2023 ജൂൺ 08 വ്യാഴം
BREAKING NEWS
👉തൃശൂർ മലബാർ ഹോട്ടലിൽ തമിഴ്നാട് സ്വദേശികളായ മൂന്ന് അംഗ കുടുംബം ആത്മഹത്യ ചെയ്ത നിലയിൽ.
👉ഹജ്ജിനുള്ള സ്ത്രീകളുടെ പ്രത്യേക സംഘം ഇന്ന് കൊച്ചിയിൽ നിന്ന് പുറപ്പെടും.
👉 മാവേലിക്കരയിൽ ആറ് വയസ്സുകാരി വെട്ടേറ്റ് മരിച്ച സംഭവത്തിൽ പിതാവിൻ്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
👉 കാനഡയിൽ കാട്ടുതീ കാരണം പുകയിൽ മുങ്ങി ന്യൂയോർക്ക് നഗരം
👉പത്തനംതിട്ട ചിറ്റാറിൽ തെളിവെടുപ്പിനിടെ ഇന് പോലീസ് കസ്റ്റഡിയിൽ നിന്നും ഇന്നലെ ചാടിപ്പോയ പോക്സോ കേസ് പ്രതി ജിതിൻ പിടിയിലായി.
👉 ലോക കേരള സഭയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയും സംഘവും പുറപ്പെട്ടു.
👉 സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത
👉 മണിപ്പൂരിൽ ആയുധവേട്ട ആരംഭിച്ചു.318 വെടി കോപ്പുകളും 5 ബോംബുകളും പിടിച്ചെടുത്തു.
കേരളീയം
🙏അറബിക്കടലില്‍ രൂപം കൊണ്ട ബിപാര്‍ജോയ് ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറി. മണിക്കൂറില്‍ 135 -145 കിലോമീറ്റര്‍ വേഗതയിലായിരിക്കും ബിപാര്‍ജോയ് ചുഴലിക്കാറ്റ് മുന്നോട്ട് പോകുക. കേരളത്തില്‍ കാറ്റോടുകൂടിയ മഴയ്ക്കു സാധ്യത.
🙏സ്‌കൂളുകളുടെ പ്രവൃത്തിദിനം 210 ദിവസമാക്കി വര്‍ധിപ്പിച്ച വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പ്രവൃത്തിദിനം 205 ദിവസമാക്കി കുറച്ചു. മധ്യവേനലവധി ഏപ്രില്‍ ആറു മുതലാകുമെന്ന പ്രഖ്യാപനവും തിരുത്തി. നിലവിലെ മാര്‍ച്ച് 31 നു തന്നെ മധ്യവേനലവധി ആരംഭിക്കും.
🙏ട്രാഫിക് നിയമലംഘനങ്ങള്‍ പിടികൂടാന്‍ ക്യാമറകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയെങ്കിലും സെര്‍വര്‍ തകരാര്‍മൂലം പിഴ ഈടാക്കാനുള്ള നടപടികളിലേക്കു കടക്കാനായില്ല. കേന്ദ്ര സര്‍ക്കാരിന്റെ വാഹന്‍ പരിവാഹന്‍ സൈറ്റിലേക്ക് കുറ്റകൃത്യങ്ങളുടെ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ കഴിയാത്തതാണു തടസം.
🙏മാര്‍ക്കു തട്ടിപ്പില്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയ്ക്കു പങ്കില്ലെന്ന് മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍. ആര്‍ഷോ മൂന്നാം സെമസ്റ്റര്‍ പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിരുന്നെന്ന മുന്‍ നിലപാട് തിരുത്തി. റീ അഡ്മിഷന്‍ എടുത്തതിനാലാണ് 2021 ബാച്ചിനൊപ്പം ഫലം വന്നതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞിരുന്നു. പ്രിന്‍സിപ്പാള്‍ കള്ളമാണു പറഞ്ഞതെന്നും താന്‍ പരീക്ഷയ്ക്ക് അപേക്ഷിച്ചതിന്റെ രേഖകള്‍ പുറത്തു വിടണമെന്നും ആര്‍ഷോ പ്രതികരിച്ചിരുന്നു.
🙏മഹാരാജാസ് കോളേജില്‍ എഴുതാത്ത പരീക്ഷ താന്‍ ജയിച്ചെന്ന് വരുത്തിത്തീര്‍ക്കാന്‍ ഗൂഢാലോചന നടന്നെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ. 2020 അഡ്മിഷനില്‍ ഉള്ള തന്നെ 2021 ലെ കുട്ടികളുടെ ഒപ്പം പരീക്ഷ എഴുതിയതായി പ്രചരിപ്പിച്ചെന്നും മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ വാക്കു മാറ്റി പറയുന്നുവെന്നും ആര്‍ഷോ പറഞ്ഞു. തനിക്കെതിരെ വ്യാജ പ്രചാരണം നടത്തി വിദ്യാര്‍ത്ഥി പ്രസ്ഥാനത്തെ ഇല്ലാതാക്കാമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
🙏എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ പ്രതിഷേധിച്ച് എറണാകുളം മഹാരാജാസ് കോളേജിലേക്ക് കെഎസ്യു പ്രകടനത്തില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ പൊലീസ് ബാരിക്കേഡ് തള്ളി മാറ്റി.
