റബറിന് മുന്നൂറ് രൂപ തറവില വേണം, സിപിഎം കർഷക സംഘടന പ്രക്ഷോഭത്തിന്

Advertisement

കോഴിക്കോട്. കടുംവെട്ട് വെട്ടാന്‍ പാര്‍ട്ടിക്കുമറിയാം, റബറിന് മുന്നൂറ് രൂപ തറവില ആവശ്യപ്പെട്ട് സിപിഎം കർഷക സംഘടന പ്രക്ഷോഭത്തിന്. ചൊവ്വാഴ്ച താമരശ്ശേരിയിലാണ് കർഷക സംഘത്തിന്‍റെ സമരം. തലശ്ശേരി ബിഷപ് ബിജെപി നേതൃത്വത്തോട് ഉന്നയിച്ച അതേ ആവശ്യമാണ് സിപിഎം ഏറ്റെടുക്കുന്നത്. സഭാ നിലപാട് സമരത്തിന് ഒരു ഘടകം തന്നെയാണെന്ന് സിപിഎം നേതാവ് ജോർജ്ജ് എം തോമസ് വ്യക്തമാക്കി.

റബ്ബറിന് 300 രൂപ തറവില പ്രഖ്യാപിച്ച്, കേന്ദ്ര ഗവൺമെൻ്റ് സംഭരണം ഏർപ്പെടുത്തുക, റബ്ബറിനെ കാർഷിക വിളയായി കണക്കാക്കുക, ഉൽപാദനത്തിൽ മുന്നിലുള്ള കേരളത്തിന് പ്രത്യേക പാക്കേജ് അനുവദിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സിപിഎം സംഘടനയായ കേരള കർഷക സംഘം സമരത്തിനൊരുങ്ങുന്നത്. എന്നാൽ റബ്ബറിന് 300 രൂപയാക്കിയാൽ ബിജെപിക്ക് കേരളത്തിൽ നിന്ന് ഒരു എംപിയില്ലെന്ന വിഷമം മാറ്റിത്തരുമെന്ന തലശ്ശേരി ആർച്ച് ബിഷപ്പിന്‍റെ പ്രസ്താവന ഇതിന് മുമ്പ് വിവാദമായിരുന്നു. ഇപ്പോൾ അതേ കാര്യം ഏറ്റെടുത്ത് സമരത്തിനിറങ്ങുകയാണ് സിപിഎം സംഘടനയായ കേരള കർഷക സംഘം.

എന്നാൽ ബിജെപി നേതാക്കൾ ക്രൈസ്തവ മതമേലധ്യക്ഷൻന്മാരെ അരമനയിൽ പോയി കണ്ടതിനെ സിപിഎം നേതൃത്വം പരസ്യമായി വിമർശിക്കുന്നുണ്ടെങ്കിലും
ബി ജെ പി നീക്കം സിപിഎം ഗൗരവത്തോടെയാണ് കാണുന്നത്. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മലയോര മേഖലയിലെ വോട്ട് ചോർച്ച കൂടി ഭയന്നാണ് റബ്ബർ വില വർധനയെന്ന ആവശ്യം സിപിഎം ഏറ്റെടുക്കുന്നത്. എന്നാൽ ഇതിൻ്റെ പേരിൽ മത മേലധ്യക്ഷന്മാരെ നേരിൽ പോയി കാണില്ലെന്ന് നേതാക്കൾ പരസ്യമായി പറയുന്നുണ്ടെങ്കിലും സഭാ നേതൃത്വത്തെ കൂടി ഒപ്പം നിർത്താനാണ് പാർട്ടി ലക്ഷ്യമിടുന്നത്.

Advertisement