കൊല്ലം: യാത്രാമധ്യേ ബസിൽ കുഴഞ്ഞുവീണ് അബോധാവസ്ഥയിലായ
വയോധികനെ ആശുപത്രിയിൽ എത്തിക്കാതെ വഴിയിൽ ഉപേക്ഷിച്ചു പോയതു കാരണം മരണം സംഭവിച്ച സാഹചര്യത്തിൽ ബസ് ജീവനക്കാരുടെ നടപടിയെ കുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
കൊല്ലം ജില്ലാ (റൂറൽ) പോലീസ് മേധാവി അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട്. സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ.ബീനാകുമാരി ആവശ്യപ്പെട്ടു.
പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ കേസെടുത്തത്. ബസ് ജീവനക്കാരുടെ കൺമുമ്പിലാണ് ഇടുക്കി പള്ളിവാസൽ വെട്ടുകല്ലുമുറി ചിത്തിരപുരം സ്വദേശി എ.എം.സിദ്ധിഖ് കുഴഞ്ഞു വീണത്. എന്നാൽ ബസ് ജീവനക്കാർ വഴിയോരത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇയാളെ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. ജൂൺ രണ്ടിന് ഉച്ചയ്ക്കാണ് സംഭവം. ലോട്ടറി കച്ചവടക്കാരനായിരുന്നു ഇദ്ദേഹം. അഞ്ചൽ – വിളക്കുപാറ റൂട്ടിൽ ഓടുന്ന ലക്ഷ്മി എന്ന ബസിലെ ജീവനക്കാർക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്.