കോഴിക്കോട്. മലാപറമ്പിൽ ഡോക്ടർമാരായ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ സ്വദേശികളായ
രാം മനോഹർ, ശോഭ എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായും സംഭവത്തിൽ ദുരൂഹതയില്ലെന്നും മെഡിക്കൽ കോളേജ് എസി പി വ്യക്തമാക്കി.
തൃശൂരിലെ സ്വകാര്യ ആശുപത്രികളിൽ ഇഎൻടി ഡോക്ടറായിരുന്ന രാം മനോഹറും പീഡിയാട്രീഷ്യനായിരുന്ന ഭാര്യ ശോഭയും ആറുമാസം മുമ്പാണ് മലാപ്പറമ്പ് ഹൗസിംഗ് കോളനിയിൽ വീട് വാങ്ങിയത്. ഏക മകൾ ഡോക്ടർ അർച്ചന ജോലി ചെയ്യുന്നത് കോഴിക്കോടാണ്.
75 കാരനായ രാം മനോഹരും 65 കാരിയായ ശോഭയും നിരവധി രോഗങ്ങളാല്‍ പീഡിതരായിരുന്നു. ഏതാനും ദിവസങ്ങളായി മനോവിഷമത്തിൽ ആയിരുന്ന ഇരുവരും മൂന്നുദിവസം മുമ്പ് വീട്ടുജോലിക്കാരിയെ പറഞ്ഞുവിട്ടു. പിന്നീട് മകൾ അർച്ചനയും മരുമകൻ അർജുനുമാണ് ഭക്ഷണം ഉൾപ്പെടെ എത്തിച്ചിരുന്നത് . രാവിലെ ഭക്ഷണവുമായി എത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഗുളിക അമിതമായി കഴിച്ചതാണ് മരണത്തിന് കാരണമെന്നും ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായും മെഡിക്കൽ കോളേജ് എസിപി സുദർശൻ വ്യക്തമാക്കി
ദമ്പതികളുടെ മരണത്തിന്റെ ഞെട്ടലിലാണ് സമീപവാസികൾ.ചേവായൂർ പൊലീസും ഫോറൻസിക് വിഭാഗവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു .
കോഴിക്കോട് മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി .