മലപ്പുറം.കേരളത്തിൽ നിന്ന് ഹജ്ജിന് പുറപ്പെടുന്ന വനിതാ തീത്ഥാടകർക്ക് മാത്രമായുള്ള വിമാനങ്ങൾ പുറപ്പെട്ടു.
ആദ്യ വിമാനം കരിപ്പൂർ വിമാനത്താവളത്തിൽ കേന്ദ്ര ന്യുനപക്ഷ കാര്യ സഹ മന്ത്രി ജോൺ ബർല ഫ്ലാഗ് ഓഫ് ചെയ്തു.
വനിതകള്‍ നിയന്ത്രിച്ച ഹജ്ജ് വിമാനം സൌദിയിലെത്തി. യാത്രക്കാര്‍ക്ക് പുറമെ ഈ വിമാനത്തിലെ പൈലറ്റും ജീവനക്കാരുമെല്ലാം സ്ത്രീകള്‍ ആയിരുന്നു. തിങ്കളാഴ്ച വരെ 11 വിമാനങ്ങളാണ് കരിപ്പൂരില്‍ നിന്നും വനിതാ തീര്‍ഥാടകര്‍ക്ക് മാത്രമായി സര്‍വീസ് നടത്തുന്നത്.
….
വനിതകളായ ഹജ്ജ് തീര്‍ഥാടകര്‍ക്ക് മാത്രമായി കരിപ്പൂരില്‍ നിന്നും സര്‍വീസ് നടത്തിയ ആദ്യത്തെ വിമാനം ഇന്നലെ രാത്രി സൌദി സമയം 10:30-നു ജിദ്ദയിലെത്തി. എയര്‍ ഇന്ത്യ എക്സ്പ്രസില്‍ യാത്രക്കാര്‍ മാത്രമല്ല, പൈലറ്റും മറ്റ് ജീവനക്കാരുമെല്ലാം വനിതകള്‍ മാത്രമായിരുന്നു. 145 വനിതാ തീര്‍ഥാടകരും 2 വനിതാ പൈലറ്റുമാരും, 4 മറ്റ് വനിതാ ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ജിദ്ദ വിമാനത്താവളത്തില്‍ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം, പത്നി ഡോ ശകീല ഷാഹിദ് എന്നിവരുടെ നേതൃത്വത്തില്‍ തീര്‍ഥാടകരെ സ്വീകരിച്ചു. മലയാളി സന്നദ്ധ സംഘടനാ പ്രതിനിധികളും തീര്‍ഥാടകരുടെ സേവനത്തിനായി വിമാനത്താവളത്തില്‍ ഉണ്ടായിരുന്നു. പുരുഷന്മാര്‍ കൂടെയില്ലെങ്കിലും കരിപ്പൂരിലെ ഹജ്ജ് ഹൌസില്‍ എത്തിയത് മുതല്‍ സൌദിയില്‍ എത്തുന്നത് വരെ ലഭിച്ചതു മികച്ച സൌകര്യങ്ങളും സേവനങ്ങളുമാണെന്ന് തീര്‍ഥാടകര്‍ സാക്ഷ്യപ്പെടുത്തുന്നു.
വിമാനത്തിന്‍റെ ഡെസ്പാച്ച്, ഫ്ളൈറ്റ് ഓപ്പറേഷൻ, ലോഡിങ്ങ്, ക്ലീനിങ്ങ്, എഞ്ചിനീയറിങ്ങ്, ഗ്രൗണ്ട് സർവ്വീസ് തുടങ്ങി എല്ലാ പ്രവർത്തനങ്ങളും നിർവ്വഹിച്ചത് സ്ത്രീകള്‍ ആയിരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും വനിതാ തീര്‍ഥാടകര്‍ക്ക് മാത്രമായി തിങ്കളാഴ്ച വരെ 11 വിമാനങ്ങള്‍ സര്‍വീസ് നടത്തും. കണ്ണൂരില്‍ നിന്നും ജൂണ്‍ 11 മുതല്‍ 14 വരെ വനിതാ തീര്‍ഥാടകര്‍ക്കായി 3 വിമാനങ്ങള്‍ സര്‍വീസ് നടത്തും. കൊച്ചിയില്‍ നിന്നു ജൂണ്‍ പത്തിനാണ് വനിതാ തീര്‍ഥാടകര്‍ക്കുള്ള വിമാന സര്‍വീസ്.