സോളാർ കേസിലെ സിപിഐ നേതാവ് സി ദിവാകരൻ്റെ വെളിപ്പെടുത്തൽ നേതൃത്വം ഗൗരവമായി എടുത്തില്ല, കോണ്‍ഗ്രസില്‍ വാളെടുത്ത് എ ഗ്രൂപ്പ്

Advertisement

തിരുവനന്തപുരം.കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനങ്ങളാവർത്തിച്ച് എ ഗ്രൂപ്പ്. സോളാർ കേസിലെ സിപിഐ നേതാവ് സി ദിവാകരൻ്റെ വെളിപ്പെടുത്തൽ നേതൃത്വം ഗൗരവമായി എടുത്തില്ലെന്ന് വിമർശനം. പുനസംഘടനാ വിവാദത്തിന് പിന്നാലെയാണ് പരസ്യ പ്രതികരണവുമായി സംസ്ഥാന നേതൃത്വത്തെ എ ഗ്രൂപ്പ് പ്രതിരോധത്തിലാക്കുന്നത്.

സോളാർ കേസിലെ ജുഡീഷ്യൽ അന്വേഷണ കമ്മീഷനെതിരായ സിപിഐ നേതാവ് സി. ദിവാകരൻ്റെ വെളിപ്പെടുത്തലാണ് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരായ എ ഗ്രൂപ്പിന്റെ പുതിയ ആയുധം. കോടികൾ വാങ്ങിയാണ് കേസിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയതെന്ന വെളിപ്പെടുത്തൽ ഗൗരവമായിരുന്നു. എന്നാൽ ആ വിഷയത്തിൽ വേണ്ടവിധത്തിൽ ഇടപെടാൻ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. വിഷയത്തിൽ കോൺഗ്രസ് നേതൃത്വത്തിന് വീഴ്ച സംഭവിച്ചു എന്ന് പരസ്യമായി വിമർശിച്ച് എ ഗ്രൂപ്പ് നേതാവ് കെ സി ജോസഫ് രംഗത്തെത്തി.

പുനഃസംഘടനയിലെ വിവാദങ്ങൾക്ക് പിന്നാലെ നേതൃത്വത്തിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനമുന്നയിക്കാൻ എ ഗ്രൂപ്പ് തീരുമാനിച്ചിരുന്നു. കഴിഞ്ഞദിവസം ബാംഗ്ലൂരിൽ ഉമ്മൻചാണ്ടിയെ സന്ദർശിച്ച ശേഷം ഹൈക്കമാൻഡിന് ഉൾപ്പെടെ നേതൃത്വത്തിനെതിരെ പരാതി നൽകാൻ ഒരുങ്ങുകയാണ് എ ഗ്രൂപ്പ്. അതിൻ്റെ ഭാഗമാണ് സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചകൾ ഓരോന്നും ചൂണ്ടിക്കാണിച്ചുള്ള എ ഗ്രൂപ്പിൻ്റെ പരസ്യ പ്രതികരണം.

Advertisement