ഇന്‍കംടാക്‌സ് ചീഫ് കമ്മീഷണറുടെ വ്യാജ ലെറ്റര്‍ തയ്യാറാക്കി മരുമകന്‍ പ്രവാസി വ്യവസായിയില്‍ നിന്നു തട്ടിയത് 108 കോടി,ഒടുവില്‍ പിടി

Advertisement

ബംഗളുരു. പ്രവാസി വ്യവസായിയില്‍ നിന്നു 108 കോടി മരുമകന്‍ തട്ടിയെടുത്ത കേസില്‍ അന്വേഷണം നേരിടുന്ന കാസര്‍ഗോഡ് സ്വദേശി ഹാഫിസ് മുഹമ്മദിനെ ബംഗളുരുവില്‍ വച്ച് ഗോവ പൊലീസ് അറസ്റ്റ് ചെയ്തു.

ഗോവ – ബംഗ്‌ളുരു ഇന്‍കംടാക്‌സ് ചീഫ് കമ്മീഷണറുടെ വ്യാജ ലെറ്റര്‍ തയ്യാറാക്കി പണം തട്ടിയ കേസിലാണ് അറസ്റ്റ്. . ആദ്യം ഗോവയിലെ ഹാഫിസിന്റെ അഡ്രസ്സില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് ബംഗ് ളുരുവില്‍ നിന്നും അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.

ഹാഫിസ് ഉന്നത ഇന്‍കംടാക്‌സ് ഓഫീസറുടെ പേരില്‍ വ്യാജ സീലും ഒപ്പുമിട്ട് തയ്യാറാക്കി വാട്‌സ് ആപ്പ് വഴി അയച്ചു നല്‍കിയ ലെറ്റര്‍ ഹെഡ് ഉള്‍പ്പെടെയുള്ള രേഖകള്‍ ഉള്‍പ്പെടെ ഗോവ പൊലീസിന്റെ കൈവശം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. എറണാകുളം മരടിലെയും ബാംഗ്ലൂരിലെയും വിവിധ കെട്ടിടങ്ങളുടെ കച്ചവടത്തിന്റെ കാരണം പറഞ്ഞ് വ്യാജ രേഖകളും മറ്റും നല്‍കി വിശ്വസിപ്പിച്ച്, ദുബായില്‍ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന ലാഹിര്‍ ഹസ്സന്റെ എന്‍.ആര്‍.ഐ അക്കൗണ്ടില്‍ നിന്നും 108 കോടിയോളം രൂപ മരുമകന്‍ തട്ടിയെടുത്ത സംഭവം മുന്‍പ് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഈ കേസില്‍ നിലവില്‍ ഹാഫിസിനു പുറമെ അദ്ദേഹത്തിന്റെ സുഹൃത്തായ എറണാകുളം സ്വദേശി അക്ഷയ് അടക്കമുള്ളവരും പ്രതിയാണ്. അക്ഷയ് ആണ് വ്യാജ രേഖകള്‍ പലതും ഹാഫിസിന് നിര്‍മ്മിച്ചു കൊടുത്തത് എന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ അക്ഷയ് യുടെ വീട്ടില്‍ കൊച്ചിയിലെ ക്രൈംബ്രാഞ്ച് സംഘം റെയ്ഡ് നടത്തി ലാപ് ടോപ് ഉള്‍പ്പെടെ പിടിച്ചെടുത്തിരുന്നു. ഇതിപ്പോള്‍ ഫോറന്‍സിക് പരിശോധനക്കായി അയച്ചിരിക്കുകയാണ്. ഇതിനിടെയാണിപ്പോള്‍ ഹാഫിസ് മുഹമ്മദ് ഗോവ പൊലീസിന്റെ പിടിയില്‍ ആയിരിക്കുന്നത്.

എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസറുടെ ഉള്‍പ്പെടെ വ്യാജ ലെറ്റര്‍ സംബന്ധിച്ച അക്ഷയ് യുടെ കുറ്റസമ്മത ഓഡിയോ ക്ലിപ്പുകളും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ഗോവ ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ നാരായന്‍ ചിമുല്‍ക്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഗോവയിലേക്കു കൊണ്ടു പോയ പ്രതിയെ അവിടെ കോടതിയില്‍ ഹാജരാക്കും. കൊച്ചിയിലെയും ബംഗ്‌ളുരുവിലെയും വിവിധ കെട്ടിടങ്ങളുടെ വില്‍പ്പനയുടെ പേരുപറഞ്ഞ് വ്യാജ രേഖകള്‍ ചമച്ച് കോടികള്‍ തട്ടിയെടുത്ത പരാതിയില്‍ നിലവില്‍ ഹാഫിസിനെതിരെ എറണാകുളം ക്രൈംബ്രാഞ്ചിലും കേസുണ്ട്. പ്രവാസി വ്യവസായി ലാഹിര്‍ ഹസ്സന്‍ നല്‍കിയ പരാതിയിലാണ് ഇതു സംബന്ധമായ അന്വേഷണം നടക്കുന്നത്. ഹാഫിസിന് തന്റെ എന്‍.ആര്‍.ഐ അക്കൗണ്ട് മുഖാന്തരം നല്‍കിയ മുഴുവന്‍ പണത്തിന്റെയും രേഖകളും ലാഹിര്‍ ഹസ്സന്‍ കൈമാറിയിട്ടുണ്ട്. ഈ കേസ് ആദ്യം അന്വേഷിച്ചിരുന്ന ആലുവ ഡിവൈ.എസ്.പി ഉള്‍പ്പെടെയുള്ളവര്‍ കേസ് അട്ടിമറിക്കുമെന്ന പരാതിയെ തുടര്‍ന്നാണ് അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നത്. ഇതിനു പുറമെ ഹാഫിസ് അനധികൃതമായി തട്ടിയെടുത്ത 108 ഓളം കോടി രൂപ ഏതൊക്കെ അക്കൗണ്ടിലാണ് പോയതെന്നത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് , ലാഹിര്‍ ഹസ്സന്റെ മകള്‍ ഡി.ജി.പിക്ക് നല്‍കിയ പരാതിയിലും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.

കാസര്‍ഗോഡ് ചേര്‍ക്കള സ്വദേശി ഹാഫിസ് കുതിരോളി വിവാഹം ചെയ്തിരുന്നത് ലാഹിര്‍ ഹസ്സന്റെ മകള്‍ ഹാജിറയെ ആയിരുന്നു. ഹാഫിസിന്റെ ക്രിമിനല്‍ സ്വഭാവവും തട്ടിപ്പു സംഭവങ്ങളും മനസ്സിലാക്കിയതോടെ ഇപ്പോള്‍ വിവാഹ മോചനത്തിന് നടപടി സ്വീകരിച്ച് മുന്നോട്ട് പോവുകയാണെന്നും ഹാജിറയും ലാഹിര്‍ ഹസ്സനും പൊലീസിനു നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹാഫിസ് തന്റെ പിതാവില്‍ നിന്നും മാത്രമല്ല, മറ്റു പലരുടെയും അടുത്ത് നിന്നും പണം തട്ടിപ്പ് നടത്തിയതായാണ് അറിവെന്നും, അങ്ങനെയാണെങ്കില്‍ 108 നും പുറമെ പിന്നെയും ഒരുപാട് കോടികള്‍ തട്ടിയെടുത്തിട്ടുണ്ടാകുമെന്നുമാണ് ഹാജിറ കേരള പൊലീസിനു നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഈ പണമെല്ലാം എന്തിനു വേണ്ടിയാണ് ഹാഫിസ് ഉപയോഗിച്ചതെന്നത് പ്രത്യേകമായി തന്നെ അന്വേഷിക്കണമെന്നതാണ് ഹാജിറയുടെ ആവശ്യം.അതിനായി അവര്‍ പരാതിയില്‍ പറയുന്ന കാരണവും ഗൗരവമുള്ളതായിരുന്നു. ഏതെങ്കിലും തരത്തിലുള്ള നിയമ വിരുദ്ധ പ്രവര്‍ത്തികള്‍ നടത്തുന്നവരുടെ കൈവശത്തേക്കും ഹാഫിസിന്റെ അക്കൗണ്ടില്‍ നിന്നും പണം പോയിട്ടുണ്ടോ എന്ന സംശയമാണ് ഹാജിറ പ്രകടിപ്പിച്ചിരുന്നത്.

ഇതിനായി ഹാഫിസ് മുഹമ്മദിന്റെ എല്ലാ ബാങ്ക് അക്കൗണ്ടുകളും , ഫോണ്‍ നമ്ബറുകളും , വാട്‌സ് അപ്പ്, ടെലഗ്രാം , ഇമെയില്‍ തുടങ്ങിയ അക്കൗണ്ടുകളുടെ ചാറ്റ് ഹിസ്റ്ററിയും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും അവര്‍ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

Advertisement