റാന്നി: നിർദിഷ്ട ചെങ്ങന്നൂർ– പമ്പ റെയിൽ പാതയുടെ അലൈൻമെന്റ് നിശ്ചയിക്കുന്നതിനുള്ള പ്രാരംഭ സർവേ തുടങ്ങി. റെയിൽവേ മന്ത്രാലയം ചുമതലപ്പെടുത്തിയിട്ടുള്ള ഏജൻസി മന്ദിരം– ചുട്ടിപ്പാറ ഭാഗത്ത് ഇന്നലെ സർവേ നടത്തി. ആകാശ പാതയായിട്ടാണ് 76 കിലോമീറ്റർ ദൂരമുള്ള പാത ശുപാർശ ചെയ്തിരിക്കുന്നത്. ശബരിമലയുടെയും വനപ്രദേശങ്ങളുടെയും സംരക്ഷണത്തിന് ഇതാണ് അഭികാമ്യമെന്നാണ് വിലയിരുത്തൽ.
കിലോമീറ്ററിന് 118 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതി പൂർത്തിയാക്കുന്നതിന് 9,000 കോടി രൂപ വേണം. പാതയുടെ വിശദമായ രൂപരേഖ (ഡിപിആർ) സമർപ്പിക്കുന്നതിനു മുന്നോടിയായാണ് സർവേ. റാന്നിയിൽ പൂർണമായും പമ്പാനദി തീരത്തു കൂടിയാണ് റെയിൽപാത കടന്നു പോകുന്നത്. കീക്കൊഴൂർ നിന്ന് തെക്കേപ്പുറം, മന്ദിരം, ഇടക്കുളം വഴിയാണ് വടശേരിക്കരയെത്തുക. അവിടെ നിന്ന് പമ്പാനദി തീരത്തു കൂടി പെരുനാട് ഭാഗത്തേക്കു സർവേ നടത്തും.
പെരുനാട്ടിൽ നിന്ന് ശബരിമല പാതയ്ക്കു സമാന്തരമായിട്ടാണ് പാത വിഭാവന ചെയ്തിരിക്കുന്നത്. വന്യമൃഗങ്ങൾക്കു ഭീഷണിയാകാത്ത വിധം സംരക്ഷണം നൽകുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ശേഷിക്കുന്ന ദൂരം പമ്പാനദിയുടെ തീരത്തു കൂടി കടന്നു പോയാൽ അത്തിക്കയം, തോണിക്കടവ്, പെരുന്തേനരുവി, കുരുമ്പൻമൂഴി, അരയാഞ്ഞിലിമണ്ണ്, കണമല, കിസുമം മൂലക്കയം വഴി പാത നിർമിക്കേണ്ടിവരും. ഇതു ദൂരക്കൂടുതലാണ്.