കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മഹേഷ് കുഞ്ഞുമോന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായി. നടന് ബിനീഷ് ബാസ്റ്റിനാണ് ഫെയ്സ്ബുക്കിലൂടെ വിവരം അറിയിച്ചത്. ഓപ്പറേഷന് പൂര്‍ത്തിയായെന്നും കുഴപ്പമൊന്നുമില്ലെന്നും ബിനീഷ് ബാസ്റ്റിന് കുറിച്ചു.
അമൃത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മഹേഷിന്റെ മുഖത്തും പല്ലുകള്‍ക്കുമായിരുന്നു പരിക്ക്. ഒന്‍പതു മണിക്കൂര്‍ നീളുന്ന ശസ്ത്രക്രിയയാണ് നടത്തുന്നതെന്നും എല്ലാവരുടെയും പ്രാര്‍ഥന ഉണ്ടാകണമെന്നും മഹേഷിന്റെ സുഹൃത്തുക്കള്‍ അഭ്യര്‍ത്ഥിച്ചിരുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു കൊല്ലം സുധിയും സംഘവും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെടുന്നത്. തൃശൂര്‍ കയ്പമംഗലത്തുവച്ച് ഇവര്‍ സഞ്ചരിച്ച കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ സുധിയെ അടുത്തുള്ള കൊടുങ്ങല്ലൂര്‍ എആര്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പക്ഷേ, ജീവന് രക്ഷിക്കാനായില്ല. ബിനു അടിമാലിയും ഉല്ലാസ് അരൂരും എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. മഹേഷ് കുഞ്ഞുമോനെ വിദഗ്ധ ചികിത്സയ്ക്കായി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബിനു അടിമാലി അപകടനില തരണം ചെയ്തു. എല്ലിന് പൊട്ടലേറ്റ ഉല്ലാസും ചികിത്സയില്‍ തുടരുകയാണ്.