സ്കൂള്‍ പ്രവൃത്തിദിനങ്ങള്‍ 210 ആക്കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറി

Advertisement

തിരുവനന്തപുരം. സ്കൂള്‍ പ്രവൃത്തിദിനങ്ങള്‍ 210 ആക്കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറി 2023-24 അക്കാദമിക വര്‍ഷത്തെ അധ്യയന ദിനങ്ങള്‍ 205 ആയി നിജപ്പെടുത്തി.

പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യു ഐ പി അധ്യാപക സംഘടനകളുടെ യോഗത്തിലാണ് തീരുമാനം. കെ എസ് ടി എ ഉള്‍പ്പെടെയുള്ള അധ്യാപക സംഘടനകള്‍ക്ക് വഴങ്ങിയാണ് സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റം വരുത്തിയത്.

ഏപ്രില്‍ ഒന്നു മുതല്‍ അഞ്ച് വരെയുള്ള തീയതികള്‍ വേനല്‍ക്കാല അവധി ദിവസങ്ങളായി തുടരും. മാര്‍ച്ച്‌ 31 ന് തന്നെ സ്‌കൂള്‍ അടയ്ക്കും. നേരത്തെ വേനലവധി ഏപ്രില്‍ ആറ് മുതല്‍ ആക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രഖ്യാപിച്ചിരുന്നു.

മുഴുവന്‍ ശനിയാഴ്ചകളും അധ്യയന ദിവസങ്ങളാണ് എന്ന പ്രചാരണം ശരിയല്ലെന്ന് മന്ത്രി വ്യക്തമാക്കി. അധ്യയന വര്‍ഷത്തിലെ ആകെയുള്ള 52 ശനിയാഴ്ചകളില്‍ 13 ശനിയാഴ്ചകള്‍ മാത്രമാണ് പ്രവൃത്തി ദിനമായി നിശ്ചയിച്ചിട്ടുള്ളത്. നിലവിലെ നിയമങ്ങളും കോടതി വിധികളും ഒരാഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിനങ്ങള്‍ വേണം എന്ന് നിഷ്‌കര്‍ഷിച്ചതിന്റെ പശ്ചാത്തലത്തിലാണ് ആഴ്ചയില്‍ അഞ്ച് ദിവസം അധ്യയന ദിനങ്ങള്‍ ലഭിക്കാത്ത ആഴ്ചകളില്‍ ശനിയാഴ്ച പഠന ദിവസമാക്കിയിട്ടുള്ളത്.

2022-23 അക്കാദമിക വര്‍ഷത്തില്‍ 198 അധ്യയന ദിനങ്ങളാണ് വിദ്യാഭ്യാസ കലണ്ടറില്‍ ഉണ്ടായിരുന്നത്. അതിനോടൊപ്പം നാല് ശനിയാഴ്ചകള്‍ കൂടി അധ്യയന ദിനങ്ങളാക്കി 202 അധ്യയന ദിനങ്ങള്‍ ആണ് 2022-23 അക്കാദമിക വര്‍ഷത്തിലുണ്ടായിരുന്നത്. 2023-24 അക്കാദമിക വര്‍ഷത്തില്‍ 192 അധ്യയന ദിനങ്ങളും 13 ശനിയാഴ്ചകളും ചേര്‍ന്ന് 205 അധ്യയന ദിനങ്ങള്‍ ആണ് ഉണ്ടാവുക. യോഗത്തില്‍ പൊതു വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഐ എ എസ്, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് ഐ എ എസ് തുടങ്ങിയവരും പൊതു വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

മലയിന്‍കീഴ് സ്‌കൂളിലെ പ്രവേശനോത്സവ പരിപാടിയിലാണ് മന്ത്രി വി ശിവന്‍കുട്ടി പുതിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചിരുന്നത്. തീരുമാനങ്ങള്‍ക്കെതിരെ അധ്യാപക സംഘടനകള്‍ രംഗത്ത് വരികയായിരുന്നു

Advertisement