വാർത്താനോട്ടം

Advertisement

2023 ജൂൺ O2 വെളളി

BREAKING NEWS

👉 മംഗ്ലൂരു സോമേശ്വർ ബീച്ചിൽ 3 മലയാളി മെഡിക്കൽ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ഗൂണ്ടാ ആക്രമണം നടത്തിയ 7 പേർ പിടിയിൽ

👉 ഗുസ്തി താരങ്ങളുടെ സമരം: കുരുക്ഷേത്രയിലെ ഖാപ് പഞ്ചായത്തിന് ശേഷം തീരുമാനമെന്ന് കർഷക നേതാക്കൾ

👉 കണ്ണൂർ ട്രയിൻ കത്തിക്കൽ കേസ്: പിടിയിലായ ഉത്തരേന്ത്യൻ സ്വദേശിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

👉 ഫ്രാങ്കോ മുളയ്ക്കലിൻ്റെ രാജി; പോരാട്ടത്തിൻ്റെ വിജയമെന്ന് ഫാ. അഗസ്റ്റിൻ വട്ടോളി.

👉 മണിപ്പൂർ കലാപം: മുഖ്യമന്ത്രിയുടെ രാജി ആവശ്യം ശക്തമാക്കി മെയ്തി വിഭാഗവും

👉 കാസർകോട് പൂച്ചക്കാട് കാർ അപകടത്തിൽ ഖദീജ (80) എന്ന വയോധിക മരിച്ചു.

👉 തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കുന്നത് ഇന്ന് ചേരുന്ന കർണ്ണാടക മന്ത്രിസഭാ യോഗത്തിൽ ആലോചിക്കും.

👉 ലോക കേരളസഭയുടെ വരവ് ചെലവ് കണക്കുകൾ പ്രസിദ്ധീകരിക്കുമെന്ന് സംഘാടകർ.

കേരളീയം

🙏സംസ്ഥാനത്തു കടുത്ത വൈദ്യുതി ക്ഷാമം. വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചെങ്കിലും വൈദ്യുതി വാങ്ങല്‍ കരാറുകള്‍ക്കു റഗുലേറ്ററി കമ്മീഷന്റെ അംഗീകാരം ലഭിക്കാത്തതിനാല്‍ പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ട അവസ്ഥയിലാണെന്ന് കെഎസ്ഇബി സര്‍ക്കാരിനെ വീണ്ടും അറിയിച്ചു.

🙏കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ തീവച്ചതിനു ഉത്തര്‍പ്രദേശ് സ്വദേശി പിടിയിലായി. നേരത്തെ ട്രെയിനിനു മുന്നില്‍ ചവര്‍ കൂട്ടിയിട്ട് കത്തിച്ച കേസില്‍ ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു.

🙏എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍നിന്ന് ‘ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍’ അടക്കമുള്ള പാഠഭാഗങ്ങള്‍ ഒഴിവാക്കി. പത്താം ക്ലാസ് പാഠപുസ്തകത്തില്‍ നിന്ന് പിരിയോഡിക് ടേബിള്‍, ഊര്‍ജ്ജ സ്രോതസുകള്‍ എന്നീ ഭാഗങ്ങളാണ് ഒഴിവാക്കിയത്. പ്രധാന പോരാട്ടങ്ങളും മുന്നേറ്റങ്ങളും, രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങിയ ഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്.

🙏എംജി, മലയാളം സര്‍വകലാശാലകളില്‍ താത്കാലിക വൈസ് ചാന്‍സലര്‍മാരെ നിയമിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ പട്ടിക ഗവര്‍ണര്‍ തള്ളി. സീനിയര്‍ തലത്തിലുള്ള മൂന്നു സീനിയര്‍ പ്രഫസര്‍മാരുടെ പാനല്‍ വേണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. എംജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറായി കഴിഞ്ഞ ദിവസം വിരമിച്ച ഡോ. സാബു തോമസിനെത്തന്നെ നിയമിക്കാന്‍ മൂന്നു പേരുടെ പാനലാണു നല്‍കിയതെങ്കിലും രണ്ടു പേര്‍ വളരെ ജൂണിയറായതിനാലാണ് ഗവര്‍ണര്‍ ഉടക്കിയത്.

