തിരുവനന്തപുരം . ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്റുമാരെ പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിൽ തുറന്ന യുദ്ധം തുടരുന്നു. ഏറെക്കാലമായി നിർജീവമായിരുന്ന എ ഗ്രൂപ്പ് പുനരുജ്ജീവിപ്പിച്ചാണ് പാർട്ടിക്കുള്ളിൽ കലാപത്തിന് അരങ്ങൊരുങ്ങുന്നത്. വിഷയത്തിൽ അതൃപ്തി പരസ്യമാക്കി രമേശ് ചെന്നിത്തലയും രംഗത്തെത്തി. എന്നാൽ പാർട്ടിയിലെ പ്രശ്നങ്ങളെ കുറിച്ചുള്ള ചോദ്യത്തിൽ നിന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഒഴിഞ്ഞു മാറി. തൃശ്ശൂർ ചേലക്കരയിൽ പണം വാങ്ങി ബ്ലോക്ക് പ്രസിഡന്റിനെ നിയമിച്ചെന്ന് ആരോപിച്ച് ഡിസിസി ഓഫീസിൽ പരസ്യ പ്രതിഷേധവും അരങ്ങേറി.
കോൺഗ്രസിനുള്ളിലെ തുറന്ന യുദ്ധത്തിന്റെ സൂചനയാണ് എ ഗ്രൂപ്പ് നേതാവ് ബെന്നി ബെഹന്നാൻ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്ത് എത്തിയത്. ഹൈക്കമാൻഡിന് പ്രസിഡൻമാരുടെ പട്ടികക്കെതിരെ എം.എം ഹസനും പരാതി നൽകിയിട്ടുണ്ട്. കെസി വേണുഗോപാൽ, കെ സുധാകരൻ, വി.ഡി സതീശൻ അടങ്ങിയ പുതിയ നേതൃത്വത്തിനെിരെ എ ഗ്രൂപ്പ് യുദ്ധത്തിന് ഒരുങ്ങുമ്പോൾ ഐ ഗ്രൂപ്പിന്റെ പിന്തുണയും ഉണ്ടാവും. ഇതിന്റെ സൂചനയാണ് രമേശ് ചെന്നിത്തല പരസ്യ അതൃപ്തി…
ഇനി ഏകപക്ഷീയമായ തീരുമാനങ്ങൾ കൈക്കൊളളാൻ അനുവദിക്കില്ലെന്ന് ഉറച്ചാണ് ഗ്രൂപ്പുകളുടെ നീക്കം. പാർലമെൻറ് തിരഞ്ഞെടുപ്പിന് മുൻപ് നിലവിലെ നേതൃത്വത്തിന്റെ കരുത്ത് കുറച്ച്, വീണ്ടും ശക്തി പ്രാപിക്കാനാണ് ഗ്രൂപ്പുകളുടെ ശ്രമം. എന്നാൽ പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് പോരിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് കെ.പി.സി.സി അധ്യക്ഷൻ മറുപടി പറയുമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ നിലപാട്.
ചേലക്കരയിൽ പണം വാങ്ങി ബ്ലോക്ക് പ്രസിഡന്റിനെ നിയമിച്ചെന്ന് ആരോപിച്ച് ഡിസിസി ഓഫീസിനു മുന്നിൽ പരസ്യ പ്രതിഷേധവുമായി പ്രവർത്തകർ രംഗത്തെത്തി. പ്രതിഷേധത്തിൽ പങ്കെടുത്ത ബ്ലോക്ക് മണ്ഡലം കമ്മിറ്റി ഭാരവാഹികൾ പ്രതിഷേധ സൂചകമായി രാജിവച്ചു. രമ്യാ ഹരിദാസ് എംപിയുടെ നോമിനിയെ ബ്ലോക്ക് പ്രസിഡണ്ട് ആക്കിയെന്നാണ് ആരോപണം.
അതേസമയം ഗ്രൂപ്പുകളുടെ വിമർശനങ്ങൾ കാര്യമാക്കേണ്ടെന്നാണ് ഔദ്യോഗിക പക്ഷത്തിൻ്റെ നിലപാട്. എല്ലാവരുടെയും ആവശ്യങ്ങൾ പരിഗണിച്ച് നീതിയുക്തമായ പട്ടികയാണ് പുറത്ത് വിട്ടത് എന്ന് ആവർത്തിക്കുകയാണ് നേതൃത്വം. ഗ്രൂപ്പുകളുടെ പരാതി ഹൈക്കമാൻഡ് കാര്യമായി എടുക്കില്ലെന്നും വിലയിരുത്തുന്നു.