കൊല്ലം: സംസ്ഥാനത്ത് ട്രോളിങ് നിരോധനത്തിന് നാളെ അര്‍ധ രാത്രി മുതല്‍ തുടക്കമാകും. ജൂലൈ 31 അര്‍ധരാത്രിവരെയാണ് നിരോധനം. നിരോധനത്തെ തുടര്‍ന്ന് ദിവസങ്ങളോളം കടലില്‍ കഴിയുന്ന വലിയ ബോട്ടുകള്‍ ഇന്നത്തോടെ മടങ്ങിയെത്തും. ഇതര സംസ്ഥാന ബോട്ടുകളും തീരം വിടും. നിരോധനം നിലവില്‍ വന്നശേഷം 48 മണിക്കൂര്‍ കൂടി ഹാര്‍ബര്‍ തുറന്നു കൊടുക്കും. എന്നാല്‍ പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിനു വിലക്കില്ല.
പ്രകൃതിക്ഷോഭത്തില്‍ വള്ളങ്ങള്‍ അപകടത്തില്‍പെട്ടാല്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനു ഫിഷറീസ് വകുപ്പ് ബോട്ടുകള്‍ സജ്ജമാക്കിയിട്ടുണ്ട്. എന്നാല്‍ ബോട്ടുകളില്‍ പോയിരുന്ന മല്‍സ്യത്തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമാകും. അനുബന്ധ മേഖലയില്‍ പണിയെടുക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കണമെന്നാണ് മല്‍സ്യത്തൊഴിലാളികളുടെ ആവശ്യം.
പ്രധാനപ്പെട്ട തീരദേശ മേഖലയായ നീണ്ടകര, തങ്കശ്ശേരി, അഴീക്കല്‍ തുറമുഖകളില്‍ നിരോധനം കൂടുതല്‍ ശക്തമാക്കും. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ ഉള്‍പ്പെടെ പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്ക് നീണ്ടകര ഹാര്‍ബര്‍ തുറന്നുകൊടുക്കും. ഇന്ധന പമ്പുകളുടെ ഉടമകള്‍/ഓപ്പറേറ്റര്‍മാര്‍ എന്നിവര്‍ക്ക് ഇന്ധന ബങ്കുകള്‍ അടച്ചിടാനും ഒരു തരത്തിലുമുള്ള ഇന്ധനങ്ങളും ജൂലൈ 28 വരെ വില്ക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ട്രോളിംഗ് നിരോധന കാലയളവിലെ അവസാന മൂന്ന് ദിവസങ്ങളിലെ ഇന്ധന നിരോധനം ഒഴിവാക്കിയിട്ടുണ്ട്. അയല്‍ സംസ്ഥാനങ്ങളിലെ ഫിഷിങ് ബോട്ടുകള്‍ ട്രോളിംഗ് നിരോധനം ആരംഭിക്കുന്നതിന് മുമ്പ് തീരം വിട്ടതായി ഉറപ്പാക്കണം. മേല്‍പറഞ്ഞ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ പോലീസ്, പോര്‍ട്ട് ഓഫീസര്‍, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം തുടങ്ങിയവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.