🙏ഹൈക്കോടതി ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 56 ല്‍നിന്ന് 58 വയസാക്കി വര്‍ധിപ്പിക്കണമെന്ന ഹൈക്കോടതി രജിസ്ട്രാറുടെ ആവശ്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കട്ടെയെന്ന് ഹൈക്കോടതി. സര്‍ക്കാരിന്റെ തീരുമാനം വരുന്നതുവരെ സര്‍വീസില്‍ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി അംഗീകരിച്ചില്ല.

🙏പഠനനിലവാരം ഉയര്‍ത്താന്‍ നാലാം ക്ലാസ് വരെ വിദ്യാര്‍ത്ഥികള്‍ക്കു സമഗ്ര ഗുണതാ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍തല മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായാണ് ഇത് നടപ്പാക്കുക. ഇതിനായി അധ്യാപകര്‍ക്കു പരിശീലനം നല്‍കിയിട്ടുണ്ട്.

🙏കേരളത്തിന്റെ സൗജന്യ ചികിത്സയെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന ഹെല്‍ത്ത് ഫിനാന്‍സിംഗ് ലീഡ് ഡോ. ഗ്രേസ് അച്യുഗുരാ. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി നടത്തിയ കൂടിക്കാഴ്ചയിലും സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘അനുഭവ് സദസ്’ ദേശീയ ശില്‍പശാലയിലും സംസ്ഥാനത്തെ സൗജന്യ ചികിത്സ മാതൃകാപരമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

🙏സംസ്ഥാനത്തെ രണ്ടു ഡിജിപിമാരുടെ വിരമിക്കല്‍ ചടങ്ങില്‍ ആദരസൂചകമായി ആകാശത്തേക്കു വെടി ഉതിര്‍ക്കാന്‍ തോക്ക് ഉപയോഗിച്ചതില്‍ വീഴ്ച വരുത്തിയ വനിതാ ബറ്റാലിയനിലെ 35 വനിതാ പൊലീസുകാര്‍ക്കു ശിക്ഷ. ഒരാഴ്ച തൃശൂര്‍ പൊലീസ് അക്കാദമിയിലെ പരിശീലനത്തില്‍ പങ്കെടുക്കണമെന്നാണ് നിര്‍ദേശം.

🙏ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ രാജിവച്ചു. ജലന്ധര്‍ ബിഷപ്പ് സ്ഥാനത്തുനിന്നുള്ള രാജി മാര്‍പാപ്പ സ്വീകരിച്ചു. ഇനി ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പ് എമിരറ്റസ് എന്നറിയപ്പെടും. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന് ആരോപിച്ചുള്ള കേസില്‍ കോടതി കുറ്റമുക്തനാക്കി വെറുതെ വിട്ടെങ്കിലും അപ്പീല്‍ കോടതിയുടെ പരിഗണനയിലാണ്.

🙏കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ ആള്‍മാറാട്ട കേസില്‍ ഒന്നാംപ്രതിയായ മുന്‍ പ്രിന്‍സിപ്പല്‍ ജി.ജെ ഷൈജു മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചു. അന്വേഷണത്തില്‍ പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്. നാളെ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി പൊലീസിനു നിര്‍ദ്ദേശം നല്‍കി.

🙏കോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡനക്കേസിലെ അതിജീവിതയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് ജീവനക്കാരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു. കുറ്റം തെളിയിക്കാനായില്ലെന്ന് പ്രിന്‍സിപ്പാള്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

🙏തിരുവല്ല ബിലീവേഴ്സ് മെഡിക്കല്‍ കോളജില്‍ എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ പത്തനംതിട്ട നിരണം പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ കെ.പി പുന്നൂസിനെ അറസ്റ്റു ചെയ്തു. ബിലിവേഴ്സ് സഭ അധ്യക്ഷന്‍ കെ പി യോഹന്നാന്റെ സഹോദരനാണ് കെ പി പുന്നൂസ്. കോട്ടയം പുതുപ്പള്ളി സ്വദേശിയാണ് പരാതിക്കാരന്‍.

🙏കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമം നടത്തിയയാള്‍ പിടിയില്‍. മലപ്പുറം കൊണ്ടോട്ടി സ്വദേശി മുസമ്മിലിനെയാണ് അറസ്റ്റു ചെയ്തത്. എറണാകുളത്തുനിന്നു തൊടുപുഴയിലേക്കുള്ള ബസിലാണ് ലൈംഗികാതിക്രമം ഉണ്ടായത്.

