തിരുവനന്തപുരം: 12 വർഷം മുൻപ് കാണാതായ യുവതിയുടെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ ഉണ്ടെന്ന ബന്ധുക്കളുടെ സംശയത്തെ തുടർന്ന് പൊലീസ് പരിശോധന നടത്തി. പാങ്ങോട് പഴവിള സ്വദേശി ഷാമിലയെ (42) കാണാതായതുമായി ബന്ധപ്പെട്ട കേസിലായിരുന്നു പരിശോധന. എന്നാൽ, പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
രണ്ടു മക്കളെയും വക്കത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടിൽ കൊണ്ടുവിട്ട ശേഷം മലപ്പുറത്ത് വീട്ടുജോലിക്ക് പോകുന്നതായി പറഞ്ഞാണ് ഷാമില പോയത്. പിന്നീട് വിവരമൊന്നും ലഭിച്ചില്ല. ഒരു വർഷം മുൻപ് ഷാമിലയുടെ മകൾ പാങ്ങോട് പൊലീസിൽ പരാതി നൽകി.
അന്വേഷണം നടക്കുന്നതിനിടെയാണ് പാങ്ങോട് സിഐയുടെ നേതൃത്വത്തിൽ വീടിന്റെ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധിച്ചത്. ഷാമിലയുടെ സഹോദരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. മുൻപ് ഒരു സംഘടനയുടെ ഓഫിസാണ് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നത്.
സഹോദരൻ ദേഹോപദ്രവം ഏൽപിക്കുന്നു എന്ന് ഷാമില സഹോദരിയോട് പറഞ്ഞിരുന്നു. സംഭവത്തിൽ പാങ്ങോട് പൊലീസ് ചില ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കൊലപാതകം ആകാനുള്ള സാധ്യതയുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് സെപ്റ്റിക് ടാങ്കിൽ പരിശോധന നടത്തിയത്.