🙏നാല്‍പതു ക്രിമിനല്‍ കേസുകളില്‍ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയെ സിപിഎം സംരക്ഷിക്കുന്നതിന്റെ ദുരന്തമാണ് ഇപ്പോള്‍ മഹാരാജാസ് കോളേജും മറ്റു കാമ്പസുകളും നേരിടുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.
🙏മഹാരാജാസ് കോളേജ് വ്യാജരേഖാ കേസില്‍ കുറ്റാരോപിതയായ കെ. വിദ്യയുടെ ഗവേഷണ ഗൈഡ് സ്ഥാനത്തു നിന്ന് ബിച്ചു എക്സ്മലയില്‍ പിന്മാറി. വിദ്യ നിയമപരമായി നിരപരാധിത്വം തെളിയിരുന്നതുവരെ മാറിനില്‍ക്കുകയാണെന്ന് ബിച്ചു എക്സ്മലയിൽ കാലടി സര്‍വകലാശാലയെ അറിയിച്ചു.
🙏കൊടുവള്ളിയില്‍ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. കൊടുവള്ളി സ്വദേശി കക്കോടന്‍ നസീര്‍ (42) ആണ് മരിച്ചത്.
🙏തിരുവനന്തപുരം അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ 20 സെന്റി മീറ്റര്‍കൂടി ഉയര്‍ത്തി. ഡാമിന്റെ മൂന്നാമത്തേയും നാലാമത്തേയും ഷട്ടറുകള്‍ നേരത്തെ 10 സെന്റീ മീറ്റര്‍ വീതം ഉയര്‍ത്തിയിരുന്നു.
🙏സാമ്പത്തിക തട്ടിപ്പു കേസില്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വിഎസ് ശിവകുമാറിന്റെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി രാജേന്ദ്രനെ അറസ്റ്റു ചെയ്തു. യുഎന്‍ എംപ്ലോയ്മെന്റ് സര്‍വ്വീസ് സൊസൈറ്റിയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പു കേസിലാണ് നടപടി.
🙏ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ നീതി കിട്ടുമെന്ന് ആത്മഹത്യ ചെയ്ത അമല്‍ ജ്യോതി കോളജിലെ ബിരുദ വിദ്യാര്‍ത്ഥിനി ശ്രദ്ധയുടെ അച്ഛന്‍ സതീശന്‍. മകള്‍ മരിച്ചതിന്റെ കാരണമറിയണം. അതിനായി നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും സതീശന്‍ പറഞ്ഞു.
🙏ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളം ഒന്നാം സ്ഥാനത്ത്. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിലാണ് കേരളം മുന്നിലെത്തിയത്.
🙏പൊലീസ് ആസ്ഥാനത്തെ എഐജി ഹരിശങ്കറിന് സൈബര്‍ ഓപ്പറേഷന്റെ ചുമതല നല്‍കി. പാലക്കാട് എസ് പി മായ വിശ്വനാഥിനെ പൊലീസ് ആസ്ഥാനത്തെ പുതിയ എഐജിയായി നിയമിച്ചു. വയനാട് എസ്പി ആനന്ദിനെ പാലക്കാട് എസ് പിയാക്കി. പദം സിംഗാണ് വയനാട് എസ്പി. ഷൗക്കത്തലിയെ ആന്റി ടെററിസ്റ്റ് സ്‌ക്വാഡില്‍നിന്നു ക്രൈംബ്രാഞ്ചിലേക്കു മാറ്റി.
🙏വിഭാഗീയത അനുവദിക്കില്ലെന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ പറഞ്ഞു. വിഭാഗീയത രൂക്ഷമായ ചെര്‍പ്പുളശ്ശേരി ഏരിയ കമ്മിറ്റി പുനസംഘടിപ്പിക്കും. മുതിര്‍ന്ന നേതാവായ പി കെ ശശി, വി.കെ ചന്ദ്രന്‍ എന്നിവര്‍ക്കെതിരേ യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
🙏പാലക്കാട് പാലക്കയം കൈക്കൂലി കേസില്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ പിരിച്ചുവിടണമെന്ന റവന്യു ജോയിന്റ് സെക്രട്ടറിയുടെ ശുപാര്‍ശ മന്ത്രി അംഗീകരിച്ചു. വില്ലേജ് ഓഫീസര്‍ സജിതിനെതിരെയും നടപടിയെടുക്കണമെന്നാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശ.
