വാർത്താനോട്ടം

Advertisement

2023 ജൂൺ 04 ഞായർ

BREAKING NEWS

👉ഒഡിഷയിലെ ബാലസോറില്‍ മൂന്നു ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 288 ആയി.

👉 1,176 പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സ തേടി. 382 പേര്‍ ചികില്‍സയില്‍ തുടരുകയാണ്.

👉ട്രെയിന്‍ ദുരന്ത പ്രദേശം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വേദനാജനകം, വാക്കുകളില്ലെന്നു നരേന്ദ്ര മോദി പറഞ്ഞു.

👉 അപകട സ്ഥലത്തും പരിക്കേറ്റവര്‍ ചികില്‍സയിലുള്ള ആശുപത്രിയിലും പ്രധാനമന്ത്രി സന്ദര്‍ശിച്ചു.

👉ഒഡിഷ ട്രെയിന്‍ ദുരന്തത്തിനു കാരണം ഷാലിമാര്‍ – ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസ് ട്രാക്ക് തെറ്റി ഗുഡ്സ് ട്രെയിനില്‍ ഇടിച്ചുകയറിയതാണെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്.

👉 തെറ്റായ സിഗ്നല്‍
ലഭിച്ചതിനാലാകാം കോറമണ്ഡല്‍ എക്സ്പ്രസ് ട്രാക്ക് തെറ്റി ഓടാന്‍ കാരണമെന്നാണ് നിഗമനം.

👉ട്രെയിനുകള്‍ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കാനുള്ള സംവിധാനമായ ‘കവച്’ ഒഡീഷയില്‍ അപകടത്തില്‍പ്പെട്ട ട്രെയിനുകളില്‍ ഇല്ലാതിരുന്നെന്നു റിപ്പോര്‍ട്ട്.

കേരളീയം

🙏കെ-ഫോണ്‍ ഉദ്ഘാടനം നാളെ. ആദ്യഘട്ടത്തില്‍ 30,000 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഒരു മണ്ഡലത്തില്‍ നൂറു വീടുകള്‍ക്ക് എന്ന തോതില്‍ 14,000 വീടുകള്‍ക്കുമാണു കണക് ഷന്‍ നല്‍കുന്നത്. സംസ്ഥാനത്തെ സാമ്പത്തികമായി പിന്നാക്കമുള്ള 20 ലക്ഷത്തോളം കുടുംബങ്ങള്‍ക്കു സൗജന്യമായും മറ്റുള്ളവര്‍ക്കു മിതമായ നിരക്കിലും ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുമെന്നാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപനം. നാളെ വൈകിട്ട് നാലിനു നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

🙏എഐ കാമറകളുടെ കൂട്ടവേട്ട നാളെ മുതല്‍. മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ക്കു ജൂണ്‍ അഞ്ചു മുതല്‍ പിഴ ഈടാക്കുമെന്നു നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

🙏റോഡ് കാമറകള്‍ക്കു മുന്നില്‍ നാളെ പ്രതിഷേധ സമരം നടത്തുമെന്ന് മുസ്ലിം യൂത്ത് ലീഗ്. കാമറകള്‍ക്കു നൂറു മീറ്റര്‍ അകലെ അപായ ബോര്‍ഡുകള്‍ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. കാമറകള്‍ക്കെതിരേ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നാളെ വൈകുന്നേരം അഞ്ചിനു പ്രതിഷേധിക്കുമെന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നു.

🙏കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പുനസംഘടനയെച്ചൊല്ലി സംസ്ഥാനത്തെ കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ തമ്മില്‍ കലഹം. കൂടിയാലോചനയില്ലാതെയാണ് 197 ബ്ലോക്ക് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതെന്ന് ആരോപിച്ച് എ, ഐ ഗ്രൂപ്പുകള്‍ ഹൈക്കമാന്‍ഡിനു പരാതി നല്‍കി.

🙏പ്രീ പ്രൈമറി, പ്രൈമറി വിദ്യാലയങ്ങളെ കൂടുതല്‍ ആധുനികവത്ക്കരിക്കുമെന്ന് മന്ത്രി വി ശിവന്‍ കുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മണ്ണന്തല ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നിര്‍മ്മിച്ച വര്‍ണക്കൂടാരം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

🙏ബ്രഹ്‌മപുരത്ത് മാലിന്യം തള്ളുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടി കൊച്ചി കോര്‍പറേഷന്‍. സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയും വിലക്കിയിരിക്കേയാണ് അനുമതി തേടിയിരിക്കുന്നത്. ഇതേസമയം, മാലിന്യ നീക്കം പരാജയപ്പെട്ടിരിക്കേ, മാലിന്യം നീക്കം ചെയ്യാന്‍ കൂടുതല്‍ സ്വകാര്യ കമ്പനികളില്‍നിന്ന് താല്‍പര്യപത്രം ക്ഷണിച്ചു.

