മഴമാനത്ത്‌ കണ്ടാല്‍ വെട്ടമില്ല; വൈദ്യുതിത്തകരാര്‍ പരിഹരിക്കാന്‍ മതിയായ ജീവനക്കാരും, ഓടിത്തളര്‍ന്ന്‌ ശാസ്‌താംകോട്ട ഇലക്ട്രിസിറ്റി ഓഫീസ്‌ ജീവനക്കാര്‍, പരാതി പറഞ്ഞ്‌ തളര്‍ന്ന്‌ നാട്ടുകാരും

Advertisement


ശാസ്‌താംകോട്ട: കരുനാഗപ്പള്ളി സബ്‌ ഡിവിഷന്റെ കീഴിലുള്ള ഏറ്റവും വലിയ ദൂരപരിധിയുള്ള ഇലക്‌്‌ട്രിസിറ്റി ഓഫീസാണ്‌ ശാസ്‌താംകോട്ടയിലേത്‌. മുപ്പതിനായിരത്തോളം കണക്ഷനാണ്‌ ഇതിന്റെ കീഴിലുള്ളത്‌. ഇവിടെയെല്ലാം കയ്യെത്താതെ കുഴയുകയാണ്‌ പരിമിതമായ ഇവിടുത്തെ ജീവനക്കാര്‍.

മഴമാനത്ത്‌ കണ്ടാല്‍ കറന്റ്‌ പോകുന്ന മേഖലയാണ്‌ ശാസ്‌താംകോട്ട ഇലക്ട്രിസിറ്റി ഓഫീസിന്‌ കീഴിലുള്ളത്‌. പടിഞ്ഞാറെ കല്ലട, ശാസ്‌താംകോട്ട, മൈനാഗപ്പള്ളി തുടങ്ങിയ മേഖലകളിലുള്ളവരാണ്‌ ശാസ്‌താംകോട്ട ഇലക്ട്രിസിറ്റി ഓഫീസിന്റെ പരിധിയില്‍ വരുന്നത്‌.

പതിനായിരം കണക്ഷനുള്ള ഒരു മേഖലയിലെ ഓഫീസില്‍ വിവിധ തലങ്ങളിലുള്ള എന്‍ജിനീയര്‍മാരടക്കം മുപ്പതോളം ജീവനക്കാര്‍ ആവശ്യമുണ്ട്‌. പതിനായിരം കണക്ഷന്‍ കടന്നാല്‍ പുതിയ ഒരു ഓഫീസ്‌ തുടങ്ങുക എന്നതാണ്‌ കീഴ്‌ വഴക്കം,

വി എസ്‌ അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത്‌ കാരാളി മുക്കില്‍ ഒരു ഓഫീസ്‌ തുടങ്ങാന്‍ നടപടി തുടങ്ങിയിട്ട്‌ അത്‌ എങ്ങുമെത്തിയിട്ടില്ല. മഴ തുടങ്ങിയതോടെ ഈ മേഖലയിലെ ജനങ്ങള്‍ ദുരിതത്തിലായതോടെയാണ്‌ ഇക്കാര്യം വീണ്ടും ചര്‍ച്ച ആയിരിക്കുന്നത്‌. പൊതുജനങ്ങള്‍ നിരന്തരമായി കയറി ഇറങ്ങിയിട്ടും യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ല.

ശാസ്‌താംകോട്ടയില്‍ നിന്ന്‌ അസിസ്‌റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ പോയിട്ട്‌ മാസങ്ങളായെന്ന്‌ ബ്ലോക്ക്‌ പഞ്ചായത്തംഗം തുണ്ടില്‍ നൗഷാദ്‌ ചൂണ്ടിക്കാട്ടുന്നു. അസിസ്റ്റന്റ്‌ എഞ്ചിനീയര്‍ ഇല്ല ആറ്‌ ഓവര്‍സിയര്‍മാര്‍ വേണ്ടിടത്ത്‌ നാല്‌ പേര്‍ വിരമിച്ചും സ്ഥലം മാറ്റം ആയും പോയി. രണ്ട്‌ പേര്‍ മാത്രമാണ്‌ ഇപ്പോള്‍ ഇവിടെ ഉള്ളത്‌. ജീവനക്കാരില്ലാതെ തെക്കോട്ടും വടക്കോട്ടും ഓഠുന്ന സാഹചര്യമാണ്‌ അവിടെ ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഇതെല്ലാം ചൂണ്ടിക്കാട്ടി നിരവധി തവണ എംഎല്‍എയ്‌ക്ക്‌ പരാതി നല്‍കിയെങ്കിലും ഒരു ഫലവും ഉണ്ടായില്ല. ഏറ്റവും ഒടുവില്‍ വകുപ്പ്‌ മന്ത്രിക്ക്‌ നേരിട്ട്‌ പരാതി അയച്ചു. ഇതിനും യാതൊരു പ്രതികരണവും ലഭിച്ചില്ലെന്നും തുണ്ടില്‍ നൗഷാദ്‌ വ്യക്തമാക്കി.

വിഷയത്തില്‍ അടിയന്തര നടപടി വേണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം. തങ്ങളെ ഇനിയും ഇങ്ങനെ ഇരുട്ടത്ത്‌ നിര്‍ത്തരുതെന്നും ഇവര്‍ ആവശ്യപ്പെടുന്നു.