തിരുവനന്തപുരം:
ഗതാഗത നിയമ ലംഘനം പിടികൂടി പിഴ ഈടാക്കാൻ മോട്ടോർ വാഹന വകുപ്പും കെൽട്രോണും ചേർന്ന് റോഡുകളിൽ സ്ഥാപിച്ച ക്യാമറകൾ ഇന്നലെ അർധരാത്രി മുതൽ പൂർണ തോതിൽ പ്രവർത്തിച്ചു തുടങ്ങി. ഗതാഗത നിയമ ലംഘനം കണ്ടെത്തിയാൽ പിഴയീടാക്കാനുള്ള നടപടിയും ആരംഭിക്കും.
നിയമലംഘനം കണ്ടെത്തിയാൽ ഉടനടി എസ്എംഎസ് ലഭിക്കില്ല. ഇതിന് ഏഴ് മുതൽ 13 ദിവസം വരെ സമയമെടുക്കും. ക്യാമറ വഴി ലഭിക്കുന്ന ചിത്രത്തിൽ നിന്ന് കൺട്രോൾ റൂമിലെ ഓപറേറ്റർ നിയമലംഘനം സ്ഥിരീകരിക്കുകയാണ് ആദ്യഘട്ടം. ഇത് തിരുവനന്തപുരത്തെ സെൻട്രൽ സെർവറിലേക്ക് അയക്കും. ബന്ധപ്പെട്ട ഗതാഗത വകുപ്പ് ഉദ്യോഗസ്ഥൻ അംഗീകരിക്കണം. ഇതിന് ശേഷമാണ് ചലാൻ എസ് എം എസ് ആയും തപാലായും അയക്കുക.
ചലാൻ ലഭിച്ച് 14 ദിവസത്തിനകം അപ്പീൽ നൽകാം. എവിടെയാണോ നിയമലംഘനം കണ്ടെത്തിയത് അവിടുത്തെ എൻഫോഴ്‌സ്‌മെന്റ് ആർടിഒക്കാണ് അപ്പീൽ നൽകേണ്ടത്. ഇതിന് ശേഷമാണ് പിഴയൊടുക്കേണ്ടത്.
ഇരുചക്ര വാഹന യാത്രിയിൽ 12 വയസ്സിൽ താഴെയുള്ള കുട്ടികളെ മൂന്നാമത് യാത്രക്കാരായി കണക്കാക്കി പിഴ ഈടാക്കില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. കേന്ദ്ര നിയമത്തിൽ ഭേദഗതി വേണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര തീരുമാനം വരും വരെ 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഇരു ചക്ര വാഹനത്തിൽ പിഴ ഈടാക്കില്ല. തിങ്കൾ രാവിലെ എട്ട് മണി മുതൽ എഐ ക്യാമറ വഴി ഗതാഗത നിയമലംഘനത്തിന് പിഴ ഈടാക്കും. ഹെൽമെറ്റ്, സീറ്റ് ബെൽട്ട്, മൊബൈൽ ഉപയോഗം തുടങ്ങി എല്ലാറ്റിനും പിഴ ഈടാക്കും. റോഡ് സുരക്ഷാ നിയമം കർശനമാക്കുന്നത് ജനങ്ങളുടെ ജീവൻ സുരക്ഷിതമാക്കാനാണെന്നും മന്ത്രി പറഞ്ഞു.