മാലിന്യം തള്ളിയവരെ കണ്ടെത്താന്‍ സാരിയുമായിപഞ്ചായത്തിന്റെ വ്യത്യസ്തമായ ‘ഐഡറ്റിഫിക്കേഷന്‍ പരേഡ്’

Advertisement

മൂന്നാര്‍: മാലിന്യസഞ്ചിയില്‍ നിന്നു ലഭിച്ച സാരി വഴിയരികില്‍ വലിച്ചുകെട്ടി മാലിന്യം തള്ളിയവരെ കണ്ടെത്താന്‍ ‘ഐഡറ്റിഫിക്കേഷന്‍ പരേഡ്’. ‘മാലിന്യം തള്ളിയ ഈ സാരിയുടെ ഉടമസ്ഥരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 3000 രൂപ പാരിതോഷികം’ എന്നാണ് സാരി പ്രദര്‍ശിപ്പിച്ച് പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് പതിപ്പിച്ചത്. മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറി കെ.എന്‍.സഹജനാണ് സാരിയുടെ ഉടമയെയും മാലിന്യം തള്ളിയവരെയും കണ്ടെത്താന്‍ വ്യത്യസ്തമായ രീതി പരീക്ഷിച്ചത്.
ഇന്നലെ രാവിലെ മാലിന്യം ശേഖരിക്കാനെത്തിയ ശുചീകരണ തൊഴിലാളികളാണ് മൂന്നാര്‍ അമ്പലം റോഡില്‍ പാതയോരത്ത് ചാക്കില്‍ കെട്ടിയ തരംതിരിക്കാത്ത മാലിന്യങ്ങള്‍ കണ്ടത്. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറി സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ചാക്കില്‍ സാരി കണ്ടത്.
ജനവാസം കുറഞ്ഞ മേഖലയായതിനാല്‍ സാരിയുടെ ഉടമയെ കണ്ടെത്താന്‍ കഴിയുമെന്ന ധാരണയില്‍ സാരി പാതയോരത്ത് വലിച്ചുകെട്ടി. അതില്‍ സാരിയുടമയെ കണ്ടെത്തുന്നവര്‍ക്ക് 3000 രൂപ പാരിതോഷികം നല്‍കുമെന്ന അറിയിപ്പോടുകൂടിയ നോട്ടീസും പതിച്ചു.

Advertisement