന ട്രെയിനിലും ഇവര്‍ സംഘമായി പ്രവര്‍ത്തിക്കുന്നതായി അറിയാം.
പലപ്പോഴും ഒറ്റക്ക് നടന്നു പോകുന്ന സ്ത്രീകളെ ലക്ഷ്യം വെയ്ക്കുമെങ്കിലും ചിലരെങ്കിലും കൂട്ടമായി നടക്കുന്ന സ്ത്രീകളുടെ മുന്നിലും നഗ്‌നത പ്രദര്‍ശിപ്പിച്ചു രക്ഷപെടുന്നു. ഈ പരിപാടിക്ക് വളരെ വലിയ പ്രത്യാഘാതം ഉണ്ടെന്നും ഇത് ചെയ്യുന്ന പുരുഷന് ഒരു നിമിഷത്തെ ‘സുഖം’ ആയിരിക്കും കിട്ടുന്നതെന്നും ഇതിന് ഇരയാവുന്ന സ്ത്രീകള്‍ക്ക് അപ്പോള്‍ ഉണ്ടാകുന്ന ഭയം ജീവിതകാലം മുഴുവന്‍ നീണ്ടു നില്‍ക്കുമെന്നും അദ്ദേഹം ചൂണ്ടികാട്ടി. ലൈംഗികതയോട് തന്നെ വെറുപ്പ് പോലും സ്ത്രീകള്‍ക്ക് ഉണ്ടാക്കും. ഇത്തരക്കാരെ പറ്റി പൊലീസില്‍ പറഞ്ഞിട്ട് ഒരു കാര്യവും ഉണ്ടായിരുന്നില്ല. കോടതിയില്‍ തെളിയിക്കാന്‍ എന്ത് തെളിവാണ് ഇരകള്‍ക്ക് ഉണ്ടാവുകയെന്നും അദ്ദേഹം ചോദിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മുരളി തുമ്മാരുകുടി പ്രതികരണം നടത്തിയത്. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ.
നഗ്‌നതാ പ്രദര്‍ശനവും മൊബൈല്‍ ഫോണും
കേരളത്തില്‍ കാലാകാലമായിട്ടുള്ള ഒരു വൃത്തികേടാണ് സ്ത്രീകളെ/കുട്ടികളെ സ്വന്തം നഗ്‌നത പ്രദര്‍ശിപ്പിക്കുന്നത്. കേരളത്തില്‍ എവിടെയും അവര്‍ ഉണ്ട്. വീടിന്റെ ടെറസ്സില്‍, ഗേറ്റിന് മുന്‍പില്‍, റോഡില്‍, കാറില്‍, ബസ്സില്‍, പ്രതീക്ഷിക്കുന്നിടത്തും പ്രതീക്ഷിക്കാത്തിടത്തും ഇവര്‍ എപ്പോള്‍ വേണമെങ്കിലും പ്രത്യക്ഷപ്പെടാം.
ഈ തരം പെരുമാറ്റം നടത്തുന്നവരില്‍ പ്രായത്തിന്റെയോ വിദ്യാഭ്യാസത്തിന്റെയോ വ്യത്യാസങ്ങള്‍ ഇല്ല. പതിനെട്ടു വയസ്സുകാരും എണ്‍പത് വയസ്സുകാരും ഉണ്ട്. തൊഴില്‍ ഇല്ലാത്തവരും, സര്‍ക്കാര്‍ ജോലിക്കാരും, സ്‌കൂള്‍ ഡ്രോപ്പ് ഔട്ടും, പി.എച്ച്.ഡി. ക്കാരും ഉണ്ട്.
