യൂത്ത് കോൺഗ്രസ് പിടിച്ച് ശക്തി അറിയിക്കാന്‍ കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകള്‍

Advertisement

തിരുവനന്തപുരം.ഗ്രൂപ്പ് തലയ്ക്കുപിടിച്ച സംസ്ഥാനത്തെ കോൺഗ്രസിൽ പാളയത്തില്‍ പട തുടങ്ങി. ഉമ്മൻചാണ്ടിയെ നേരിൽകണ്ട് കാര്യങ്ങൾ ധരിപ്പിച്ചതിന് പിന്നാലെ ഹൈക്കമാന്റിൽ സമ്മർദം ശക്തമാക്കാൻ ഒരുങ്ങി എ ഗ്രൂപ്പ്. അവഗണന തുടർന്നാൽ പാർട്ടി പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്നത് ഉൾപ്പെടെ പരിഗണനയിലാണ്. യൂത്ത് കോൺഗ്രസ് പിടിച്ച് ശക്തി അറിയിക്കാനാണ് എ, ഐ ഗ്രൂപ്പുകളുടെ ശ്രമം.

യൂത്ത് കോൺഗ്രസിൽ സംഘടന തിരഞ്ഞെടുപ്പ് ഉണ്ടായാൽ ഗ്രൂപ്പ് സ്ഥാനാർത്ഥിയുടെ വിജയം ഉറപ്പിക്കാനുള്ള യോഗങ്ങൾ വിവിധ ജില്ലകളിൽ ആരംഭിച്ചു എന്നതാണ് പുതിയ വിശേഷം. എന്നാൽ ഇരു ഗ്രൂപ്പുകൾക്കും ഇതുവരെയും സ്ഥാനാർഥി ആരെന്ന കാര്യത്തിൽ സമവായത്തിൽ എത്താൻ കഴിഞ്ഞിട്ടില്ല. അതേ സമയം കെസി വേണുഗോപാലിൻ്റെ നോമിനിയായി ബിനു ചുള്ളിയിൽ സ്ഥാനാർത്ഥിയാവും എന്ന് ഉറപ്പായി കഴിഞ്ഞു. കെസി വേണുഗോപാലിൻ്റെ നോമിനി വിജയിച്ചാൽ വീണ്ടും ഗ്രൂപ്പുകൾ ദുർബലമാവും. ഇതുകൊണ്ടുതന്നെ കരുതലോടെ നീങ്ങാനാണ് ഗ്രൂപ്പുകളുടെ തീരുമാനം.

Advertisement