ആൻമരിയ അമൃത ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുന്നു

Advertisement

എറണാകുളം:
കട്ടപ്പന ഇരട്ടയാറിൽ വെച്ച് ഹൃദയാഘാതമുണ്ടായ 17 വയസ്സുള്ള ആൻമരിയ ജോയ് കൊച്ചി അമൃതാ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുന്നു.ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഇല്ലെന്നും 72 മണിക്കൂർ നിരീക്ഷണത്തിന് ശേഷമേ മറ്റ് കാര്യങ്ങളിൽ വ്യക്തത ഉണ്ടാകു എന്ന് ആശുപത്രി അധികൃതർ.
കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽ നിന്ന് കുട്ടിക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിനായി എറണാകുളം ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി നാടും ജനങ്ങളും ഒന്നിച്ച കാഴ്ചയാണ് ഇന്നലെ കണ്ടത്. ഇരട്ടയാർ സെൻ്റ് ജോൺസ് പള്ളിയിൽ കുർബ്ബാനയ്ക്കിടെ ഇന്നലെ രാവിലെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ ക്രമീകരണങ്ങളൊരുക്കി. ഇരുപതോളം സംഘടനകൾ, സോഷ്യൽ മീഡിയ കൂട്ടായ്മകൾ, കേരളാ പോലീസ്, ആംബുലൻസ് ഡ്രൈവേഴ്‌സ് സംഘടന, മറ്റ് രാഷ്ട്രീയ സാമൂഹിക സംഘടനകൾ തുടങ്ങിയവർ ആൻമരിയയുടെ ജീവൻ രക്ഷിക്കാൻ ഒന്നിച്ചു. 132 കിലോമീറ്റർ ദൂരം രണ്ട് മണിക്കൂർ 40 മിനിറ്റ് കൊണ്ടാണ് ആംബുലൻസ് എത്തിച്ചേർന്നത്. 

ട്രാഫിക് നിയന്ത്രിച്ച് ആംബുലൻസിന് വഴിയൊരുക്കി പോലീസും ഒപ്പം നിന്നു. ആംബുലൻസ് പോകുന്ന റൂട്ടിലെ യാത്രക്കാർ ഇതൊരു അറിയിപ്പായി കണ്ട് വഴിയൊരുക്കണമെന്ന് മന്ത്രിയുടെ ഓഫീസ് അഭ്യർഥിച്ചിരുന്നു. ആംബുലൻസ് ആശുപത്രിയിൽ എത്തിയതിന് പിന്നാലെ മന്ത്രിയും എത്തി. നാട്ടുകാർക്കും സഹകരിച്ച യാത്രക്കാർക്കും നന്ദിയെന്ന് മന്ത്രി അറിയിച്ചു.
 

Advertisement