വളര്‍ന്നില്ലെങ്കിലെന്താ,കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ ആർഎസ്പി ലെനിനിസ്റ്റ് പിളർന്നു

Advertisement

കൊല്ലം.രൂപീകരണശേഷം ഒരു രാഷ്ട്രീയനേട്ടവുമുണ്ടാക്കാതെ തുടര്‍ന്ന കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ ആർഎസ്പി ലെനിനിസ്റ്റ് പിളർന്നു.

ഇന്ന് കോട്ടയം പ്രസ് ക്ലബ്ബിൽ ഔദ്യോഗിക പ്രഖ്യാപനം നടക്കും. ഏഴ് വർഷം കൊണ്ട് ഇത് മൂന്നാം പിളർപ്പ്…

സംസ്ഥാന സെക്രട്ടറി ഷാജി ഫിലിപ്പിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം നേതാക്കളാണ് പാർട്ടി വിടുന്നത്.

ഇന്നു ഇതു സംബന്ധിച്ച അടിയന്തര യോഗം കോട്ടയം പ്രസ് ക്ലബ്ബിൽ ചേർന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്തും. ഇതോടൊപ്പം പുതിയ പാർട്ടിയിലേക്കുള്ള പ്രവേശനവും ഇന്നുണ്ടായേക്കും.

ഒരു ദേശീയ പാർട്ടിയിലേക്ക് ലയിക്കും എന്നാണ് സൂചന . എംഎൽഎ പാർട്ടിക്ക് അതീതനായി പ്രവർത്തിക്കുന്നുവെന്നും പാർട്ടിയോട് സഹകരിക്കുന്നല്ലെന്നുമാണ് നേതാക്കളുടെ ആരോപണം. പ്രവർത്തകർ അസംതൃപ്തരാണെന്നും, 8 ജില്ലാ കമ്മിറ്റികൾ പാർട്ടി വിടുമെന്നും സംസ്ഥാന സെക്രട്ടറി ഷാജി ഫിലിപ്പ് പറയുന്നു.

ഏഴാം വയസ്സിനുള്ളിൽ മൂന്നാമത്തെ പിളർപ്പാണു പാർട്ടിയിലുണ്ടാകുന്നത്, എംകെ പ്രേമചന്ദ്രൻ എംപിക്ക് കൊല്ലം പാർലമെന്റ് സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് ആർഎസ്പിയിലെ ഇരു വിഭാഗങ്ങളും ലയിച്ച് യുഡിഎഫിൽ ചേർന്നത്. അന്നു ഇടതു പക്ഷത്തോടൊപ്പം നിലയുറപ്പിച്ച കോവൂർ കുഞ്ഞുമോൻ വിഭാഗം 2016ലെ നിയമസഭ തിരഞ്ഞെടുപ്പിനു തൊട്ട് മുൻപാണ് ആർഎസ്പി – ലെനിനിസ്റ്റ് രൂപീകരിക്കുന്നത്.

എൽഡിഎഫ് സംസ്ഥാന കമ്മിറ്റിയിലുണ്ടായിരുന്ന ഷാജി ഫിലിപ്പ്, അമ്പലത്തറ ശ്രീധരൻ നായർ , കോവൂർ കുഞ്ഞുമോൻ എന്നിവർ ചേർന്നാണ് പുതിയ പാർട്ടി ഉണ്ടാക്കിയത്. തുടർന്ന് അമ്പലത്തറ ശ്രീധരൻ നായരെ സംസ്ഥാന സെക്രട്ടറിയാക്കി. 2001 മുതൽ കുന്നത്തൂർ മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന കുഞ്ഞുമോൻ പിന്നീടു നടന്ന 2 തിരഞ്ഞെടുപ്പിലും വിജയിച്ചു. 2016ൽ ഇടത് മുന്നണി അധികാരത്തിൽ വന്നപ്പോൾ ബോർഡ് കോർപറേഷൻ സ്ഥാനങ്ങളെ ചൊല്ലി കുഞ്ഞുമോനും അമ്പലത്തറയും തർക്കത്തിലായി. തുടർന്നു അമ്പലത്തറ ശ്രീധരൻ നായരെ പുറത്താക്കുകയായിരുന്നു. പിന്നീട് എസ്.ബലദേവിനെ സംസ്ഥാന സെക്രട്ടിയാക്കിയെങ്കിലും 2020ൽ പിഎസ് മെമ്പർ സ്ഥാനത്തെ ചൊല്ലി ബലവുമായി കുഞ്ഞുമോനുമായി തർക്കമുണ്ടായി. ഇതോടെ ബലദേവിനെയും പുറത്താക്കി. തുടർന്നാണ് കോട്ടയം സ്വദേശിയും ഷെവിലിയാറുമായി ഷാജി ഫിലിപ്പിനെ പാർട്ടി സെക്രട്ടറിയാക്കുന്നത്. പാർട്ടിയുമായി എംഎൽഎ സഹകരിക്കുന്നില്ലെന്നാരോപിച്ചാണ് മൂന്നാമത്തെ പിളർപ്പ് .