സാധാരണ ഒറ്റക്കൊറ്റയ്ക്കാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെങ്കിലും ലേഡീസ് ഹോസ്റ്റലിന്റെ മുന്നിലും എറണാകുളത്തും തിരുവനന്തപുരത്തും ഒക്കെ പുറപ്പെടാന്‍ നില്‍ക്കുന്ന ട്രെയിനിന്റെ മറുവശത്ത് നിര്‍ത്തിയിട്ടിരിക്കുന്ന ട്രെയിനിലും ഇവര്‍ സംഘമായി പ്രവര്‍ത്തിക്കുന്നതായി അറിയാം. പലപ്പോഴും ഒറ്റക്ക് നടന്നു പോകുന്ന സ്ത്രീകളെ ലക്ഷ്യം വെയ്ക്കുമെങ്കിലും ചിലരെങ്കിലും കൂട്ടമായി നടക്കുന്ന സ്ത്രീകളുടെ മുന്നിലും നഗ്‌നത പ്രദര്‍ശിപ്പിച്ചു രക്ഷപെടുന്നു.
പണ്ടൊക്കെ ഇവര്‍ പൊതുവെ സുരക്ഷിതരായിരുന്നു. പെണ്‍കുട്ടികളും സ്ത്രീകളും (ആണ്‍കുട്ടികളും) ഒട്ടും പ്രതീക്ഷിക്കാത്തപ്പോള്‍ അവരുടെ നേര്‍ക്ക് നഗ്‌നത പ്രദര്‍ശിപ്പിക്കുക, പറ്റിയാല്‍ അശ്ലീലം പറയുക, അവരുടെ ഷോക്ക് കണ്ടു രസിക്കുക, പിന്നെ സ്ഥലം വിടുക. ഇതായിരുന്നു സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രോസിജിയര്‍.
ഇത്തരക്കാരെ പറ്റി പോലീസില്‍ പറഞ്ഞിട്ട് ഒരു കാര്യവും ഉണ്ടായിരുന്നില്ല. കോടതിയില്‍ തെളിയിക്കാന്‍ എന്ത് തെളിവാണ് ഇരകള്‍ക്ക് ഉണ്ടാവുക?. സ്ത്രീകള്‍ പിന്നു വച്ച് കുത്തുന്നതോ കുട കൊണ്ട് അടിക്കുന്നതോ ആയിരുന്നു അവര്‍ക്ക് കിട്ടിയിരുന്ന പരമാവധി ശിക്ഷ.
ഈ പരിപാടിക്ക് വളരെ വലിയ പ്രത്യാഘാതം ഉണ്ട്. ഇത് ചെയ്യുന്ന പുരുഷന് ഒരു നിമിഷത്തെ ”സുഖം” അറിയിരിക്കും കിട്ടുന്നത്. ഇതിന് ഇരയാവുന്ന സ്ത്രീകള്‍ക്ക് അപ്പോള്‍ ഉണ്ടാകുന്ന മനം പിരട്ടല്‍ മുതല്‍ ഒരാഴ്ചത്തേക്കെങ്കിലും അത് അറപ്പുളവാക്കുന്നു. ജീവിതകാലം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഭയം, ലൈംഗികതയോട് തന്നെ വെറുപ്പ് പോലും ഉണ്ടാക്കുന്നു. ഇവരെ പേടിച്ച് യാത്ര ചെയ്യുന്ന സ്ഥലവും സമയവും രീതിയും മാറ്റേണ്ടി വരുന്നു. പലര്‍ക്കും പഠിക്കാന്‍ പോകുന്നതിനും തൊഴില്‍ എടുക്കുന്നതിനും ഇത് തടസ്സമാകുന്നു.
ഇതൊന്നും ഒരു പരിഷ്‌കൃത സമൂഹത്തിലും പാടില്ലാത്തതാണ്. എന്നാല്‍ 2023 ലും ഇത് കേരളത്തില്‍ സ്ഥിരമായി നടക്കുന്നു. കേരളം വിട്ട് പുറത്തു പോകുന്ന സ്ത്രീകള്‍ കേരളത്തിലേക്ക് തിരിച്ചു വരാന്‍ മടിക്കുന്നതും അവരുടെ പെണ്‍കുട്ടികളെ നാട്ടില്‍ വളരാന്‍ അനുവദിക്കാത്തതും ഇതുകൊണ്ട് കൂടിയാണ് (ശരീരത്തില്‍ സ്പര്‍ശിക്കുന്നതും, കയറിപ്പിടിക്കുന്നതും അശ്ലീലം പറയുന്നതും കാരണങ്ങളാണ്).