🙏ആലപ്പുഴ പുന്നമ്മൂട്ടില്‍ നാലു വയസുകാരിയെ മദ്യലഹരിയില്‍ അച്ഛന്‍ മഴുകൊണ്ട് വെട്ടിക്കൊന്നു. മാവേലിക്കര പുന്നമൂട് ആനക്കൂട്ടില്‍ മഹേഷിന്റെ മകള്‍ നക്ഷത്രയാണ് കൊല്ലപ്പെട്ടത്. മഹേഷിനെ (38) പൊലീസ് അറസ്റ്റു ചെയ്തു. ആക്രമണത്തില്‍ പരിക്കേറ്റ അമ്മ സുനന്ദയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഹേഷിന്റെ ഭാര്യ രണ്ട് വര്‍ഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു.
🙏നെയ്യാറ്റിന്‍കര തിരുപുറം പുത്തന്‍ കടയില്‍ തട്ടുകട നടത്തുന്ന രാജന്റെ മകള്‍ രാഖിമോളെ (30) കൊന്നു വീട്ടുവളപ്പില്‍ കുഴിച്ചിട്ട കേസില്‍ മൂന്നു പ്രതികളും കുറ്റക്കാരെന്ന് തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി. അമ്പൂരി തട്ടാമുക്ക് അശ്വതി ഭവനില്‍ അഖില്‍ (24), അഖിലിന്റെ സഹോദരന്‍ രാഹുല്‍ (27), ഇവരുടെ സുഹൃത്ത് അമ്പൂരി തട്ടാന്‍മുക്ക് ആദര്‍ശ് നായര്‍ (23) എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.
🙏കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒരു കോടി പത്തു ലക്ഷം രൂപയുടെ സ്വര്‍ണവുമായി രണ്ടു പേര്‍ പിടിയില്‍. കാസര്‍കോട് സ്വദേശി മുഹമ്മദ് അല്‍ത്താഫ്, പയ്യന്നൂര്‍ സ്വദേശി മുഹമ്മദ് ബഷീര്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് 1797 ഗ്രാം സ്വര്‍ണം പിടികൂടി.
🙏മുത്തങ്ങ വന്യജീവി സങ്കേതത്തില്‍ കാട്ടാനയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച യുവാവിനു പിറകെ ആന ഓടി. തമിഴ്നാട് സ്വദേശിയായ യുവാവ് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. വിനോദ സഞ്ചാരികള്‍ ബഹളംവച്ചതോടെ ആന പിന്തിരിയുകയായിരുന്നു. യുവാവിനെ വാഹനം സഹിതം കസ്റ്റഡിയിലെടുത്ത വനം വകുപ്പ് നാലായിരം രൂപ പിഴയടപ്പിച്ചാണ് വിട്ടയച്ചത്.
ദേശീയം
🙏ബിജെപി നേതാവും എംപിയുമായ ബ്രിജ് ഭൂഷണിനെതിരായ ലൈംഗിക പീഡന പരാതികളില്‍ ഈ മാസം 15 നകം കുറ്റപത്രം സമര്‍പ്പിക്കും.
🙏ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കാതെ യാത്ര തീയതിയില്‍ മാറ്റം വരുത്താവുന്ന സൗകര്യവുമായി ഐആര്‍സിടിസി. തീയതിയില്‍ മാറ്റം വരുത്തുന്നതിന് അധിക പണം നല്‍കേണ്ടതില്ല. 48 മണിക്കൂര്‍ മുമ്പ് റിസര്‍വേഷന്‍ കൗണ്ടറില്‍ സ്ഥിരീകരിച്ച ടിക്കറ്റ് സറണ്ടര്‍ ചെയ്താല്‍ തീയതി മാറ്റാം. ഉയര്‍ന്ന ക്ലാസിലേക്ക് അപ്ഗ്രേഡ് ചെയ്യാനുള്ള അവസരവുമുണ്ട്.
🙏ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ ഈ മാസം 23 നു പാറ്റ്നയില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം. മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ഗാന്ധി, മമത ബാനര്‍ജി, എം.കെ. സ്റ്റാലിന്‍, അരവിന്ദ് കേജരിവാള്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് പറഞ്ഞു. ഈ മാസം 12 നു നടത്താനിരുന്ന യോഗം 23 ലേക്കു മാറ്റിവച്ചതാണ്.