🙏തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിനു വന്ന സ്ത്രീയോട് മോശമായി പെരുമാറിയ ജീവനക്കാരനെതിരെ പൊലീസ് കേസെടുത്തു.

ദേശീയം

🙏മണിപ്പൂരില്‍ പോലീസ് മേധാവിയെ മാറ്റി. കലാപത്തിനിടെ പക്ഷപാതപരമായ നടപടികളാണുണ്ടായതെന്നു ശക്തമായ ആരോപണം ഉയര്‍ന്നിരിക്കേയാണ് നടപടി. കലാപത്തെക്കുറിച്ചു വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ഡുഡീഷ്യല്‍ അന്വേഷണം നടത്തുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. ഓരോ പ്രദേശത്തും സമാധാന സമിതികള്‍ രൂപീകരിച്ചു. അക്രമം വച്ചപൊറുപ്പിക്കില്ലെന്ന് അമിത് ഷാ അന്ത്യശാസനം നല്‍കി.

🙏ഗുസ്തി താരങ്ങളുടെ പരാതിയില്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്ന് ഖാപ് പഞ്ചായത്തില്‍ കര്‍ഷക നേതാവ് രാകേഷ് ടിക്കായത്. എല്ലാ ഖാപ് പഞ്ചായത്തുകളുടേയും അഭിപ്രായങ്ങള്‍ പരിഗണിച്ചു മുന്നേറുമെന്നാണ് താക്കീത്.

🙏മെയ് മാസത്തിലെ ജിഎസ്ടി കളക്ഷന്‍ കഴിഞ്ഞ വര്‍ഷത്തതിനേക്കാള്‍ 12 ശതമാനം ഉയര്‍ന്ന് 1,57,090 കോടി രൂപയായി. എന്നാല്‍ കഴിഞ്ഞ മാസം ഇത് 1.87 ലക്ഷം കോടിയായിരുന്നു.

🙏കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ പാര്‍ട്ടികളെ അടിച്ചമര്‍ത്തുന്ന കേന്ദ്രസര്‍ക്കാരിന്റെ നയം തമിഴ്നാട്ടിലും നടപ്പാക്കിത്തുടങ്ങിയെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. ആദായ നികുതി വകുപ്പിനേയും സിബിഐയേയും ഇഡിയേയും ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ പ്രതികാരം ചെയ്യുകയാണെന്നു സ്റ്റാലിന്‍ പറഞ്ഞു.

🙏കര്‍ണാടകയില്‍ ലോകായുക്ത റെയ്ഡുകളില്‍ പിടിച്ചെടുത്തത് കോടിക്കണക്കിന് രൂപയും സ്വര്‍ണവും ആഢംബര വസ്തുക്കളും. രണ്ടു ദിവസമായി 53 സ്ഥലങ്ങളിലാണ് ലോകായുക്ത റെയ്ഡു നടത്തിയത്. കര്‍ണാടകയിലെ 11 സ്റ്റേഷനുകളിലായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്യപ്പെട്ട 15 അനധികൃത സ്വത്ത് സമ്പാദനക്കേസുകളിലായിരുന്നു റെയ്ഡ്.

🙏വന്ധ്യംകരണ ശസ്ത്രക്രിയക്കു തൊട്ടുമുമ്പ് സര്‍ജനായ ഡോക്ടര്‍ മദ്യപിച്ച് ഓപ്പറേഷന്‍ തിയറ്ററില്‍ കുഴഞ്ഞുവീണു. അനസ്തേഷ്യ നല്‍കി ശസ്ത്രക്രിയ നടത്തുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പാണ് ഡോക്ടറായ ബാലകൃഷ്ണ തിയറ്ററില്‍ കുഴഞ്ഞുവീണത്. കര്‍ണാടകയിലെ ചിക്കമംഗളൂരുവിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം.

