നോവായി സുധിയുടെയും രേണുവിന്റെയും വിവാഹ വാർഷിക ആഘോഷങ്ങൾ

Advertisement

സിനിമാതാരവും മിമിക്രി ആർട്ടിസ്റ്റുമായ കൊല്ലം സുധി വിടവാങ്ങിയെന്നത് ഇപ്പോഴും അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവർക്ക് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ സുധിയും ഭാര്യ രേണുവും വിവാഹവാർഷികം ആഘോഷിക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ കണ്ണീരണിയിക്കുന്നത്. സുധിയുടെ മൂത്തമകൻ രാഹുലാണ് അന്ന് ലൈവ് വിഡിയോ ചിത്രീകരിച്ചത്. സുധിയുടെ കയ്യിൽ ഇളയ മകൻ ഋതുലിനെയും കാണാം.

‘‘ഇന്ന് എന്റെയും ഭാര്യയുടെയും വിവാഹവാർഷികമാണ്. എല്ലാവരുടെയും ആത്മാർഥമായ അനുഗ്രഹവും സ്നേഹവും ഞങ്ങളോടൊപ്പം ഉണ്ടാകണം. ഈ സാഹചര്യത്തിൽ ഞങ്ങൾ ഒരു കേക്ക് മുറിക്കുകയാണ്. ആരെയും പ്രത്യേകിച്ച് അറിയിച്ചിട്ടൊന്നും ഇല്ല. എന്റെ രണ്ടു മക്കളും എന്നോടൊപ്പമുണ്ട്. വിഡിയോ കാണുന്ന എല്ലാവർക്കും നന്ദിയുണ്ട്.’’ സുധി പറയുന്നു.

ചാനൽ പരിപാടികളിൽ സ്ഥിരം സാന്നിധ്യം ആയിരുന്ന സുധിയുടെ വളർച്ചയും മിനിസ്ക്രീനിലൂടെ ആയിരുന്നു. പ്രതിസന്ധികൾ ഏറെ അതിജീവിച്ചാണ് സുധി എന്ന കലാകാരൻ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയത്. സുധിയുടെ ആദ്യ വിവാഹം പ്രണയവിവാഹമായിരുന്നു എന്നാൽ ഒന്നര വയസ്സുള്ള കുഞ്ഞിനെ സുധിയോടൊപ്പം ഉപേക്ഷിച്ച് ആദ്യഭാര്യ മറ്റൊരാളോടൊപ്പം പോയി. ഏറെ വേദനയും കഷ്ടപ്പാടും സഹിച്ചാണ് സുധി മകനെ വളർത്തിയത്. മകനെയും കൊണ്ടായിരുന്നു സുധി സ്റ്റേജുകളിൽ നിന്ന് സ്റ്റേജുകളിലേക്ക് യാത്ര ചെയ്തത്.

മകന് പതിനൊന്നു വയസ്സുള്ളപ്പോഴാണ് രേണു എന്ന പെൺകുട്ടി സുധിയുടെ ജീവിതത്തിലേക്ക് വരുന്നത്. ആ ബന്ധത്തിൽ ഒരു കുഞ്ഞുകൂടി സുധിക്കുണ്ട്. ആദ്യവിവാഹത്തിലെ മകനെ രേണു സ്വന്തം മകനെപ്പോലെയാണ് വളർത്തുന്നതെന്ന് സുധി പറഞ്ഞിരുന്നു. ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യയെയും പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളെയും തനിച്ചാക്കിയാണ് സുധി ചമയങ്ങൾ അഴിച്ചുവച്ച് യാത്രയാകുന്നത്.

https://youtu.be/5X8e5vNH40Y
https://youtu.be/5X8e5vNH40Y