വിദ്യ ആരുടേത്,മഹാരാജാസ് കോളജിന്റെ പേരിൽ ചമച്ച വ്യാജരേഖ ഉപയോഗിച്ച് കെ വിദ്യ കാസർഗോട്ടെ കോളജിലും നിയമനം നേടി

Advertisement

കാസര്‍ഗോഡ്. മഹാരാജാസ് കോളജിന്റെ പേരിൽ ചമച്ച വ്യാജരേഖ ഉപയോഗിച്ച് കെ.വിദ്യ കാസർഗോട്ടെ കോളജിലും നിയമനം നേടിയിരുന്നുവെന്ന് സ്ഥിരീകരണം. കരിന്തളം ഗവ.ആർട്സ് & സയൻസ് കോളജിൽ 2022 – 23 കാലയളവിൽ തൽക്കാലിക അധ്യാപികയായാണ് വിദ്യ ജോലി ചെയ്തത്. അതേസമയം വ്യാജ രേഖയുണ്ടാക്കാൻ വിദ്യയെ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി സഹായിച്ചുവെന്ന് കെ എസ് യു ആരോപിച്ചു

2022 ജൂൺ മാസത്തിലാണ് തൃക്കരിപ്പൂർ സ്വദേശി കെ.വിദ്യ കരിന്തളം ഗവ. കോളജിൽ ജോലിയിൽ പ്രവേശിക്കുന്നത്. രണ്ട് ഘട്ടമായി നടത്തിയ പരിശോധനക്ക് ശേഷമുള്ള നിയമനം. ഹാജരാക്കിയത് വ്യാജ രേഖയാണെന്ന് കണ്ടെത്താൻ കോളജ് അധികൃതർക്ക് സാധിച്ചില്ല. 2023 മാർച്ച്‌ മാസം വരെ വിദ്യ ഇതേ കോളജിൽ ജോലി ചെയ്തു. മഹാരാജാസിന്റെ പേരിലുള്ള എസ്പീരിയൻസ് സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതോടെ കരിന്തളം കോളജിലെ മുൻകാല രേഖകൾ പരിശോധിച്ചു. അതേ വ്യാജ രേഖ ഉപയോഗിച്ചാണ് നിയമനമെന്ന് വ്യക്‌തം. കോളജിലെ പ്രിൻസിപ്പൽ ഇൻചാർജ് ജയ്സൺ വി ജോസഫ് തന്നെ അത്‌ സ്ഥിരീകരിച്ചു

അതേസമയം വിഷയത്തിൽ കൂടുതൽ ആരോപണവുമായി കെ.എസ്.യു രംഗത്തെത്തി. വിദ്യക്കായി കാലടിയിലെ പി എച്ച് ഡി പ്രവേശനം അട്ടിമറിച്ചെന്നുവെന്നാണ് ആരോപണം. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയും, മന്ത്രി പി. രാജീവും ഇതിനായി ഇടപെട്ടുവെന്ന് കെ.എസ്.യു സംസ്ഥാന വൈസ്. പ്രസിഡന്റ്‌ പി. മുഹമ്മദ്‌ ഷമ്മാസ് ആരോപിച്ചു

സർക്കാർ കോളജുകളിലെ വിദ്യയുടെ നിയമനവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ കൂടുതൽ അന്വേഷണം ഉണ്ടാവും

Advertisement