ഇ.പിക്കെതിരായ കേസ് എഴുതിത്തള്ളുന്നു; എതിർപ്പുണ്ടെങ്കിൽ അറിയിക്കാൻ പരാതിക്കാർക്ക് നോട്ടിസ്

Advertisement

തിരുവനന്തപുരം: 2022 ജൂണിൽ വിമാനത്തിനുള്ളിൽ ഉണ്ടായ സംഘർഷത്തിൽ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെതിരെ റജിസ്റ്റർ ചെയ്ത കേസിൽ പൊലീസ് അന്വേഷണം അവസാനിപ്പിക്കുന്നു. സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇൻഡിഗോ വിമാനത്തിനുള്ളിൽ പ്രതിഷേധിക്കുന്നതിനിടെ മർദിച്ച ഇ.പി.ജയരാജനെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാക്കളായ ഫർസീൻ മജീദ്, നവീൻകുമാർ എന്നിവരാണ് കോടതിയെ സമീപിച്ചത്. കോടതി നിർദേശപ്രകാരമാണ് വലിയതുറ പൊലീസ് കേസെടുത്തത്. ഈ കേസ് എഴുതിത്തള്ളാനാണ് പൊലീസ് നീക്കം.

വലിയതുറ പൊലീസ് കണ്ണൂരിലെത്തിയാണ് പരാതിക്കാർക്കു നോട്ടിസ് കൈമാറിയത്. പൊലീസ് റിപ്പോർട്ടിൽ പരാതിയുണ്ടെങ്കിൽ ഒരാഴ്ചയ്ക്കുള്ളിൽ കോടതിയെ സമീപിക്കാമെന്നും നിർദേശിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ് നേതാക്കളുടെ പരാതി കളവാണെന്നാണ് വലിയതുറ പൊലീസ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നത്. യൂത്ത് കോൺഗ്രസിന്റെ പരാതിയിൽ മുഖ്യമന്ത്രിയുടെ പഴ്സണൽ സ്റ്റാഫുകളായ അനിൽ കുമാർ, വി.എം.സുനീഷ് എന്നിവർക്കെതിരെയും കേസെടുത്തിരുന്നു. പരാതി നൽകിയെങ്കിലും പൊലീസ് കേസെടുക്കാത്തതിനെ തുടർന്നാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ കോടതിയെ സമീപിച്ചത്.

2022 ജൂണിലാണ് ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടന്നത്. യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി നവീൻ കുമാർ, യൂത്ത് കോൺഗ്രസ് മട്ടന്നൂർ മണ്ഡലം സെക്രട്ടറി സുനിത്ത് എന്നിവരാണ് പ്രതിഷേധിച്ചത്. കണ്ണൂരിൽനിന്നു വിമാനം തിരുവനന്തപുരത്ത് ലാൻഡ് ചെയ്തപ്പോൾ കറുത്ത വസ്ത്രമണിഞ്ഞ യൂത്ത് കോൺഗ്രസ് നേതാക്കൾ മുദ്രാവാക്യം വിളിച്ച് മുഖ്യമന്ത്രിക്ക് അടുത്തേക്ക് ചെന്നു.

ഇതിനിടെ, മുഖ്യമന്ത്രിയുടെ മുന്നിലുണ്ടായിരുന്ന ഇ.പി.ജയരാജൻ പ്രതിഷേധിച്ച ഒരാളെ നിലത്തേക്കു തള്ളിയിട്ടു. പിന്നീട് പൊലീസെത്തി യൂത്ത് കോൺഗ്രസുകാരെ അറസ്റ്റു ചെയ്തു. വധശ്രമം, ഓദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, കുറ്റക്കരമായ ഗൂഢാലോചന, വിമാനത്തിന്റെ സുരക്ഷിതത്വത്തിന് ഹാനികരമായ രീതിയിൽ അക്രമം കാട്ടൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തത്. വിമാന കമ്പനിക്കെതിരെ പ്രതിഷേധിച്ച ഇ.പി.ജയരാജൻ ഇൻഡിഗോയിലെ ഇനി യാത്ര ചെയ്യില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.