തൃശൂർ. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ മുൻ ഡയറക്ടർ ബോർഡ് അംഗങ്ങളിൽ നിന്ന് പണം പിടിക്കാൻ നീക്കം. 25 പേരിൽ നിന്ന് 125.84 കോടി ഈടാക്കാനാണ് നടപടി.
കരുവന്നൂർ സഹകരണ ബാങ്കിലെ 20 മുൻ ഡയറക്ടർമാരിൽ നിന്നും മുൻസെക്രട്ടറി, മുൻ മാനേജർ, മുൻ അക്കൗണ്ടന്റ് എന്നിവർ ഉൾപ്പെടെ അഞ്ചുപേരിൽ നിന്നുമാണ് തുക ഈടാക്കുക. ഒരാളില്‍നിന്നും ശരാശരി അഞ്ച് കോടിക്കുമേല്‍ തുക ഈടാക്കേണ്ടിവരും. ഇത് പുതിയ പലവിവാദങ്ങളിലേക്കും നീങ്ങുമെന്നും ഉറപ്പാണ്.
സഹകരണ ജോയന്റ് രജിസ്റ്റാറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പണം ഡയറക്ടർ ബോർഡ് അംഗങ്ങളിൽ നിന്ന് തിരിച്ചു പിടിക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. റവന്യൂ റിക്കവറി വിഭാഗത്തിനാണ് നടപടി ക്രമങ്ങളുടെ ചുമതല. തഹസിൽദാർമാർക്കും പ്രസ്തുത വ്യക്തികളുടെ പരിധിയിലെ വില്ലേജ് ഓഫീസർക്കും റിക്കവറി നടപടികൾക്ക് ഉള്ള നിർദ്ദേശം നൽകും . ഇതു പ്രകാരം വരുന്ന ആഴ്ച തന്നെ ഇവർ അടക്കേണ്ട തുക കാണിച്ച നോട്ടീസ് നൽകും. തുക അടക്കാത്ത പക്ഷം സ്വത്തുക്കൾ കണ്ടുകിട്ടുന്നതിനുള്ള നടപടിയിലേക്ക് റവന്യൂ വിഭാഗം കടക്കും.
2021 ജൂലൈ 14 ലാണ് കരുവന്നൂർ സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പ് പുറത്തുവരുന്നത്. പല ആവശ്യങ്ങൾക്കായി ബാങ്കിൽ നിരവധി പേർ നിക്ഷേപിച്ച 312 കോടിയിലധികം രൂപയാണ് തട്ടിയെടുത്തത്. ജീവനക്കാരും ഇടതു ഭരണസമിതിയിലെ ചിലരും ചേർന്ന് പണം തട്ടി എന്നായിരുന്നു ആരോപണം. ഉന്നത തല സമിതി നടത്തിയ പരിശോധനയിൽ ഗുരുതര ക്രമക്കേടുകളാണ് ബാങ്കിൽ കണ്ടെത്തിയത്.