‘എസ്എഫ്ഐ ലക്ഷണമൊത്ത ഭീകരസംഘമായി മാറി; നയിക്കുന്നത് കൊടും ക്രിമിനലുകൾ’

Advertisement

തിരുവനന്തപുരം: ലക്ഷണമൊത്ത ഭീകരസംഘമായി കേരളത്തിൽ എസ്എഫ്ഐ മാറിയെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. കൊടും ക്രിമിനലുകളാണ് എസ്എഫ്ഐ നയിക്കുന്നത്. മഹാരാജാസ് കോളജിലെ വിഷയത്തിൽ കെ.വിദ്യയെ തള്ളിപ്പറഞ്ഞ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയെ രക്ഷിക്കാനാണു സിപിഎം ശ്രമം. ഇ.പി.ജയരാജന്റെയും പി.കെ.ശ്രീമതിയുടെയും അഭിപ്രായപ്രകടനങ്ങൾ ഈ ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.

‘‘അധ്യാപകരെയും കോളജ് അധികൃതരെയും ഭീഷണിയുടെ മുൾമുനയിൽ നിർത്തി വരുതിയിലാക്കിയാണ് എസ്എഫ്ഐ നേതാക്കൾ കാര്യങ്ങൾ നേടുന്നത്. സിപിഎം നേതാക്കളുടെ അറിവോടെയാണ് ഇതെല്ലാം നടക്കുന്നത്. എസ്എഫ്ഐ നേതാക്കളാരും ക്യാംപസുകളിൽ പോയി പഠിക്കുന്നവരല്ല. അവരെ പരീക്ഷകളിൽ ജയിപ്പിക്കാമെന്ന കരാർ സിപിഎം ഏറ്റെടുത്തിട്ടുണ്ട്’’ – അദ്ദേഹം പറഞ്ഞു.

‘‘മഹാരാജാസ് കോളജിലെ സംഭവത്തിൽ കേരള പൊലീസ് അന്വേഷിച്ചാൽ ഒരു കാര്യവും തെളിയില്ല. ഉന്നത വിദ്യാഭ്യാസ രംഗത്തു നടക്കുന്ന ഇത്തരം പ്രശ്നങ്ങളിലെ വസ്തുതകൾ പുറത്തുവരേണ്ടതു കേരളത്തിലെ ജനങ്ങളുടെ ആവശ്യമാണ്. പാർട്ടി തലത്തിൽ അന്വേഷിക്കാൻ അതു സിപിഎമ്മിന്റെ മാത്രം വിഷയമല്ല. യാഥാർഥ്യം പുറത്തുവരാൻ കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിക്കാൻ സർക്കാർ തയാറാകണം’’– സുരേന്ദ്രൻ ആവശ്യപ്പെട്ടു.