🙏മഹാകുംഭമേളയ്ക്കു 300 കോടി രൂപുടെ പദ്ധതികളുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രയാഗ് രാജിലെ സംഗം നഗരത്തില്‍ നടക്കുന്ന ‘മഹാകുംഭ് 2023’-ന്റെ ഭാഗമായാണ് പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

🙏അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പങ്കെടുത്ത പരിപാടിയില്‍ ദേശീയഗാനത്തോട് അനാദരവ് കാണിച്ചെന്ന ആരോപണവുമായി ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ. പരിപാടിയില്‍ ദേശീയ ഗാനം ആലപിക്കുന്നതിനിടെ നിര്‍ത്തുകയും മൈക്ക് പരിശോധിക്കുകയാണെന്ന് അനൗണ്‍സ് ചെയ്യുകയും ചെയ്തെന്നാണ് ആരോപണം.

🙏വനിതാ ഐഎഎസ് ഉദ്യോഗസ്ഥ ഇരുമ്പു പൈപ്പുകൊണ്ടു മര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് ഹോംഗാര്‍ഡ് ആശുപത്രിയില്‍. ബിഹാറിലെ സരണില്‍ ഡെപ്യൂട്ടി ഡെവലപ്മെന്റ് കമ്മീഷണറായ പ്രിയങ്ക റാണിയാണ് വീട്ടില്‍ ഡ്യൂട്ടി ചെയ്തിരുന്ന ഗാര്‍ഡ് അശോക് കുമാര്‍ സാഹിനെ പുറത്തുള്ള ചില ജോലി ചെയ്യാന്‍ വിസമ്മതിച്ചതിനെ മര്‍ദ്ദിച്ചത്.

🙏ഇന്ത്യയില്‍ തൊഴിലില്ലായ്മ വര്‍ധിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജനാധിപത്യത്തിന്റെ അടിത്തറ ഇളകിയിരിക്കുന്നു. മാധ്യമ സ്വാതന്ത്ര്യം കുറയുകയാണ്. വെറുപ്പും വിദ്വേഷവും വിതറി രാജ്യത്തെ ഭിന്നിപ്പിക്കുകയാണ്. അമേരിക്കയിലെ സന്ദര്‍ശന പരിപാടിയില്‍ രാഹുല്‍ വിമര്‍ശിച്ചു.

🙏എണ്ണ പര്യവേഷണത്തിനായി ചൈന ഭൂമിക്കടിയിലേക്ക് 32,802 അടി കുഴിക്കുന്നു. എണ്ണ സമ്പന്നമായ സിന്‍ജിയാങ് മേഖലയിലാണ് പര്യവേക്ഷണം ആരംഭിച്ചത്.

കായികം

🙏ഐപിഎല്‍ ആരവങ്ങള്‍ക്ക് പിന്നാലെ പ്രശസ്ത ക്രിക്കറ്റ് താരം എം.എസ് ധോണിക്ക് കാല്‍മുട്ട് ശസ്ത്രക്രിയ. മുംബൈയിലെ കോകിലാബെന്‍ ആശുപത്രിയിലാണ് ധോണി ശസ്ത്രക്രിയയ്ക്ക് വിധേയനായത്. താരം പൂര്‍ണ ആരോഗ്യവാനാണെന്നും രണ്ടു ദിവസം കൂടി അദ്ദേഹം ആശുപത്രിയില്‍ തുടരുമെന്നും ചെന്നൈസ് സൂപ്പര്‍ കിങ്സ് മനേജ്മെന്റും ആശുപത്രി അധികൃതരും വ്യക്തമാക്കി. താരം പൂര്‍ണ്ണമായി സുഖം പ്രാപിക്കുന്നതിന് എത്രനാള്‍ വേണ്ടിവരുമെന്ന് വ്യക്തമായിട്ടില്ല.

🙏ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്നോടിയായി ടീം ഇന്ത്യക്കായി മൂന്ന് പുത്തന്‍ ജേഴ്‌സികള്‍ പുറത്തിറക്കി അഡിഡാസ്. ടെസ്റ്റ്, ട്വന്റി 20, ഏകദിന ജഴ്‌സികളാണ് അഡിഡാസ് അണിയിച്ചൊരുക്കിയത്. ഓസ്‌ട്രേലിയക്കെതിരെ ഓവലില്‍ ജൂണ്‍ ഏഴിന് ആരംഭിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ താരങ്ങള്‍ പുതിയ ജേഴ്‌സിയിലാകും ഇറങ്ങുക.