വിദ്യാഭ്യാസ വകുപ്പിനെതിരെ വ്യാജ പ്രചാരണം:പോരുവഴിയിലെ ബിജെപി പഞ്ചായത്തംഗം നിഖിൽ മനോഹറിന് ജാമ്യം

Advertisement

ശാസ്താംകോട്ട :വിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയെ തുടർന്ന് റിമാന്റിലായിരുന്ന യൂട്യൂബറും പോരുവഴി പഞ്ചായത്തിലെ ബിജെപി അംഗവുമായ നിഖിൽ മനോഹറിന് (28) അഞ്ചാം ദിവസം ജാമ്യം ലഭിച്ചു.തിരുവനന്തപുരം മൂന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന നിഖിൽ ഇന്ന് വൈകിട്ടോടെ നാട്ടിലെത്തും.തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് കഴിഞ്ഞ ഞായറാഴ്ച അർദ്ധ രാത്രിയിൽ വീട്ടിലെത്തിയാണ് നിഖിലിനെ
കസ്റ്റഡിയിലെടുത്തത്.സ്വന്തം യൂട്യൂബ് ചാനൽ വഴി വിദ്യാഭ്യാസ വകുപ്പിനെ അപകീർത്തിപ്പെടുത്തിയെന്ന മന്ത്രി വി.ശിവൻകുട്ടിയുെടെ പരാതിയിലാണ് അറസ്റ്റ് നടന്നത്.

ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ച ശേഷം റിസർട്ടിൽ താളപ്പിഴകളുണ്ടെന്നും ഇതിനാൽ പിൻവലിക്കുമെന്നും ചാനൽ വഴി പ്രചരിപ്പിച്ചു.ഇതോടെ ആശങ്കയിലായ വിദ്യാർത്ഥികളും രക്ഷിതാക്കളും മന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ച് അന്വേഷിച്ചതോടെയാണ് സംഭവം വിവാദമായത്.നിഖിലിന് പിന്തുണ അറിയിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അമ്പലത്തുംഭാഗത്തെ വീട് സന്ദർശിച്ചിരുന്നു.അതിനിടെ വ്യാജ വാർത്ത നൽകി വിദ്യാഭ്യാസ വകുപ്പിനെ അപകീർത്തിപ്പെടുത്തിയ നിഖിൽ പഞ്ചായത്ത് അംഗത്വം രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ,എസ്ഡിപിഐ തുടങ്ങിയ സംഘടനകൾ പോരുവഴി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തുകയും ഉപരോധിക്കുകയും ചെയ്തിരുന്നു.