🙏ഒഡിഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ ഭര്‍ത്താവ് മരിച്ചതായി വ്യാജമായി അവകാശപ്പെട്ട് നഷ്ടപരിഹാര തുക സ്വന്തമാക്കാന്‍ ശ്രമിച്ച സ്ത്രീക്കെതിരേ കേസ്. കട്ടക്ക് ജില്ലയിലെ മണിബണ്ട സ്വദേശിനിയായ ഗീതാഞ്ജലി ദത്തയാണ് ഭര്‍ത്താവ് ബിജയ് ദത്ത മരിച്ചതായി കാണിച്ച് നഷ്ടപരിഹാര തുക നേടിയെടുക്കാന്‍ ശ്രമിച്ചത്.
🙏കര്‍ണാടകത്തില്‍ ഏറ്റവും പുതിയ സാമ്പത്തിക- ജാതി സര്‍വേ കണക്കുകള്‍ പുറത്തുവിടുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. പിന്നാക്ക വിഭാഗങ്ങളുടെ കൂട്ടായ്മയായ ശോഷിത വര്‍ഗകള മഹാ ഒക്കൂട്ടയുടെ പ്രതിനിധികള്‍ക്കാണ് സിദ്ധരാമയ്യ ഉറപ്പ് നല്‍കിയത്.
🙏ഉത്തര്‍ പ്രദേശില്‍ പൊലീസ് കസ്റ്റഡിയില്‍ ഗുണ്ടാനേതാവായ പ്രതി വെടിയേറ്റു മരിച്ചു. ലക്നോ കോടതി പരിസരത്ത് സഞ്ജീവ് ജീവയാണ് കൊല്ലപ്പെട്ടത്. ബിജെപി നേതാവ് ബ്രഹ്‌മദത്ത് ദ്വിവേദിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാള്‍. വെടിവയ്പില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
🙏ഒഡീഷയില്‍ ട്രെയിനിന് അടിയില്‍പ്പെട്ട് നാലു പേര്‍ മരിച്ചു. ജജ്പൂര്‍ റോഡ് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഗുഡ്സ് ട്രെയിനിന് അടിയില്‍ കിടന്ന് ഉറങ്ങിയവരാണ് മരിച്ചത്.
🙏ഗുജറാത്തിലെ ജാംനഗറിലെ പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ. ഗൗരവ് ഗാന്ധി (41) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. പതിനാറായിരത്തിലേറെ ഹൃദയ ശസ്ത്രക്രിയകള്‍ നടത്തിയ വിദഗ്ധനാണ് മരിച്ചത്.
🙏ദൂരദര്‍ശനിലെ ആദ്യകാല ഇംഗ്ളീഷ് വാര്‍ത്താ അവതാരക ഗീതാഞ്ജലി അയ്യര്‍ അന്തരിച്ചു. 71 വയസ്സായിരുന്നു.
അന്തർദേശീയം
🙏മുന്‍ കാമുകിയായ സിംബാബ് വേയിലെ വ്യവസായി ചെല്‍സി ഡേവിയുമായുള്ള തന്റെ പ്രണയം തകര്‍ത്തതു മാധ്യമങ്ങളാണെന്നു ഹാരി രാജകുമാരന്‍. താന്‍ ഒറ്റയ്ക്കു നില്‍ക്കുന്നതു കാണാനാണ് ടാബ്ലോയിഡുകള്‍ക്കു താല്‍പര്യം. മിറര്‍ ടാബ്ലോയിഡിനെതിരായ കേസില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഹാരി ഇങ്ങനെ പറഞ്ഞത്.
കായികം
🙏ഇന്ത്യക്കെതിരായ ലോക ടെസ്റ്റ് ക്രിക്കറ്റ് ഫൈനലിന്റെ ആദ്യ ദിനം ഓസ്ട്രേലിയ 327 ന് 3 എന്ന ശക്തമായ നിലയില്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയക്ക് ആദ്യ മൂന്ന് വിക്കറ്റുകള്‍ 76 റണ്‍സെടുക്കുന്നതിനിടയില്‍ നഷ്ടമായി. 146 റണ്‍സെടുത്ത ട്രാവിസ് ഹെഡിന്റേയും 95 റണ്‍സെടുത്ത സ്റ്റീവ് സ്മിത്തിന്റേയും അപരാജിത നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് ഓസ്ട്രേലിയയെ ശക്തമായ നിലയില്‍ എത്തിച്ചത്.
🙏അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇനി മുതല്‍ യുഎസ്എയിലെ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിയില്‍. മുന്‍ ഇംഗ്ലണ്ട് ഇതിഹാസ താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഫുട്ബോള്‍ ക്ലബ്ബായ ഇന്റര്‍ മയാമിയിലേക്ക് പോകുന്ന കാര്യം മെസി സ്ഥിരീകരിച്ചു. പ്രതിവര്‍ഷം 54 ദശലക്ഷം ഡോളര്‍, ഏകദേശം 445 കോടി രൂപയുടെ നാല് വര്‍ഷത്തേക്കുള്ള ഓഫറാണ് മിയാമി മെസ്സിക്ക് മുന്നില്‍ വെച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.