ഇതൊക്കെ പലപ്പോഴും ഞാന്‍ എഴുതിയിട്ടുള്ളതാണ്. ഇത്തരക്കാര്‍ പൊതുവെ സ്ത്രീകളെയും പെണ്‍കുട്ടികളേയും ആണ് ലക്ഷ്യം വെച്ചിരുന്നത്. അതുകൊണ്ട് തന്നെ കേരളത്തിലെ വലിയൊരു വിഭാഗം ആണുങ്ങള്‍ക്കും ഈ പ്രശ്‌നത്തിന്റെ വ്യാപ്തി അറിയില്ല. ”വല്ലപ്പോഴും ഒക്കെ സംഭവിക്കുന്ന ഒന്ന്” എന്നാണ് അവരുടെ ചിന്ത. സ്ത്രീകള്‍ക്ക് ഇതൊരു സ്ഥിരം അനുഭവവും തലവേദനയും ആണ്. അവര്‍ പക്ഷെ ഏറ്റവും വിശ്വാസമുള്ളവരോടല്ലാതെ അതേ പറ്റി സംസാരിക്കാറില്ല. വീട്ടിലുള്ളവരോട് (അച്ഛന്‍/സഹോദരന്മാര്‍/പങ്കാളി) ഇവരോട് ഇക്കാര്യത്തെ പറ്റി പറഞ്ഞാല്‍ അവര്‍ക്ക് ഇപ്പോഴുള്ള സഞ്ചാര സ്വാതന്ത്ര്യം കൂടി നഷ്ടപ്പെടും. കാര്യത്തില്‍ പ്രായോഗികമായി ഒരു മാറ്റവും ഉണ്ടാവുകയുമില്ല എന്നാണ് അവര്‍ കാണുന്നത്.
ഈ സാഹചര്യത്തില്‍ ചെറിയൊരു മാറ്റം വരുന്നതില്‍ സന്തോഷമുണ്ട്.
അടുത്തടുത്ത ദിവസങ്ങളില്‍ ധൈര്യമായി പ്രതികരിക്കുന്ന സ്ത്രീകളും മൊബൈല്‍ ഫോണിന്റെ ഉപയോഗവും കാരണം ഇത് സമൂഹത്തിന്റെ മുന്നില്‍ വരികയാണ്.
ഇത് സമൂഹം അറിയണം, ഇത്തരക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ഇതൊന്നും കോടതിയില്‍ എത്തി ശിക്ഷിക്കപ്പെടും എന്ന് തോന്നുന്നില്ല എങ്കിലും ഒരാഴ്ച പത്തു പേര്‍ ജയിലില്‍ കിടന്നാല്‍ തന്നെ ഇവരുടെ ശല്യം പത്തിലൊന്നാകും.
വിമാനത്തില്‍ അടുത്തിരുന്ന സ്ത്രീയുടെ മേല്‍ മൂത്രം ഒഴിച്ച ആളെ വിമാനയാത്രയില്‍ നിന്നും വിലക്കിയതു പോലെ, ബസില്‍ കയറി ഇത്തരം വൃത്തികേടുകള്‍ കാണിക്കുന്നവരെ പൊതുഗതാഗതത്തില്‍ നിന്നും ഒഴിവാക്കാനുള്ള സംവിധാനം ഉണ്ടാകണം.
ഇത്തരത്തിലുള്ള വൃത്തികേടുകള്‍ കാണിക്കുന്നവരുടെ ലിസ്റ്റ് ഉണ്ടാക്കി അത് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണം. വാസ്തവത്തില്‍ ഇവന്റെ ഒക്കെ മുഖം മറച്ചു വെക്കേണ്ട ഒരു കാര്യവും ഇല്ല. നാട്ടുകാര്‍ ഒക്കെ അറിയട്ടെ !
ഇതൊന്നും എല്ലാക്കാലവും സഹിക്കേണ്ട ഒന്നല്ല
മാറ്റം വരണം
മാറ്റം വരും
മുരളി തുമ്മാരുകുടി