🙏ആലപ്പുഴ- കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിന്‍ തീവയ്പു കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അടിക്കടി ഉണ്ടാകുന്ന തീവയ്പ് ദുരൂഹമാണെന്നും സുധാകരന്‍.

🙏മുഖ്യമന്ത്രി പിണറായി വിജയനും സംഘവും അമേരിക്കയില്‍ യാചകവേഷം അണിയാന്‍ ശ്രമിക്കുകയാണെന്ന് ആര്‍എസ്പി സംസ്ഥാന ജനറല്‍ സെക്രട്ടറി ഷിബു ബേബി ജോണ്‍. ഇറച്ചി കടയില്‍ എല്ലിന്‍ കഷണം തേടിപ്പോകുന്ന പട്ടികളുടെ അവസ്ഥ അപമാനകരമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

🙏സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിന്. സര്‍ക്കാര്‍ അനുവദിച്ച കമ്മീഷന്‍ യഥാസമയം വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച സെക്രട്ടേറിയറ്റിനു മുന്നില്‍ സൂചനാ സമരം നടത്തും.

🙏കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ നഗ്നതാ പ്രദര്‍ശനം നടത്തിയതിന് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതി സവാദിനെ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ മാലയിട്ട് സ്വീകരിച്ചു. കോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് സവാദ് ഇന്നലെ ജയിലില്‍നിന്ന് പുറത്തിറങ്ങിയതിനു പിറകേയാണ് സ്വീകരണം ഒരുക്കിയത്.

🙏കോഴിക്കോട് മെഡിക്കല്‍ കോളേജ് പീഡനക്കേസിലെ അതിജീവിതയെ ഭീഷണിപ്പെടുത്തിയ അഞ്ചു ജീവനക്കാരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചതിനെതിരെ പീഡനത്തിന് ഇരയായ യുവതി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. തെളിവില്ലെന്നു പറഞ്ഞാണ് അഞ്ചു പേരേയും തിരിച്ചെടുത്തത്.

🙏വിദേശത്തേക്കു പോകാന്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് 500 രൂപ കൈക്കൂലി വാങ്ങിയ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറെ വിജിലന്‍സ് പിടികൂടി. ഏഴുകോണ്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന്‍ പ്രദീപാണ് അറസ്റ്റിലായത്.

🙏പുനലൂരില്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു. പുനലൂര്‍ കക്കോട് സ്വദേശി സന്തോഷ് (44) ആണ് മരിച്ചത്. കൊലക്കേസില്‍ നിതിന്‍, സജികുമാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

🙏വയനാട്ടില്‍ ഇടിമിന്നലേറ്റു യുവതി മരിച്ചു. അലക്കി ഉണക്കാനിട്ട വസ്ത്രം എടുക്കുന്നതിനിടെ മിന്നലേറ്റ മേപ്പാടി ചെമ്പോത്തറ കല്ലുമല കൊല്ലിവെയില്‍ ആദിവാസി കോളനിയിലെ സിമിയാണ് മരിച്ചത്.

🙏മഞ്ചേശ്വരത്ത് ജേഷ്ഠന്‍ അനുജനെ കുത്തിക്കൊന്നു. കളായിയിലെ പ്രഭാകര നോണ്ട (40)യാണ് കൊല്ലപ്പെട്ടത്. സഹോദരന്‍ ജയറാം നോണ്ടയെ പോലീസ് തെരയുന്നു.

🙏കൊല്ലം കടയ്ക്കലില്‍ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി സൂരജിനെയാണ് കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

🙏കൊല്ലം ആയൂര്‍ വഞ്ചിപ്പെട്ടിയില്‍ കാറുമായി കൂട്ടിയിടിച്ച് പെട്രോള്‍ നിറച്ച ടാങ്കര്‍ ലോറി മറിഞ്ഞു. അപകടത്തെ തുടര്‍ന്ന് എംസി റോഡില്‍ ഏറെ സമയം ഗതാഗതം തടസപ്പെട്ടു.

