ഹൃദയാഘാതമുണ്ടായ 17-കാരി ആന്‍മരിയ ജോയിയെ ആംബുലന്‍സില്‍ കട്ടപ്പനയില്‍ നിന്ന് കൊച്ചിയിലെ ആശുപത്രിയിലെത്തിച്ചത് രണ്ടരമണിക്കൂറില്‍. കട്ടപ്പന ഇരട്ടയാറില്‍വെച്ചാണ് ആന്‍മരിയക്ക് ഹൃദയാഘാതമുണ്ടായത്. കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയിലായിരുന്ന ആന്‍മരിയയെ അടിയന്തര ചികിത്സക്ക് എറണാകുളം അമൃതാ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു.
കട്ടപ്പനയില്‍ നിന്ന് പുറപ്പെട്ട ആംബുലന്‍സ് ചെറുതോണി-തൊടുപുഴ-മൂവാറ്റുപുഴ-വൈറ്റില വഴിയാണ് അമൃത ആശുപത്രിയിലെത്തിയത്. ഇവിടങ്ങളിലെല്ലാം പൊലീസും നാട്ടുകാരും ചേര്‍ന്ന് ട്രാഫിക് നിയന്ത്രിച്ച് ആംബുലന്‍സിന് വഴിയൊരുക്കി. സ്‌കൂള്‍ കൂടി തുറന്നതു കൊണ്ട് വലിയ തിരക്കായിരുന്നെങ്കിലും ആംബുലന്‍സിന് തടസമില്ലാതെ കടന്നുപോകാനായി.
യാത്രക്കാര്‍ സഹകരിക്കണമെന്നും ആംബുലന്‍സിന് വഴിയൊരുക്കണമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭ്യര്‍ഥിച്ചിരുന്നു. ഇതിന് പിന്നാലെ വിവിധ സംഘടനകളും സമൂഹമാധ്യമ കൂട്ടായ്മകളും സന്നദ്ധപ്രവര്‍ത്തകരും കൈകോര്‍ത്താണ് ആംബുലന്‍സിന് തടസമില്ലാതെ സഞ്ചരിക്കാന്‍ വഴിയൊരുക്കിയത്.
ആന്‍ മരിയ ജോയിയെ രണ്ടര മണിക്കൂര്‍ കൊണ്ട് കൊച്ചി അമൃത ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചുവെന്നും പ്രതിസന്ധി ഘട്ടങ്ങളില്‍ ഒരുമിച്ചു നില്‍ക്കുന്ന മലയാളി സമൂഹം ഒരിക്കല്‍ കൂടി ഒത്തുചേര്‍ന്നതിന് നന്ദിയെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഡോക്ടര്‍മാരോട് സംസാരിച്ചുവെന്നും ആന്‍മരിയയുടെ ജീവന്‍ രക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യാം എന്ന് അവര്‍ ഉറപ്പു നല്‍കിയെന്നും മന്ത്രി പറഞ്ഞു.