കമ്പം. അരിക്കൊമ്പനെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പങ്കു വയ്ക്കുന്നവർക്കെതിരെ നടപടി എടുക്കുമെന്ന് തേനി ജില്ല കളക്ടർ. നിലവിൽ ഷണ്മുഖ നദി അണക്കെട്ട് ഭാഗത്തെ വനത്തിൽ ആണ് അരിക്കൊമ്പൻ ഉള്ളത്.
അരിക്കൊമ്പൻ ജനവാസ മേഖലയിലേക്ക് എത്തുന്നു എന്ന രീതിയിൽ തെറ്റായ വിവരം പലരും സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് തേനി കളക്ടർ ഷാജീവനയുടെ അറിയിപ്പ്. ജനവാസ മേഖലയിൽ നിന്നും ദൂരെ വനത്തിലാണ് അരിക്കൊമ്പനിപ്പോൾ. ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തടയാനും നടപടി എടുത്തിട്ടുണ്ട്. 85 പേരടങ്ങുന്ന സംഘത്തെ 24 മണിക്കൂറും ആനയേ നിരീക്ഷിക്കാൻ നിയോഗിച്ചു. ആന വനത്തിൽ നിന്നും ഇറങ്ങി വരാനുള്ള സാധ്യത കൂടി പരിഗണിച്ച് കമ്പം, പുതുപ്പെട്ടി, കെ കെ പെട്ടി, ഗൂഡല്ലൂർ എന്നീ മുനിസിപ്പാലിറ്റികളിൽ നിരോധനാജ്ഞ തുടരുമെന്നും കളക്ടർ അറിയിച്ചു.
വെള്ളം കുടിക്കാനായി രാത്രിയിൽ ആന ഷണ്മുഖ നദി ഡാമിൻറെ പരിസരത്ത് എത്തുന്നുണ്ട്. പിന്നീട് തിരികെ കാടുകയറും. നിലവിലെ സാഹചര്യത്തിൽ ആന ഉൾക്കാട്ടിൽ തന്നെ തുടരും എന്നാണ് വനംവകുപ്പിന്റെ കണക്കുകൂട്ടൽ. പുറത്തേക്കിറങ്ങി ശല്യം ഉണ്ടാക്കിയാൽ മാത്രം മയക്കു വെടി വയ്ക്കാനാണ് തീരുമാനം. വനത്തിനുള്ളിലൂടെ തന്നെ മേഘമല ഭാഗത്തേക്ക് തുരത്താനും ആലോചനയുണ്ട്.