കൊല്ലം: ഇന്ത്യയിലെ തെക്കുപടിഞ്ഞാറന്‍ മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളും തീര്‍ത്ഥാടന കേന്ദ്രങ്ങളും സന്ദര്‍ശിക്കാന്‍ ഭാരത് ഗൗരവ് ട്രെയിന്‍ ടൂര്‍ പാക്കേജുമായി ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ ലിമിറ്റഡ്.
കേന്ദ്ര സര്‍ക്കാരിന്റെ ദേഖോ അപ്‌നാ ദേശ്, ഏക് ഭാരത് ശ്രേഷ്ഠ ഭാരത് എന്നീ ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ സ്ലീപര്‍, എസി സൗകര്യമുള്ള എല്‍എച്ച്ബി ട്രെയിനിലാണ് യാത്ര.
ഈ വിഭാഗത്തിലെ അടുത്ത യാത്ര 17ന് കൊച്ചുവേളിയില്‍ നിന്ന് തുടങ്ങി മൈസൂര്‍, ഹംപി, ഷിര്‍ദി, ശനി ശിംഗനാപൂര്‍, നാസിക്, ഗോവ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് 26ന് തിരികെയെത്തും. നോണ്‍ എസി ക്ലാസില്‍ ഒരാള്‍ക്ക് 18350 രൂപയും തേര്‍ഡ് എസി ക്ലാസില്‍ 28280 രൂപയുമാണ് നിരക്ക്. കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, ഒറ്റപ്പാലം, പാലക്കാട് ജങ്ഷന്‍, പോടന്നൂര്‍, ഈറോഡ്, സേലം എന്നിവിടങ്ങളില്‍ ട്രെയിനിന് സ്റ്റോപ്പുണ്ട്. മടക്ക യാത്രയില്‍ മംഗലാപുരം, കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം ടൗണ്‍, കോട്ടയം, കൊല്ലം, കൊച്ചുവേളി എന്നിവിടങ്ങളില്‍ ഇറങ്ങാം. വിവരങ്ങള്‍ക്കും ബുക്കിങ്ങിനും ഐആര്‍സിടിസി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.