കോഴിക്കോട്. കോഴിക്ക് പൊന്നുംവില. കോഴി വില സർവകാല റെക്കോർഡിലാണ് സംസ്ഥാനത്ത്. ഒരു കിലോ കോഴി ഇറച്ചിയ്ക്ക് 220 മുതൽ 250 വരെയാണ് വില. കഴിഞ്ഞ ഒരു മാസത്തിനിടെ 90 രൂപയാണ് വർധിച്ചത് എന്ന് വ്യാപാരികൾ പറയുന്നു. ഇറച്ചിയ്ക്ക് വില കൂടിയതോടെ ചിക്കൻ വിഭവങ്ങൾക്കും വില വർധിക്കും.
ഉത്സവ സീസണ് സമാനമായ രീതിയിലാണ് കോഴിവില കുതിക്കുന്നത്. സംസ്ഥാനത്ത് ഒരു കിലോ കോഴി ഇറച്ചിയ്ക്ക് 220 രൂപ മുതൽ 250 രൂപ വരെ നൽകണം. കോഴിയ്ക്ക് 160 രൂപ മുതൽ 170 വരെയാണ് വില. മെയ് ആദ്യവാരം 150 രൂപ ആയിരുന്നെങ്കിൽ ഒരു മാസം പിന്നിടുമ്പോൾ അത് 250 ലേക്ക് എത്തി. കേരള ചിക്കൻ സ്റ്റോറുകളിൽ 224 രൂപയാണ് ഇന്നത്തെ വില.
അസാധാരണമായ വിലക്കയറ്റം ഏതോ തന്ത്രത്തിന്‍റെ ഭാഗമാണോ എന്ന് സംശയം പരന്നിട്ടുണ്ട്. .ചൂട് കൂടിയതോടെ ഉല്പാദനം കുറഞ്ഞു. ഇതാണ് വില വർധനവിന് കാരണമെന്നാണ് ഫാം ഉടമകളുട വാദം. എന്നാൽ അനാവശ്യമായി ഫാം ഉടമകൾ വില കൂട്ടുകയാണെന്ന് വ്യാപാരികൾ പറയുന്നു. അതേ സമയം ചിക്കൻ വിഭവങ്ങൾക്ക് വില കൂട്ടേണ്ടി വരുമെന്ന് ഹോട്ടൽ കേറ്ററിംഗ് വ്യാപാരികൾ വ്യക്തമാക്കി. വിലക്കയറ്റം തുടർന്നാൽ കടകൾ അടച്ചിട്ടുള്ള പ്രതിഷേധത്തിലേക്ക് കടക്കാനാണ് ചിക്കന്‍ വ്യാപാരി വ്യവസായി സമിതിയുടെ തീരുമാനം.