🙏ആദിവാസി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ പ്രതിയായ യുവാവിന് പത്തു വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. തൊണ്ടര്‍നാട് കുഞ്ഞോം ഉദിരചിറ പുത്തന്‍വീട്ടില്‍ ഷിജിന്‍ കുമാറിനെ (ഉണ്ണി-28)യാണ് കല്‍പ്പറ്റ സ്പെഷ്യല്‍ ഫാസ്റ്റ്ട്രാക്ക് കോടതി ശിക്ഷിച്ചത്.

ദേശീയം

🙏പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ നടത്തേണ്ടിയിരുന്ന ഗോവ- മുംബൈ വന്ദേഭാരത് ട്രെയിന്‍ സര്‍വീസിന്റെ ഉദ്ഘാടനം മാറ്റിവച്ചു. ഒഡീഷയിലെ ബാലസോറിലെ ട്രെയിന്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഉദ്ഘാടനം മാറ്റിയത്.

🙏ട്രെയിന്‍ ദുരന്തത്തില്‍ കണ്ടെടുത്ത മൃതദേഹങ്ങളോട് അപമര്യാദയായി പെരുമാറിയെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസ്. മൃതദേഹങ്ങള്‍ ഗുഡ്സ് ഓട്ടോയിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ സഹിതമാണ് ശ്രീനിവാസ് സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനം ഉന്നയിച്ചത്.

🙏ഒഡിഷ ട്രെയിന്‍ ദുരന്തംമൂലം ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തുകയും യാത്രക്കാരുടെ എണ്ണം വര്‍ധിക്കുകയും ചെയ്തതോടെ വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചു. എന്നാല്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കരുതെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം വിമാനക്കമ്പനികള്‍ക്കു നിര്‍ദേശം നല്‍കി.

🙏ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണെതിരേ പോലീസ് എടുത്ത എഫ്ഐആറിനു പിറകേ, സാക്ഷി മൊഴികളും പുറത്ത്. ഗുസ്തി താരങ്ങള്‍ ഉന്നയിക്കുന്ന ലൈംഗിക ആരോപണങ്ങള്‍ സ്ഥിരീകരിക്കുന്ന മൊഴികളാണു പുറത്തുവന്നത്. ഏപ്രില്‍ 28 നാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മുന്‍ ഒളിമ്പ്യന്‍ അടക്കം 125 സാക്ഷികളുടെ മൊഴിയുണ്ടായിട്ടും മോദി സര്‍ക്കാരും പോലീസും ലൈംഗിക പീഡനക്കേസിലെ പ്രതിയെ സംരക്ഷിക്കുകയാണെന്നാണ് ആരോപണം.

🙏കല്യാണത്തിനു മുമ്പ് ലൈംഗിക ബന്ധത്തിലേര്‍പ്പടണമെന്ന ആവശ്യം നിരസിച്ച കാമുകിയെ കൊല്ലാന്‍ ശ്രമിച്ച കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയില്‍ സബര്‍ബന്‍ ബാന്ദ്രയില്‍ നിരവധി പേര്‍ നോക്കി നില്‍ക്കെയാണ് ആക്രമണം. പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 28 കാരനായ ആകാശ് മുഖര്‍ജിയെ പൊലീസ് അറസ്റ്റ് ചെയ്തു.

അന്തർദേശീയം

🙏ജോര്‍ദാന്‍ കിരീടാവകാശി ഹുസൈന്‍ അബ്ദുള്ളയും സൗദിയിലെ ആര്‍ക്കിടെക്ടായ റാജ്വ അല്‍ സെയ്ഫും തമ്മില്‍ വിവാഹിതരായി. ആഡംബര വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

കായികം

🙏മാഞ്ചസ്റ്റര്‍ സിറ്റിക്ക് എഫ്.എ. കപ്പ് ഫുട്‌ബോള്‍ കിരീടം. ഫൈനലില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ 2-1 ന് കീഴടക്കിയാണ് സിറ്റി കിരീടമുയര്‍ത്തിയത്. 2022 -23 ലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കിയ സിറ്റിക്ക് വരാനിരിക്കുന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഇന്റര്‍ മിലാനെ കൂടി കീഴടക്കിയാല്‍ ഈ സീസണിലെ ഹാട്രിക്ക് കിരീടം നേടാം..

Advertisement