ലോക കേരള സഭ മേഖലാ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്ക് ഒപ്പമിരിക്കാന്‍ പണപ്പിരിവ് നടത്തിയെന്ന് ആരോപണം

Advertisement

തിരുവനന്തപുരം. അമേരിക്കയില്‍ നടക്കുന്ന ലോക കേരള സഭ മേഖലാ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്ക് ഒപ്പമിരിക്കാന്‍ പണപ്പിരിവ് നടത്തിയെന്ന് ആരോപണം. സംഘാടക സമിതിയുടെ പേരില്‍ ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് പാസുകള്‍ നല്‍കിയാണ് സ്‌പോണ്‍സര്‍ഷിപ്പ്. അതേസമയം, പണമുള്ളവരെ മാത്രം അടുത്തിരുത്തുന്നത് കമ്യൂണിസ്റ്റ് രീതിയാണോ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ചോദ്യമുന്നയിച്ചു. പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തകള്‍ എന്നും പണം പിരിക്കുന്നത് സ്‌പോണ്‍സര്‍ഷിപ്പിന് വേണ്ടിയെന്നും നോര്‍ക്ക വെസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു

ഈമാസം ഒമ്പതു മുതല്‍ 11 വരെ ന്യൂയോര്‍ക്കില്‍ നടക്കുന്ന ലോക കേരള സഭ മേഖലാ സമ്മേളനമാണ് വിവാദത്തിലായാത്. മുഖ്യമന്ത്രിയും ധനമന്ത്രിയും പങ്കെടുക്കുന്ന ചടങ്ങില്‍ താരനിശ മാതൃകയില്‍ പാസുകള്‍ നല്‍കി പണപ്പിരിവ് നടത്തിയെന്നാണ് ആരോപണം. മേഖല സമ്മേളനത്തിലെ പണപിരിവ് നാണക്കേടെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പണമുള്ളവരെ അടുത്ത് ഇരുത്തുന്ന രീതി ആണോ കമ്മ്യൂണിസ്റ്റ് രീതിയെന്ന് ചോദിച്ചു

അതേസമയം, പണപ്പിരിവ് നടക്കുന്നുവെന്ന പ്രചരണം ശരിയല്ലെന്നാണ് നോര്‍ക്കയുടെ വിശദീകരണം. പരിപാടിയുടെ നടത്തിപ്പിനായി സംഘാടക സമിതി സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിക്കുകയാണ് ചെയ്തതെന്നും നോര്‍ക്ക വൈസ് ചെയര്‍മാന് പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു

വലിയ തുക സ്‌പോണ്‍സര്‍ഷിപ്പ് നല്‍കുന്നവര്‍ക്ക് സമ്മേളന വേദിയില്‍ അംഗീകാരവും വി.ഐ.പികള്‍ക്ക് ഒപ്പം ഡിന്നറും വാഗ്ദാനം ചെയ്യുന്ന സ്‌പോണ്‍സര്‍ഷിപ്പ് താരിഫും പുറത്തുവന്നിട്ടുണ്ട്. ലോക കേരള സഭ സര്‍ക്കാര്‍ സംരംഭമായിരിക്കെ സംഘാടക സമിതിയുടെ പേരില്‍ നടക്കുന്ന പണപ്പിരിവിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്

Advertisement