ഒരു വർഷക്കാലമായി പാർട്ടിക്കുള്ളിൽ പടല പിണക്കം രൂക്ഷമായിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ അച്ചടക്കലംഘനം കാട്ടിയെന്നാരോപിച്ച് കൊല്ലം, പാലക്കാട് ജില്ലാ സെക്രട്ടറിമാരെ ഷാജി ഫിലിപ്പ് പുറത്താക്കിയിരുന്നു. തുടർന്നു കുഞ്ഞുമോന്റെ നേതൃത്വത്തിൽ ഇരു വിഭാഗങ്ങളുമായി ചർച്ച ചെയ്ത് പ്രശ്നം പരിഹരിച്ചു. എന്നാൽ വീണ്ടും തർക്കങ്ങൾ ഉടലെടുക്കുകയായിരുന്നു. ഇതേ സമയം കുഞ്ഞുമോന്റെ വിശ്വസ്ഥനാണ് ഷാജി ഫിലിപ്പ്. ഒരു മുന്നണിയുടേയും ഭാഗമാകാനോ, പാർട്ടിക്ക് കിട്ടേണ്ട സ്ഥാനമാനങ്ങൾ വാങ്ങിച്ചെടുക്കാനോ കഴിഞ്ഞില്ല. 5 ടേം ഒരേ മണ്ഡലത്തിൽ നിന്നും തുടർച്ചയായി ജയിച്ച കുഞ്ഞുമോൻ വിഭാഗം രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയപ്പോൾ മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്നു. ഇതോടൊപ്പം എൽ ഡി എഫ് പ്രവേശനവും. എന്നാൽ ഇടതുപക്ഷത്തോടൊപ്പം ചേർന്നു നിൽക്കുന്ന കുഞ്ഞുമോന് വിഭാഗത്തെ ബോർഡ്, കോർപ്പറേഷൻ വിഭജനത്തിൽ പോലും പരിഗണിച്ചില്ല. അതിനാൽ തന്നെ പാർട്ടിയുടെ പുതിയ നീക്കം കുഞ്ഞുമോന്റെ മൗനാനുവാദത്തോടെയാണെന്നുള്ള സൂചനകളുമുണ്ട്. കോവൂര്‍ കുഞ്ഞുമോന്‍റെ രാഷ്ട്രീയ ചുവടുമാറ്റം ഒന്നും കുന്നത്തൂരില്‍ ഒരു ചലനവുമുണ്ടാക്കിയിട്ടില്ല. കുഞ്ഞുമോന് സീറ്റുനല്‍കുന്നതും ജയിപ്പിക്കുന്നതും സിപിഎം മുന്‍കൈയെടുത്താണ്. ഇലക്ഷന്‍ കഴിയുന്നതോടെ ആ സ്നേഹബന്ധം അവസാനിക്കുമെന്നതാണ് കഴിഞ്ഞ കാല്‍ നൂറ്റാണ്ടായുള്ള രീതി. പിന്നെ പരിപാടികള്‍ക്ക് വേദിയില്‍ കാണുന്നതല്ലാതെ ഇടതുകോട്ടയായ കുന്നത്തൂരിലെ ഇടതുനേതാക്കള്‍ തമ്മില്‍ കാണാറുമില്ലെന്നാണ് ആക്ഷേപം. കുഞ്ഞുമോന്‍ ഏതുപാര്‍ട്ടിയാണെന്നതും ഇടതുമുന്നണിയില്‍ പ്രവേശിപ്പിച്ചില്ല എന്നതും അവര്‍ക്ക് വിഷയമാകുന്നില്ല.